Connect with us

Sports

36 വയസ് വരെ റയലില്‍; ക്രിസ്റ്റ്യാനോ പുതിയ കരാര്‍ ഒപ്പുവെച്ചു

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അഞ്ച് വര്‍ഷത്തെ പുതിയ കരാറില്‍ ഒപ്പുവെച്ചു. ഇതുപ്രകാരം മുപ്പത്താറ് വയസ് വരെ ക്രിസ്റ്റ്യാനോ മാഡ്രിഡ് ക്ലബ്ബില്‍ തുടരും. എന്നാല്‍, റയലുമായി ഇത് തന്റെ അവസാന കരാര്‍ ആയിരിക്കില്ലെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു.
2009 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് റയല്‍മാഡ്രിഡിലെത്തിയ പോര്‍ച്ചുഗീസ് വിംഗര്‍ 360 മത്സരങ്ങളില്‍ നിന്നായി 371 ഗോളുകള്‍ നേടി. പത്ത് തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍മാഡ്രിഡിന്റെ എക്കാലത്തേയും ടോപ് സ്‌കോറര്‍ സ്ഥാനം ക്രിസ്റ്റ്യാനോക്ക് സ്വന്തം.
ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച ക്ലബ്ബിന്റെ ചരിത്രത്തില്‍ തനിക്ക് വലിയൊരു സ്ഥാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പുതിയ കരാര്‍ ഒരു സ്വപ്‌നമായിരുന്നു. ഇവിടെ തന്നെ കരിയര്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. തന്റെ ഹൃദയം അത്രമേല്‍ റയല്‍മാഡ്രിഡുമായി ചേര്‍ന്നു പോയിരിക്കുന്നു – ക്രിസ്റ്റ്യാനോ പറഞ്ഞു.