Connect with us

Gulf

വൈദ്യുതി മീറ്ററുകള്‍ സമാര്‍ട്ടാകുന്നു

Published

|

Last Updated

ദോഹ: ഖത്വറിലെ മുഴുവന്‍ പുതിയ കെട്ടിടങ്ങളിലും സ്മാര്‍ട്ട് വൈദ്യുതി മീറ്ററുകള്‍ സ്ഥാപിക്കുമെന്നും എല്ലാ കെട്ടിടങ്ങളിലെയും പഴയ മീറ്ററുകള്‍ മാറ്റി ഉടന്‍ പുതിയ മീറ്ററുകള്‍ ഘടിപ്പിക്കുമെന്നും ഖത്വര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റമ) പ്രസിഡന്റ് എന്‍ജിനിയര്‍ ഈസ ബിന്‍ ഹിലാല്‍ അല്‍കുവാരി പറഞ്ഞു. ഘട്ടംഘട്ടമായാകും സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതെന്നും പുതിയ സ്മാര്‍ട്ട് മീറ്റര്‍ റീഡിംഗുകള്‍ ഡിജിറ്റലായി തന്നെ കഹ്‌റമയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ബില്ലുകള്‍ കൂടുതല്‍ കൃത്യതയോടെ ലഭിക്കാന്‍ ഇത് ഉപകരിക്കും. ഓരോ ഉപഭോക്താക്കള്‍ക്കും തങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുതിയെക്കുറിച്ച് വ്യക്തമായി അറിയാനും സ്മാര്‍ട്ട് മീറ്ററുകള്‍ സഹായിക്കും. 15,000ത്തോളം സ്മാര്‍ട്ട് മീറ്ററുകള്‍ ഇതുവരെ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഖത്വറിലെ മുഴുവന്‍ കെട്ടിടങ്ങളിലും പുതിയ മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലികളികള്‍ പുരോഗമിക്കുകയാണെന്നും ഇസ്സ ബിന്‍ ഹിലാല്‍ അല്‍ ഖുവാരി പറഞ്ഞു.
ദോഹയില്‍ നടക്കുന്ന ജി സി സി പവര്‍ 2016 സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പുതിയ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് കഹ്‌റാമ വൈദ്യുതി ശൃംഖല മേധാവി അബ്ദുല്ല അല്‍ ദിയാബ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി എല്ലാ പഴയ മീറ്ററുകളും മാറ്റി പുതിയ സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജല, വൈദ്യുതി ഉപഭോഗം കാര്യക്ഷമമാക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ദേശീയ പദ്ധതിയായ തര്‍ഷീദിന്റെ ഭാഗമായി 2020 ഓടെ 200 മുതല്‍ 500 മെഗാ വാട്ട് വരെ സൗരോര്‍ജം ഖത്തര്‍ ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2012ല്‍ തുടക്കമിട്ട തര്‍ശീദിലൂടെ വൈദ്യുതി ഉപയോഗം 14 ശതമാനവും വെള്ളത്തിന്റെ ഉപയോഗം 15 ശതമാനവുമായി കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കുറക്കാന്‍ കഴിഞ്ഞിരുന്നു. പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെയും വെള്ളത്തിന്റെയും വൈദ്യുതിയുടേയും താരിഫ് പുനരവലോകനം ചെയ്തതിലൂടെയും പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രചാരണ ബോധവത്കരണത്തിലൂടെയുമാണ് തര്‍ശീദ് വിജയത്തിലെത്തിക്കാന്‍ കഹ്‌റമക്ക് കഴിഞ്ഞത്. ഖത്വറിന്റെ ജല ആവശ്യം ഒരോ വര്‍ഷവും 10.6 ശതമാനം വര്‍ധിച്ചു കൊണ്ടിരിക്കുകായണെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി ഇതേ സ്ഥിതി തുടരുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം 535മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് ഖത്വര്‍ ഉപയോഗിച്ചത്. 2025 ആകുമ്പോഴേക്കും ഇത് 900മീറ്റര്‍ ക്യൂുബിക് മില്യണ്‍ ആയേക്കുമെന്ന് ഈസാ ബിന്‍ ഹിലാല്‍ അല്‍കുവാരി പറഞ്ഞിരുന്നു.