നിങ്ങള്‍ ക്യൂവിലാണ്; കാത്തിരിപ്പ് തുടരും

Posted on: November 11, 2016 11:18 am | Last updated: November 11, 2016 at 11:18 am
മലപ്പുറം പോസ്റ്റ് ഓഫീസില്‍ നിന്ന് ആയിരത്തിന്റെ നോട്ടുകള്‍ മാറാനായി അപേക്ഷ പൂരിപ്പിച്ച് കാത്തിരിക്കുന്നയാള്‍. മലപ്പുറം പോസ്റ്റ് ഓഫീസില്‍ നിന്നും ആയിരത്തിന്റെ നോട്ടുകള്‍ മാറ്റി പുറത്തേക്ക് വരുന്ന വൃദ്ധന്‍.
മലപ്പുറം പോസ്റ്റ് ഓഫീസില്‍ നിന്ന് ആയിരത്തിന്റെ നോട്ടുകള്‍ മാറാനായി അപേക്ഷ പൂരിപ്പിച്ച് കാത്തിരിക്കുന്നയാള്‍. മലപ്പുറം പോസ്റ്റ് ഓഫീസില്‍ നിന്നും ആയിരത്തിന്റെ നോട്ടുകള്‍ മാറ്റി പുറത്തേക്ക് വരുന്ന വൃദ്ധന്‍.

മലപ്പുറം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള രണ്ടാം ദിവസവും ജനങ്ങള്‍ വലഞ്ഞു. ഇന്നലെ പണം മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമായി ബേങ്കുകള്‍ക്കും പോസ്റ്റോഫീസുകള്‍ക്ക് മുന്നിലും രാവിലെ മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വരി നിന്നെങ്കിലും ആവശ്യമായ പണം ലഭിക്കാതെ മടങ്ങേണ്ടി വന്നു. ഉച്ചയോടെ ക്യൂ റോഡിലേക്ക് നീണ്ടു. പലരും തിരക്ക് കണ്ട് തിരിച്ച് പോവുകയും ചെയ്തു. എല്ലാ ബേങ്കുകളിലും നൂറിന്റെ നോട്ടുകള്‍ വേഗത്തില്‍ തീര്‍ന്നതോടെ അത്യാവശ്യക്കാര്‍ക്ക് പത്ത്, ഇരുപത്, അന്‍പത് രൂപയുമെല്ലാം നല്‍കി മടക്കി അയച്ചു. ബാക്കിയുള്ളവരോട് പിന്നീട് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടായിരത്തിന്റെ നോട്ടുകള്‍ മിക്കയിടത്തും ലഭ്യമായിരുന്നു. പ്രത്യേക ഫോറം പൂരിപ്പിച്ച് നല്‍കിയാണ് പണം മാറ്റി നല്‍കിയത്. 4000 രൂപ വരെയാണ് എസ് ബി ഐ ശാഖയില്‍ കൊടുത്തിരുന്നത്. ബേങ്കുകള്‍ നല്‍കിയിരുന്ന ഫോറം പൂരിപ്പിച്ചവര്‍ക്കെ പണം നല്‍കിയിരുന്നുള്ളൂ. പല ബേങ്കുകളിലും പുതിയ നോട്ടുകള്‍ എത്തിയിരുന്നില്ല. ഇന്നത്തോടെ പുതിയ നോട്ടുകളെത്തുമെന്ന പ്രതീക്ഷയിലാണ്. പെരിന്തല്‍മണ്ണ സൗത്ത് ഇന്ത്യന്‍ ശാഖയില്‍ ഉച്ചക്ക് 12 മണിയോടെ പണമിടപാട് നിര്‍ത്തി. 500 രൂപയുടെയും 1000 രൂപയുടെയും ചെക്കുമായെത്തിയവര്‍ പോലും പണമില്ലെന്ന മറുപടി കേട്ട് മടങ്ങേണ്ടി വന്നു.
ഫലത്തില്‍ ആദ്യ ദിവസത്തെ പോലെ പണമുണ്ടായിട്ടും ആവശ്യം നടക്കാതെ ജനങ്ങള്‍ ഇന്നലെയും കുഴങ്ങി. ഇന്ന് എ ടി എം കാര്‍ഡുകള്‍ പ്രവര്‍ത്തന ക്ഷമമാകുമെങ്കിലും രണ്ടായിരം രൂപ മാത്രമാണ് പിന്‍വലിക്കാനാകുക.
സര്‍ക്കാര്‍
പ്രഖ്യാപനം  പ്രാവര്‍ത്തികമായില്ല
വണ്ടൂര്‍: സര്‍ക്കാര്‍ അസാധുവാക്കിയ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വ്യാഴാഴ്ച രാവിലെ മുതല്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ് നടപ്പായില്ല. മേഖലയിലെ മിക്ക ദേശസാല്‍കൃത ബേങ്കുകളിലും പുതിയ നോട്ടുകള്‍ എത്തിയത് വൈകുന്നേരത്തോടെയാണ്. ബേങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും രാവിലെ എട്ട് മണി മുതല്‍ പ്രത്യേക കൗണ്ടര്‍ തുറക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമനുസരിച്ച് നിരവധി പേരാണ് രാവിലെ ബേങ്കുകള്‍ക്ക് മുന്നിലെത്തിയത്.
എന്നാല്‍ സാധാരണ പ്രവര്‍ത്തി സമയത്ത് മാത്രമാണ് ബേങ്കുകള്‍ തുറന്നത്. വണ്ടൂരില്‍ സ്‌റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂര്‍ ബ്രാഞ്ചില്‍ മാത്രമാണ് രാവിലെ പത്ത് മണി മുതല്‍ പണം മാറ്റിനല്‍കിയത്. പണം മാറ്റിയെടുക്കാനും അക്കൗണ്ടുകളില്‍ അടക്കാനും പിന്‍വലിക്കാനുമായി നീണ്ട വരിയാണ് ഇവിടെ ഉണ്ടായത്.
അതേ സമയം മേഖലയിലെ പോസ്റ്റ് ഓഫീസുകളില്‍ മാറ്റി നല്‍കാനാവശ്യമായ പണം ഇനിയും എത്തിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ അഞ്ഞൂറും ആയിരവും സ്വീകരിക്കാത്തത് പലരെയും ബുദ്ധിമുട്ടിലാക്കി.