യൂത്ത് ലീഗിന് സലഫി വിധേയത്വം: എസ് എസ് എഫ്

Posted on: November 11, 2016 12:49 am | Last updated: November 11, 2016 at 12:49 am
SHARE

ssf flagകോഴിക്കോട് : ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് ആശയപരമായി ഇന്ധനം നല്‍കുന്ന സലഫിസം ആഗോളാടിസ്ഥാനത്തില്‍ വിമര്‍ശന വിധേയമാകുന്ന കാലത്തും സലഫിസത്തെ വെള്ള പൂശാനുള്ള യൂത്ത്‌ലീഗ് ശ്രമം ബഹുസ്വരതക്കും ജനാധിപത്യത്തിനുമെതിരായ വെല്ലുവിളിയാണെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ഐ എസ്, അല്‍ ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകള്‍ മാതൃക സ്വീകരിച്ചത് സലഫിസത്തില്‍ നിന്നാണെന്നത് ചരിത്രബോധമുള്ള ആര്‍ക്കും നിഷേധിക്കാനാകില്ല. അസഹിഷ്ണുതയെ അഭിമാനമായി കരുതുന്ന സലഫിസത്തെ രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരിലാണെങ്കില്‍ പോലും ന്യായീകരിക്കുന്നത് ഭീകരവാദത്തെ പിന്തുണക്കുന്നതിന് തുല്യമാണ്. കേരളത്തില്‍ നിന്ന് ഐ എസില്‍ ചേരാന്‍ പുറപ്പെട്ടവരെല്ലാം സലഫി മാര്‍ഗം സ്വീകരിച്ചവരാണെന്നിരിക്കെ, സലഫികള്‍ സമാധാനവാദികളാണെന്ന് പറയാന്‍ യൂത്ത്‌ലീഗ് കാട്ടിയ ആവേശം അതിരുകടന്ന വിധേയത്വത്തിന്റേതാണ്. ആഗോള സലഫിസത്തെ കുറിച്ചും ഇതേ നിലപാടാണോ മുസ്‌ലിംലീഗിനും യുവജന സംഘടനക്കുമുള്ളത് എന്നറിയാന്‍ താല്‍പര്യമുണ്ട്.
രാഷ്ട്രീയ താത്പര്യം മുന്നില്‍ കണ്ടാണ് ബി ജെ പി ഏക സിവില്‍കോഡ് വീണ്ടും ചര്‍ച്ചക്കിട്ടത്. ഇതേ താല്‍പര്യം തന്നെയാണ് ഏക സിവില്‍കോഡ് വിഷയത്തില്‍ യൂത്ത്‌ലീഗിന്റെ മാതൃസംഘടനക്കുമുള്ളത്. മുസ്‌ലിം വോട്ടുകള്‍ രാഷ്ട്രീയമായി ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമുദായ സംഘടനകളുടെ ഐക്യത്തിന് പാര്‍ട്ടി മുന്നിട്ടിറങ്ങിയത്. അനേകം വിഷയങ്ങളില്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കും മുസ്‌ലിംകളിലെ മഹാഭുരിപക്ഷത്തിന്റെ വിശ്വാസങ്ങള്‍ക്കും വിപരീതമായ നിലപാടാണ് സലഫികള്‍ക്കുള്ളത്. സുന്നികള്‍ കൊല്ലപ്പെടേണ്ടവരാണെന്ന് ചിന്തിക്കുന്നവരെ കൂട്ടുപിടിച്ച് ശരീഅത്ത് സംരക്ഷിക്കാനിറങ്ങുന്നതിലെ പരിഹാസ്യത തിരിച്ചറിയാനുള്ള വിവേകം മുസ്‌ലിം ലീഗിനുണ്ടാകണം. കേരളത്തിലെ ഏതാനും ജില്ലകളില്‍ മാത്രമായൊതുങ്ങുന്ന ഒരു യുവജന സംഘടന ദേശീയതലത്തില്‍ വ്യാപിച്ചുകിടക്കുന്ന ഒരു പ്രസ്ഥാനത്തെയും അതിന്റെ അമരക്കാരനെയും ഒറ്റപ്പെടുത്തണമെന്ന് പറയുന്നത് മലബാറിന് പുറത്തൊരു ലോകമില്ലെന്ന മൂഢവിചാരം മൂലമാണ്. സംഘടനാ സമ്മേളനമറിയിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ രാജ്യാന്തര തലത്തില്‍ ബഹുമാനിക്കപ്പെടുന്ന മതപണ്ഡിതനെ ഭത്സിച്ചതിലൂടെ ആ സംഘടനയുടെ ആശയ ദാരിദ്ര്യം വെളിപ്പെട്ടുവെന്നും എസ് എസ് എഫ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here