ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും

Posted on: November 10, 2016 6:39 am | Last updated: November 10, 2016 at 12:39 am

തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രിക്ക് വേണ്ടി മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ആര്‍ സി സിയിലെ തിരക്ക് കൂടുന്നു. ഇതു മുന്‍നിര്‍ത്തി ക്യാന്‍സര്‍ ചികിത്സ സൗകര്യങ്ങള്‍ വികേന്ദ്രീകരിക്കും. സംസ്ഥാനത്ത് പലതരത്തിലുളള ചികിത്സാ സഹായങ്ങള്‍ നല്‍കുന്നുണ്ട്. കരുണ്യാ ബനവലന്റ് ഫണ്ട് വഴി ചികിത്സാ സഹായം നല്‍കുന്നു. ബി പി എല്‍ വിഭാഗക്കാര്‍ക്ക് സുകൃതം പദ്ധതി ആര്‍ സി സിയില്‍ നടപ്പാക്കി വരുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ അത്യാധുനിക നിലവാരത്തിലുള്ള ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററായി ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കും. 18 വയസ്സില്‍ താഴെ പ്രായമുളള കുട്ടികള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും ചികിത്സ സൗജന്യമാണ്. പട്ടികജാതി വിഭാഗക്കാര്‍ക്കും സഹായം നല്‍കും. നിലവാരമുള്ള ജനറിക്ക് ഔഷധങ്ങളാണ് രോഗികള്‍ക്ക് നല്‍കുന്നത്. കൊച്ചി ക്യാന്‍സര്‍ സെന്ററിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ടെന്നും വി എസ് ശിവകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
അതിന്റെ ഭാഗമായുള്ള ക്യാന്‍സര്‍ ആശുപത്രി നവംബര്‍ 11 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ടെറിഷ്യറി ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. 7.25 കോടി രൂപ കോട്ടയം, തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലെ ക്യാന്‍സര്‍ വാര്‍ഡുകളുടെ നവീകരണത്തിന് നല്‍കും. പ്രതിരോധത്തിലൂന്നിയുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കാരുണ്യാ ഫാര്‍മസി വഴി മരുന്നുകള്‍ ഫലപ്രദമായി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.