ധനസഹായം 10 ലക്ഷമാക്കി; അഭിഭാഷക ക്ഷേമനിധി ബില്‍ പാസായി

Posted on: November 10, 2016 5:38 am | Last updated: November 10, 2016 at 12:38 am

തിരുവനന്തപുരം: കേരള അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്ലും കേരള കോര്‍ട്ട്ഫീസ് ഭേദഗതി ബില്ലും നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. അഭിഭാഷക ക്ഷേമനിധിയില്‍ നിന്ന് ലഭിക്കുന്ന ധനസഹായം അഞ്ച് ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 2016ലെ കേരള അഭിഭാഷക ക്ഷേമനിധി ഭേദഗതി ബില്‍. 40 വര്‍ഷമെങ്കിലും ക്ഷേമനിധിയില്‍ അംഗമായിരിക്കുന്നവര്‍ക്കാണ് പരമാവധി സഹായമായ 10 ലക്ഷം രൂപ ലഭിക്കുക.
അംഗങ്ങളുടെ സേവന കാലാവധി അനുസരിച്ചായിരിക്കും ധനസഹായത്തിന്റെ തോത്. ധനസഹായത്തിനൊപ്പം ക്ഷേമനിധിയിലേക്കുള്ള അംശാദായവും വര്‍ധിപ്പിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ക്ഷേമനിധിയിലേക്ക് അംഗങ്ങള്‍ നല്‍കേണ്ട പ്രതിവര്‍ഷ അംശാദായം 14,285 രൂപയില്‍ നിന്ന് 25,000 രൂപയായാണ് വര്‍ധിപ്പിക്കുന്നത്. ചികിത്സാസഹായം 5,000 രൂപ എന്നത് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ക്ഷേമനിധിയിലേക്കുള്ള വരുമാന സമാഹരണത്തിന്റെ ഭാഗമായാണ് 2016ലെ കേരള കോര്‍ട്ട്ഫീസും വ്യവഹാരസലയും ബില്‍ ഭേദഗതി ചെയ്തത്. കേരള നിയമസഹായനിധിയുടെ 70 ശതമാനത്തിന് തുല്യമായ തുക കേരള അഭിഭാഷക ക്ഷേമനിധിക്കും 30 ശതമാനത്തിന് തുല്യമായ തുക കേരള അഭിഭാഷക ക്ലാര്‍ക്ക് ക്ഷേമനിധിക്കും നീക്കിവെക്കണമെന്നാണ് കോര്‍ട്ട്ഫീസും വ്യവഹാരസലയും ബില്ലിലെ പ്രധാന ഭേദഗതി. ഇത്തരത്തില്‍ നീക്കിവെക്കുന്ന തുകയില്‍ 10 ശതമാനം വീതം വ്യവഹാരികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് വിനിയോഗിക്കേണ്ടതാണെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
മറ്റു ക്ഷേമനിധികളെ പോലെ തൊഴിലുടമകളുടെ വിഹിതം ലഭിക്കാത്തതാണ് അഭിഭാഷക ക്ഷേമനിധി നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ മന്ത്രി എ കെ ബാലന്‍ ചൂണ്ടിക്കാട്ടി. കോര്‍ട്ട്ഫീസ് സ്റ്റാമ്പിന്റെയും വെല്‍ഫയര്‍ ഫണ്ട് സ്റ്റാമ്പിന്റെയും വിപണനത്തിലൂടെയാണ് ക്ഷേമനിധിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിഹിതം കണ്ടെത്തുന്നത്.
അംശാദായത്തില്‍ കാലാനുസൃതമായ വര്‍ധനവരുത്താതെ ആനൂകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കക്ഷികള്‍ക്കും പ്രതികള്‍ക്കും വക്കീലന്മാര്‍ക്കുമടക്കം കോടതികളില്‍ നിലനില്‍ക്കുന്ന അസൗകര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിസ്ഥാന സൗകര്യവികസനത്തിനും സര്‍ക്കാര്‍ പ്രധാന്യം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.