ശബരിമല, മുത്വലാഖ്: സര്‍ക്കാരും കോടതിയും ഇടപെടുന്നത് ശരിയല്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള

Posted on: November 11, 2016 12:55 am | Last updated: November 11, 2016 at 12:47 am

balakrishan pillaiതിരുവനന്തപുരം: ശബരിമല, മുത്വലാഖ് ഉള്‍പ്പടെ മതപരവും ആചാരപരവുമാ2യ കാര്യങ്ങളില്‍ സര്‍ക്കാരും കോടതിയും ഇടപെടുന്നത് ശരിയായ നടപടിയല്ലെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ശബരിമല, മുത്വലാക്ക് വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടതും തീരുമാനമെടുക്കേണ്ടതും പുറത്തുനിന്നുള്ളവരല്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ആ സമുദായത്തിലെ പണ്ഡിതന്‍മാരും ആചാര്യന്‍മാരുമാണ്. ഒരു സമുദായത്തിന്റെയും ആധ്യാത്മികകാര്യങ്ങളില്‍ വെളിയില്‍നിന്നുള്ള ശക്തികള്‍ ഇടപെടല്‍ നടത്തുന്നത് ഭരണഘടന അനുവദിച്ചുകൊടുക്കുന്ന വിശ്വാസ സ്വാതന്ത്ര്യന്‍മേലുള്ള കൈകടത്തലാണ്. അത് ആര് നടത്തിയാലും ശരിയല്ല. ശരീഅത്ത് നിയമം സംബന്ധിച്ചുള്ള വിവാദം ബിജെപി ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ശരീഅത്ത് നിയമത്തില്‍ മാറ്റം വരുത്താനുള്ള അധികാരം മതപണ്ഡിതന്‍മാര്‍ക്കാണ്. അതേസമയം, ആവര്‍ത്തിച്ചു ചോദിച്ചിട്ടും ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പരസ്യമായി തള്ളിപ്പറയാന്‍ ബാലകൃഷ്ണപിള്ള തയ്യാറായില്ല. അക്കാര്യത്തില്‍ സുപ്രിംകോടതിയാണ് തീരുമാനമെടുക്കുന്നത്. സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാല്‍പ്പോലും നല്ലൊരു ശതമാനം സ്ത്രീകള്‍ ശബരിമലയില്‍ പോവാന്‍ സാധ്യതയില്ല. ഈ വിശ്വാസികള്‍ മതാചാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരില്‍നിന്നും നേരിട്ട് പണം വാങ്ങിയതായി തനിക്കറിയില്ല. അദ്ദേഹം അങ്ങനെ പണം വാങ്ങുന്നയാളാണെന്ന് കരുതുന്നില്ല. എന്നാല്‍, ഉമ്മന്‍ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുകയും കൂട്ടുനില്‍ക്കുകയും ചെയ്തിട്ടുണ്ട്. താന്‍ എഴുതി നല്‍കിയ അഴിമതി ആരോപണങ്ങളില്‍ അദ്ദേഹം യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കെഎം മാണി ഫലത്തില്‍ ഇപ്പോഴും യു ഡി എഫിനൊപ്പം തന്നെയാണ്. നിയമസഭയില്‍ യു ഡി എഫിനൊപ്പം കെഎം മാണി വാക്കൗട്ട് നടത്തുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. സീറ്റിലും മാറ്റമില്ല. മാണി യു ഡി എഫില്‍നിന്ന് പോയത് വേറൊരു കളിയുടെ ഭാഗമായാണ്. വൈകാതെ മാണി യുഡിഎഫിലെത്തും. സംസ്ഥാനത്ത് മികച്ച ഭരണമാണ് നടക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ അഴിമതി താരതമ്യം ചെയ്യുമ്പോള്‍ ജയരാജന്‍ നടത്തിയ ബന്ധുനിയമനം വലിയ അപരാധമായി കാണാനാവില്ല. പൊതുവെ പിണറായി വിജയന്‍ സര്‍ക്കാരില്‍ അഴിമതിയില്ലെന്ന വിലയിരുത്തലാണ് തനിക്കുള്ളത്. അതേസമയം, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അഴിമതി പൂര്‍ണമായി അവസാനിപ്പിക്കാനായിട്ടില്ല. കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നോ കേരളാ കോണ്‍ഗ്രസ് ബിയെ എല്‍ ഡി എഫില്‍ ചേര്‍ക്കണമെന്നോ താന്‍ ആവശ്യപ്പെട്ടിട്ടില്ല. അതെല്ലാം തീരുമാനിക്കേണ്ടത് മുന്നണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.