മാഹി-വളപട്ടണം പാതക്കായി വീണ്ടും സര്‍വേ ജലപാത പ്രവൃത്തികള്‍ക്ക് ഇനി ശരവേഗം

Posted on: November 10, 2016 5:31 am | Last updated: November 10, 2016 at 12:32 am

കണ്ണൂര്‍: തിരുവന്തപുരം-കാസര്‍കോട് ജലപാതയിലെ പ്രവൃത്തികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.ജലപാതകളുടെ സമഗ്രവികസനത്തിനായി ആവിഷ്‌കരിച്ച പദ്ധതികളില്‍ വടക്കന്‍മേഖലയിലെ പ്രവൃത്തികള്‍ അനിശ്ചിതമായി നീളുന്നത് ഇല്ലാതാക്കാനും പൃവൃത്തികള്‍ വേഗത്തിലാക്കുവാനുമാണ് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് തയ്യാറെടുക്കുന്നത്.
നിര്‍മാണത്തിന് തടസ്സമായി നില്‍ക്കുന്ന ജലപാതയോട് ചേര്‍ന്നുള്ള കൈയേറ്റം ഒഴിവാക്കാനും വടക്കന്‍ജില്ലകളില്‍ കനാല്‍ നിര്‍മാണത്തിനാവശ്യമായ ഭൂമി അടിയന്തരമായി ഏറ്റെടുക്കാനും ഇതു സംബന്ധിച്ച് ചേര്‍ന്ന ഉന്നത തലയോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ചരക്കുഗതാഗത നീക്കം സുഗമമായി നടത്താനും ജലപാത അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം കൂടിയാണ് ബാക്കിയുള്ള പ്രവൃത്തികള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ക്ക് ഊര്‍ജ്ജം കൂട്ടുന്നത്.
ദേശീയ ജലപാതയുടെ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള 262 കി മി നീളം വരുന്നപാതയില്‍ തെക്കന്‍മേഖലയിലെ പ്രവൃത്തികളാണ് ഏതാണ്ട് പൂര്‍ത്തിയായിട്ടുള്ളത്. ഇതില്‍ 74.18 കി വി നീളമുള്ള കോവളം-കൊല്ലം പാതയില്‍ 31 കി മി നേരത്തെ തന്നെ ഗതാഗത യോഗ്യമായിരുന്നു.ഇവിടെ 16 കി മി നീളത്തില്‍ പണി പുരോഗമിക്കുന്നുണ്ട്. 27കി മി ദൂരത്താണ് ഇനി പണി നടക്കേണ്ടത്. ഇതിനുള്ള നടപടിക്രമങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.
തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറം-കോഴിക്കോട് ഭാഗത്തെ 160 കിലോമീറ്ററിലും പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ്. ഇതില്‍ ഉള്‍പ്പെടുന്ന 79 കി മി ദൈര്‍ഘ്യം വരുന്ന പൊന്നാനി-ചേറ്റുവാ കനാല്‍ കോട്ടപ്പുറം മുതല്‍ പൊന്നാനി വരെയുള്ള ജലപാതയാണ്.ഇതിന്റെ പണിയും പുരോഗതിയിലാണ്. മലപ്പുറം ജില്ലയിലെ താനൂര്‍-കൂട്ടായി കനാലിന്റെ ആഴം കൂട്ടല്‍ പ്രവൃത്തി ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.കോഴിക്കോട് സിറ്റിയില്‍ കൂടി കടന്നു പോകുന്ന 11.2 കി മി നീളത്തിലുള്ള കനാലിന്റെ 85 ശതമാനം പ്രവൃത്തിയും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പിന്നീടുള്ള ബേപ്പൂര്‍ കനാലിന്റെ നിര്‍മാണവും പുരോഗതിയിലാണ്. നിര്‍മാണം പാതിവഴിയിലായ വടകര-മാഹി പാതയുടെ പ്രവൃത്തിയും ഇതിനകം ഊര്‍ജ്ജിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതില്‍ 17.61 കി മി ദൈര്‍ഘ്യമുള്ള വടകര മുതല്‍ മാഹി വരെയുള്ള കനാലിന്റെ നിര്‍മാണമാണ് അനിശ്ചിതത്വത്തിലായിരുന്നത്.