ഭക്ഷ്യഭദ്രതാ നിയമം; അരി വിതരണം 14 മുതല്‍

Posted on: November 10, 2016 6:34 am | Last updated: November 10, 2016 at 12:35 am

sack-of-rice2തിരുവന ന്തപുരം: ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചുള്ള റേഷന്‍ വിതരണം സംസ്ഥാനത്ത് ഈ മാസം 14ന് ആരംഭിക്കും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അലോട്ട്‌മെന്റ് അനുസരിച്ചുള്ള അരി റേഷന്‍ കടകളിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. അതേസമയം, റേഷന്‍ വിതരണ പ്രതിസന്ധിയില്‍ ഭക്ഷ്യമന്ത്രി രാഷ്ട്രീയം കലര്‍ത്തുന്നു എന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. റേഷന്‍ കാര്‍ഡ് തയാറാക്കുന്നതിലും ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ മുന്‍സര്‍ക്കാറിനെ അതിരൂക്ഷമായി ഭക്ഷ്യമന്ത്രി വിമര്‍ശിച്ചു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം വാക്കൗട്ട് പ്രഖ്യാപിക്കുകയായിരുന്നു.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാതിരുന്നതിന് കേരളത്തിന് കിട്ടിയ ആദ്യശിക്ഷയാണ് ലഭിച്ചു കൊണ്ടിരുന്ന അധികധാന്യവിഹിതം ഓണത്തിന് തൊട്ടു വെട്ടിക്കുറച്ചതെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് എ പി എല്‍കാര്‍ക്കുള്ള സബ്‌സിഡി അരിവിഹിതത്തിലും ഇക്കഴിഞ്ഞ ഓക്‌ടോബര്‍ ഏഴു മുതല്‍ കുറവ് വരുത്തി. തുടര്‍ന്ന് 8.30 രൂപ നിരക്കില്‍ ലഭിച്ചിരുന്ന അരി 22 രൂപ കൊടുത്തു വാങ്ങേണ്ടി വന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്. സംസ്ഥാനസര്‍ക്കാറിന്റെ ഇടപെടല്‍ മൂലം കേന്ദ്രം അത് പുനസ്ഥാപിച്ചു. പുനസ്ഥാപിച്ച വിഹിതം വിട്ടെടുക്കാനുള്ള കാലതാമസം കാരണമാണ് വടക്കന്‍ കേരളത്തിലെ റേഷന്‍ വിതരണം വൈകാനിടയായത്. ഇത് പരിഹരിച്ചു കഴിഞ്ഞു. ബുധനാഴ്ച മുതല്‍ അരി വിതരണം തുടങ്ങിയിട്ടുണ്ട്. വയനാട് ജില്ലക്ക് പ്രത്യേകമായി തന്നെ അരിവിതരണം ചെയ്യും. ബി പി എല്ലുകാരുടെയും അന്ത്യോദയ അന്നയോജന വിഭാഗത്തിന്റെയും ഒക്‌ടോബര്‍ മാസത്തിലെ റേഷന്‍ വിതരണം കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.
ഭക്ഷ്യസുരക്ഷാ നിയമനം നവംബര്‍ ഒന്നു മുതല്‍ നടപ്പാക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. മൂന്നു വര്‍ഷം സമയമുണ്ടായിരുന്നിട്ടും മുന്‍സര്‍ക്കാര്‍ അത് നടപ്പാക്കിയില്ല. കഴിഞ്ഞ ഭക്ഷ്യമന്ത്രി സ്ഥിരമായി ഡല്‍ഹിയില്‍ പോയിരുന്നത് ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാതിരിക്കാന്‍ അവധി ചോദിക്കാനാണ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നിയമം നടപ്പാക്കാമെന്ന് കേന്ദ്രസര്‍ക്കാരിനേയും സുപ്രീം കോടതിയേയും അറിയിച്ചെങ്കിലും നടപ്പാക്കിയില്ല. നിയമം നടപ്പാക്കാനുള്ള ചുമതല എല്‍ ഡി എഫ് സര്‍ക്കാറിന്റെ തലയിലേക്ക് വെക്കുകയായിരുന്നു. എന്നാല്‍ രണ്ടു മാസം കൊണ്ട് ഈ സര്‍ക്കാര്‍ അത് നിര്‍വഹിച്ചു. എന്നിട്ട് സഭയില്‍ വന്നു സര്‍ക്കാറിനെ പുലഭ്യം പറയുന്നത് ജാള്യത മറയ്ക്കാനാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
മുന്‍സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളും ഫോറവും അനുസരിച്ചാണ് മുന്‍ഗണാനലിസ്റ്റ് തയാറാക്കിയത്. ഇതില്‍ തെറ്റു കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വവും മുന്‍സര്‍ക്കാറിനാണ്. തെറ്റു തിരുത്താന്‍ സമയം നല്‍കിയത് അനുസരിച്ച് ഇതുവരെ 13 ലക്ഷത്തോളം പരാതി കിട്ടി. ഇത് പരിഹരിക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്. നിയമം നടപ്പാക്കാന്‍ ആറു മാസത്തെ സാവകാശം കേന്ദ്രത്തോട് ചോദിച്ചെങ്കിലും അവധി മുഴുവന്‍ മുന്‍സര്‍ക്കാറിന്റെ കാലത്ത് നല്‍കിയതിനാല്‍ അനുവദിച്ചില്ല. സംസ്ഥാന മന്ത്രി കൂടിയായിരുന്ന കെ വി തോമസ് കേന്ദ്രന്ത്രിയായപ്പോഴാണ് ഈ നിയമം അവതരിപ്പിച്ചതും 16.05 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കിട്ടേണ്ട സ്ഥാനത്ത് 14.25 ടണ്ണായി കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഇതോടെയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് സഭ വിട്ടത്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിച്ചതായും സര്‍ക്കാറിന്റെ അലംഭാവംസാധാരക്കാരെ പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ടി ബല്‍റാം പറഞ്ഞു.