കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമിക്കെതിരെ വാറന്റ്

Posted on: November 11, 2016 11:04 am | Last updated: November 11, 2016 at 5:23 pm

raju-narayanaswamiതിരുവനന്തപുരം: കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമിക്കെതിരെ ജാമ്യമില്ലാ വാറന്റ്. എറണാകുളം കുടുംബ കോടതിയില്‍നിന്നാണ് രാജു നാരായണസ്വാമിയുടെ ഭാര്യ ബീന നല്‍കിയ കേസില്‍ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ബീനയ്ക്ക് മാസംതോറും 25,000 രൂപ ചെലവിനു കൊടുക്കണമെന്ന കോടതി ഉത്തരവ് നിലവിലുണ്ട്. ഇതനുസരിച്ച് ഒക്ടോബര്‍ 31 വരെ കോടതി സമയം അനുവദിച്ചിരുന്നെങ്കിലും അതിനു കൂട്ടാക്കാതെ കോടതി ഉത്തരവ് ലംഘിച്ചതിനാണ് സ്വാമിക്കെതിരെ കുടുംബ കോടതി വാറന്റ് പുറപ്പെടുവിച്ചത്.

2015ല്‍ ബീന നല്‍കിയ കേസില്‍ രാജു നാരായണ സ്വാമി നോട്ടീസ് കൈപ്പറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിലധികമായി രാജു നാരായണസ്വാമി കോടതിയില്‍ നേരിട്ട് ഹാജരായിരുന്നില്ല. കൂടാതെ കൗണ്‍സിലിങ്ങിനും ഇദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് ഭാര്യ ബീനയ്ക്ക് മാസം 25000 രൂപ വീതം ചെലവിന് നല്‍കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ ഇദ്ദേഹം മറ്റൊരു ആക്ഷേപം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിക്കെതിരെ പുറപ്പെടുവിച്ച വാറന്റ് നടപ്പാക്കുന്നതിനും തുടര്‍നടപടികള്‍ക്കുമായി കുടുംബകോടതി മറ്റൊരു തീയതിയിലേക്ക് വിചാരണ മാറ്റിവെച്ചു.