അഞ്ച് റീച്ചുകളിലായി 116.25 കോടിയുടെ പദ്ധതിയാണ് വടകര-മാഹി കനാല്‍ നിര്‍മാണത്തിനായി നല്‍കിയിരുന്നത്.നിര്‍മാണം തുടങ്ങി വര്‍ഷങ്ങളായെങ്കിലും ഒരു റീച്ച് മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. വടകര ചെരണ്ടത്തൂര്‍ മൂഴിക്കലില്‍ തുടങ്ങി മാഹിയില്‍ അവസാനിക്കുന്ന കനാലിന് 17.40 കിലോമീറ്റര്‍ നീളമുണ്ട്. മൂഴിക്കല്‍ മുതല്‍ കന്നിനടവരെയുള്ള പ്രവൃത്തിയാണ് തുടക്കത്തില്‍ നടന്നത്.എന്നാല്‍ പിന്നീട് കനാലില്‍ നിന്നെടുത്ത ചെളിമണ്ണ് നീക്കം ചെയ്യാനാകാത്തതും മറ്റും പ്രവര്‍ത്തിയെ ബാധിക്കുകയായിരുന്നു.ആര്‍ക്കും വേണ്ടാത്ത മണ്ണിന് സര്‍ക്കാര്‍ വിലയിട്ടതോടെ മണ്ണ് പ്രദേശത്തെ ഒന്‍പത് കിലോമീറ്ററോളം ദൂരത്തില്‍ കെട്ടിക്കിടക്കുകയായിരുന്നു.ഇത് ജനങ്ങള്‍ക്ക് ഏറെ ദുരിതം വിതക്കുകയും ചെയ്തു.എന്നാല്‍ ഈ മണ്ണ് ഉള്‍പ്പെടെ നീക്കം ചെയ്യാനും നിലച്ച പ്രവര്‍ത്തികള്‍ അടിയന്തരമായി തുടങ്ങാനും സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്.
ജലപാതയില്‍ ഒരു പ്രവൃത്തിയും നടക്കാതിരുന്ന മാഹി-വളപട്ടണം പാതക്കു വേണ്ടിയുള്ള നിര്‍മാണ മാണ് ഇനി നടക്കേണ്ടത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരഭിച്ചു. വടകര മൂരാട് പുഴയില്‍നിന്ന് മയ്യഴിപ്പുഴയിലേക്കുള്ള ജലപാത നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഒമ്പത് കിലോമീറ്ററിലധികം കനാല്‍ നിര്‍മിച്ചുണ്ടാക്കുന്ന മാഹി-തലശ്ശേരി നിര്‍ദിഷ്ട ജലപാത ഇല്ലിക്കുന്നില്‍ എരഞ്ഞോളി പുഴയില്‍ ചേരുന്നവിധത്തിലാണ് വിഭാവനംചെയ്യുന്നത്. എരഞ്ഞോളി പുഴയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ പുഴയിലൂടെ സഞ്ചരിച്ച് കൊടുവള്ളിയിലെത്തും.
പിന്നീട് അഞ്ചരക്കണ്ടി പുഴയുമായി യോജിപ്പിക്കാന്‍ ഒരു കിലോമീറ്ററോളം കനാലുണ്ടാക്കും. അറുപതോളം വീടുകള്‍ നിര്‍ദിഷ്ട സ്ഥലത്തുള്ളതിനാല്‍ ഇവ ഒഴിവാക്കാന്‍ വീണ്ടും സര്‍വേ നടത്താനാണ് തീരുമാനം.അഞ്ചരക്കണ്ടി പുഴയില്‍ മമ്മാക്കുന്നില്‍നിന്ന് വളപട്ടണം പുഴയിലേക്ക് കനാല്‍ നിര്‍മിക്കാനാണ് പദ്ധതി രേഖയില്‍ നിര്‍ദേശിക്കുന്നത്. 15 കിലോമീറ്ററാണ് ഇതിന്റെ നീളം. തങ്കേക്കുന്ന്, മുണ്ടയാട്, കാഞ്ഞിരോട് എന്നിവിടങ്ങളിലൂടെ കക്കാട് പുഴയിലെത്തിയാണ് വളപട്ടണം പുഴയുടെ ഭാഗമാവുക.വളപട്ടണം പുഴയുമായി ചേര്‍ന്ന് കഴിഞ്ഞാല്‍പ്പിന്നെ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ ജലപാത നീണ്ടു പോകുന്നുണ്ട്.
