Connect with us

Editorial

മനുഷ്യാവകാശ കമ്മീഷനും കാവിക്കാര്‍ക്കോ?

Published

|

Last Updated

ദേശീയ മനുഷ്യാവകാശ കമ്മീഷനെയും വരുതിയിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണ് ബി ജെ പി വൈസ് പ്രസിഡന്റും ആര്‍ എസ് എസുകാരനുമായ അവിനാശ് റായി ഖന്നയെ കമ്മീഷന്‍ അംഗമായി നിയമിക്കാനുള്ള നീക്കം വിലയിരുത്തുന്നത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അഞ്ച് അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. സുപ്രീം കോടതി മുന്‍ ജഡ്ജി, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്നിവരും മനുഷ്യാകാശ വിഷയങ്ങളില്‍ അവഗാഹവും പ്രവര്‍ത്തനപരിചയവുമുള്ളവരുമായ രണ്ട് പേരുമായിരിക്കണം കമ്മീഷനിലെ മറ്റു അംഗങ്ങള്‍. 1993-ല്‍ കമ്മീഷന്‍ രൂപവത്കരിച്ചത് മുതല്‍ പാലിച്ചുവന്ന കീഴ്‌വഴക്കം ലംഘിച്ചാണ് കഴിഞ്ഞ മാസം ചേര്‍ന്ന സമിതി അവിനാശ് റായി ഖന്നയെ നാമനിര്‍ദേശം ചെയ്തത്. പ്രധാനമന്ത്രി അധ്യക്ഷനും ലോക്‌സഭാ സ്പീക്കര്‍, ആഭ്യന്തര മന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, രാജ്യസഭാ പ്രതിപക്ഷ നേതാവ്, രാജ്യസഭാ ഉപാധ്യക്ഷന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് കമ്മീഷന്‍ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നത്.
മനുഷ്യാവകാശ കമ്മീഷന്‍ പോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളിലേക്ക് നിയോഗിക്കപ്പെടുന്നവര്‍ കക്ഷിരാഷ്ട്രീയ ബന്ധമില്ലാത്തവരായിരിക്കണമെന്ന് ശക്തമായി വാദിച്ച പാര്‍ട്ടിയാണ് പ്രതിപക്ഷത്തായിരിക്കെ ബി ജെ പി. കഴിഞ്ഞ സര്‍ക്കാര്‍ സുപ്രീം കോടതി മുന്‍ ജഡ്ജി സിറിയക് ജോസഫിനെ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ട്ടി അന്ന് എതിര്‍പ്പ് പ്രകടിപ്പിക്കുകയുണ്ടായി. അന്നത്തെ രാജ്യസഭാ പ്രതിപക്ഷനേതാവായിരുന്ന അരുണ്‍ ജയ്റ്റ്‌ലി സര്‍ക്കാരിന് കത്തെഴുതുകയും ചെയ്തിരുന്നു. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോടും മതസംഘടനകളോടും ആഭിമുഖ്യമുള്ളയാളാണ് സിറിയക് ജോസഫ് എന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിയോജിപ്പ.് അവരാണിപ്പോള്‍ മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനും ഹിന്ദുത്വത്തിന്റെ വക്താവുമായ ആള്‍ക്ക് വേണ്ടി ചരടുവലി നടത്തിയത്. രണ്ട് വര്‍ഷമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു ഈ പദവി. ഇത്രയും കാലം നികത്തപ്പെടാതെ താമസിപ്പിച്ചത് ആര്‍ എസ് എസിന് സമ്മതനായ ഒരാളെ കണ്ടെത്താനായിരുന്നുവെന്നാണ് പറയുന്നത്.
മാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തിയത് പോലെ മനുഷ്യാവകാശ കമ്മീഷനെ രാഷ്ട്രീയവത്കരിക്കുകയല്ല, കാവിവത്കരിക്കുകയാണ് അവിനാശ് റായി ഖന്നയുടെ നിയമനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. മോദി അധികാരത്തിലേറിയതിന്റെ ആദ്യ നാളുകളില്‍ തുടങ്ങിയതാണ് ഭരണഘടനാ സംവിധാനങ്ങളും സാസ്‌കാരിക സ്ഥാപനങ്ങളും കാവിവത്കരിക്കാനുള്ള നീക്കം. പാഠപുസ്തകങ്ങളിലും പഠനസഹായികളിലും ശാസ്ത്രം, ഗണിതം, ഭാഷ, വ്യാകരണം, തത്വശാസ്ത്രം മേഖലകളില്‍ പുരാതന ഇന്ത്യ നല്‍കിയ സംഭാവനകള്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നല്ലോ മാനവവിഭവ വികസന മന്ത്രാലയം വിളിച്ചുചേര്‍ത്ത ആദ്യ യോഗത്തില്‍ തന്നെ മന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദേശം. ഹിന്ദുത്വ കാഴ്ചപ്പാടിന് അനുസൃതമായി സ്‌കൂള്‍ പാഠ്യപദ്ധതി ഉടച്ചുവാര്‍ക്കാനുള്ള ആര്‍ എസ് എസ് പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
സംഘ്പരിവാറിന് വേണ്ടി ചരിത്ര രചന നടത്തുന്ന അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ ഭാരവാഹികളുള്‍പ്പെടെ തീവ്ര ഹിന്ദുത്വ ചിന്താഗതിക്കാരെ ഉള്‍ക്കൊള്ളിച്ചു ചരിത്ര കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചത്, സേതുവിനെ നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്തുചാടിച്ച് ആര്‍ എസ് എസ് മുഖപത്രമായ “പാഞ്ചജന്യ”ത്തിന്റെ മുന്‍ എഡിറ്റര്‍ ബല്‍ദേബ് ശര്‍മയെ കൊണ്ടുവന്നത്, വിജയദശമി നാളില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് നാഗ്പൂരില്‍ നടത്തിയ പ്രസംഗം ദുരദര്‍ശനില്‍ തത്സമയം സംപ്രേഷണം ചെയ്തത്, തൊട്ടു പിന്നാലെ പ്രസാര്‍ ഭാരതി ചെയര്‍മാനായി മോദിയുടെ വിശ്വസ്തനും ആര്‍ എസ് എസ് നേതൃത്വം കൊടുക്കുന്ന വിവേകാനന്ദ അന്തര്‍ദേശീയ ഫൗണ്ടേഷന്‍ അംഗവുമായ സൂര്യപ്രകാശിനെ നിയമിച്ചത് തുടങ്ങി ബി ജെ പി സര്‍ക്കാര്‍ രാജ്യത്തെ കാവിവത്കരണ ശ്രമം തുടരുകയയായിരുന്നു. എല്ലാം ഇതിന്റെ ഭാഗമായിരുന്നു.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ വരുന്ന പരാതികളില്‍ നിഷ്പക്ഷവും സത്യസന്ധവുമായ തീരുമാനം കൈക്കൊള്ളേണ്ട ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍, രാഷ്ട്രീയവും മതപരവുമായ ചിന്താഗതികള്‍ക്കുപരി മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ആ രംഗത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുകയും ചെയ്ത വ്യക്തികളെയാണ് മനുഷ്യാവകാശ കമ്മീഷനില്‍ നിയോഗിക്കേണ്ടത്. ഈ കീഴ്‌വഴക്കം അട്ടിമറിച്ചു കമ്മീഷനെ കാവിവത്കരിക്കാനുള്ള നീക്കത്തെ ജനാധിപത്യ, മതേതര സമൂഹവും മനുഷ്യാവകാശ പ്രവര്‍ത്തകരും ശക്തിയായ ചെറുക്കേണ്ടതുണ്ട്. കോണ്‍ഗ്രസുകാരായ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ഉപാധ്യക്ഷന്‍ പി ജെ കുര്യനും ഖന്നയെ നിയമിക്കാനുള്ള തീരുമാനത്തെ സമിതിയില്‍ എതിര്‍ത്തില്ലെന്നത് പേടിപ്പെടുത്തുന്നതാണ്.

Latest