രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി; പാര്‍ട്ടി പറഞ്ഞാല്‍ തയ്യാറെന്ന് രാഹുല്‍

Posted on: November 7, 2016 6:03 pm | Last updated: November 7, 2016 at 9:43 pm
SHARE

rahulന്യൂഡല്‍ഹി: രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന പ്രവര്‍ത്തക സമിതിയില്‍ ആവശ്യം. പാര്‍ട്ടി ആവശ്യപ്പെടുന്ന ഏത് പദവിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാഹുലും അറിയിച്ചു. പ്രവര്‍ത്തക സമിതി യോഗത്തില്‍ എ കെ ആന്റണിയാണ് ഇക്കാര്യം ആദ്യം ആവശ്യപ്പെട്ടത്. ഇതിനെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പിന്തുണച്ചു. തുടര്‍ന്ന് മറ്റ് അംഗങ്ങളും പിന്തുണ അറിയിക്കുകയായിരുന്നു. പ്രവര്‍ത്തക സമിതി യോഗ തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിക്കുമെന്ന് യോഗശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എകെ ആന്റണി പറഞ്ഞു.

ഇത് ആദ്യമായാണ് രാഹുലിനെ അധ്യക്ഷ പദവിയിലേക്ക് പാര്‍ട്ടി ഏകണ്‌ഠേന നിര്‍ദേശിക്കുന്നത്. സോണിയയുടെ അഭാവത്തില്‍ രാഹുലാണ് ഇന്നത്തെ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. അനാരോഗ്യം കാരണം സോണിയ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

2013ലാണ് രാഹുല്‍ പാര്‍ട്ടി ഉപാധ്യക്ഷനായി നിയോഗിതനായത്.