അണ്ടലൂരില്‍ അഞ്ചരക്കണ്ടി പുഴയില്‍ ചേരുന്ന ജലപാത കീഴല്ലൂര്‍വരെ വികസിപ്പിച്ച് കണ്ണൂര്‍ വിമാനത്താവളത്തിലേക്കും വളപട്ടണം പുഴയില്‍ നിന്ന് ഇരിക്കൂര്‍,കുപ്പം വഴി ചപ്പാരപ്പടവ് എന്നിവിടങ്ങളിലേക്ക് അനുബന്ധപാതകള്‍ നിര്‍മിക്കാനും ആലോചനയുണ്ട്.നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് റെയില്‍പാതയ്‌ക്കൊപ്പം ഫീഡര്‍ റൂട്ട് എന്ന നിലയിലാണ് ജലപാത പരിഗണിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ നിന്നും എളുപ്പത്തില്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന ഇടനാഴിയാണ് പരിഗണനയില്‍. കൊല്ലംകോട്ടപ്പുറം ദേശീയ ജലപാതയുടെ തുടര്‍ച്ചയായ കോട്ടപ്പുറംനീലേശ്വരം ജലപാതയുടെ ഭാഗമായി വിമാനത്താവളത്തിലേക്ക് ജലപാത നീട്ടാനാണ് നിര്‍ദ്ദേശം. വളപട്ടണം പുഴയിലൂടെയും എരഞ്ഞോളിഅഞ്ചരക്കണ്ടി പുഴവഴിയും വിമാനത്താവളമുളള കീഴല്ലൂരിലെത്താവുന്ന വിധമാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്.
നിലവിലെ കോട്ടപ്പുറം-കൊല്ലം ദേശീയ ജലപാത ഹൊസ്ദുര്‍ഗ് വരെ നീട്ടാനും ധാരണയായിട്ടുണ്ട്. കോട്ടപ്പുറം വരെയുള്ള ജലപാത ആദ്യഘട്ടത്തില്‍ നീലേശ്വരം നമ്പ്യാര്‍ക്കല്‍ വരെയും പിന്നീട് ബേക്കലിലേക്കും ശേഷം മഞ്ചേശ്വരത്തേക്കുമാണ് വ്യാപിപ്പിക്കുക. ഇതിന്റെ പഠനവും പൂര്‍ത്തിയായി. വൈകാതെ ഇത് മംഗളുരുവുമായി ബന്ധിപ്പിക്കാനും നടപടിയുണ്ടായേക്കും.റെയില്‍, റോഡ് മുഖേനയുള്ള ഗതാഗതം ഇപ്പോള്‍ത്തന്നെ തിക്കിലും തിരക്കിലുംപെട്ട് വലയുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ജലപാതയെ സംസ്ഥാനം കാണുന്നത്. സിമന്റ്, സള്‍ഫര്‍, രാസവളം, നാശകാരികളായ രാസവസ്തുക്കള്‍, റോഡുകളില്‍ക്കൂടി കൊണ്ടുപോകാന്‍ കഴിയാത്ത യന്ത്ര സാമഗ്രികള്‍ എന്നിവ സുഗമമായി ജലമാര്‍ഗം കൊണ്ടുപോകാനാകും. കരഗതാഗതത്തിലുണ്ടാകുന്ന നഷ്ടസാധ്യത ജലമാര്‍ഗത്തില്‍ ഗണ്യമായി കുറയുകയും ചെയ്യും.