Kerala
മാധ്യമവിലക്ക്: മീഡിയാ റൂം ഉടന്‍ തുറക്കാനാവില്ലെന്ന് ഹൈക്കോടതി സുപ്രിം കോടതിയില്‍


കേരളാ ഹെെക്കോടതിയിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കുന്ന അഭിഭാഷകർ (ഫയൽ ചിത്രം)
ന്യൂഡല്‍ഹി: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഹൈക്കോടതിയിെല മീഡിയാ റൂം ഉടന്‍ തുറക്കാനാകില്ലെന്ന് ഹൈക്കോടതി സുപ്രിം കോടതിയെ അറിയിച്ചു. മാധ്യമവിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി രജിസ്ട്രാര്‍ നിലപാട് അറിയിച്ചത്.
മീഡിയാ റൂം ഇപ്പോള്‍ തുറന്നാല്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാകുമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ കോടതിയെ ബോധിപ്പിച്ചു. ഈ മാസം 21ന് പ്രശ്‌നം ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. അതുവരെ സുപ്രിം കോടതി കാത്തിരിക്കണമെന്നും രജിസ്ട്രാര്‍ ബോധിപ്പിച്ചു.
അതേസമയം പ്രശ്‌നപരിഹാരത്തിനായി മുതിര്‍ന്ന അഭിഭാഷകര്‍ ഇടപെടണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രശ്‌നത്തില്‍ തീരുമാനമെടുക്കുന്നത് വൈകുകയാണെന്ന് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. എന്തിനാണ് ഇത്ര കാലതാമസമെന്നും അദ്ദേഹം ചോദിച്ചു.
ഹൈക്കോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും ഇടപെട്ടിട്ടും കോടതികളില്‍ മാധ്യമവിലക്ക് തുടരുന്ന സാഹചര്യത്തിലാണ് യൂണിയന്‍ സുപ്രിം കോടതിയെ സമീപിച്ചത്. ധനേഷ് മാത്യു മാഞ്ഞൂരാന്‍ എന്ന അഭിഭാഷകന്‍ പീഡനക്കേസില്‍ കുടുങ്ങിയ വാര്‍ത്ത പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ തുടങ്ങിയ മാധ്യമ വിലക്ക് പിന്നീട് മറ്റു കോടതികളിലേക്കും വ്യാപിക്കുകയായരുന്നു. ഹൈക്കോടതിയിലും വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയിലും സുപ്രധാന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം അഭിഭാഷക സംഘം ആക്രമിക്കുകയാണുണ്ടായത്. ഹൈക്കോടതിയിലെ മീഡിയാ റൂം അടച്ചുപൂട്ടുകയും ചെയ്തിരുന്നു.