ഡൽഹിയിൽ സ്ഥിതി ഗുരുതരമെന്ന് കാലാവസ്ഥാ കേന്ദ്രം; സ്കൂളുകൾക്ക് മൂന്ന് ദിവസം അവധി

Posted on: November 6, 2016 3:20 pm | Last updated: November 7, 2016 at 11:27 am
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ മാസ്ക് ധരിച്ച് സ്കൂളിലേക്ക് പോകുന്ന കുട്ടികൾ
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ മാസ്ക് ധരിച്ച് സ്കൂളിലേക്ക് പോകുന്ന കുട്ടികൾ

ന്യൂഡല്‍ഹി:ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതര സ്ഥിതിയില്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം കൂടി പുകമഞ്ഞ് തുടരും. ഡല്‍ഹിയിലെ സ്ഥിതി സാധാരണ നിലയിലേക്ക് എത്താന്‍ സമയമെടുക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വൃത്തങ്ങള്‍ പറഞ്ഞു. അതിനിടെ, അന്തരീക്ഷ മലിനീകരണ തോത് അപകടകരമാം വിധം ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് നിര്‍മാണപ്രവര്‍ത്തനങ്ങളും കെട്ടിടങ്ങള്‍ പൊളിക്കുന്നതും നിര്‍ത്തിവെക്കണമെന്നും അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നിര്‍ദേശം നല്‍കി. ബദര്‍പൂര്‍ പവര്‍ പ്ലാന്റ് താത്കാലികമായി അടച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് കുറ്ക്കുന്നതിന് കൃത്രിമ മഴ പെയ്യിക്കാന്‍ കേന്ദ്ര സര്‍ക്കാറുമായി കൂടിയാലോചന നടത്തുമെന്ന് കെജരിവാള്‍ പറഞ്ഞു. നേരത്തെ പരീക്ഷിച്ച് വിജയിച്ച ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണം തിരിച്ചുകൊണ്ടുവരാനും ആലോചനയുണ്ട്. സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ പരാമവധി പുറത്തിറങ്ങരുതെന്നും പറ്റുമെങ്കില്‍ ജോലികള്‍ വീട്ടിലിരുന്ന് തന്നെ നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പി എം) 2.5ന്റെ അന്തരീക്ഷത്തിലെ അളവ് കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത പരിധിയേക്കാള്‍ പന്ത്രണ്ടിരട്ടി വര്‍ധിച്ചിരുന്നു. പി എം- 10ന്റെ സുരക്ഷിത പരിധി നൂറ് മൈക്രോ ഗ്രാമാണെന്നിരിക്കെ കഴിഞ്ഞ ദിവസം ഇതിന്റെ അളവ് 1,200 മൈക്രോഗ്രാമാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ അനന്ത് വിഹാറില്‍ ശനിയാഴ്ച രാവിലെ ഒമ്പതോടെയാണിത് രേഖപ്പെടുത്തിയത്. ദീര്‍ഘനേരം ഈ അന്തരീക്ഷത്തില്‍ നിന്ന് ശ്വസിച്ചാല്‍ ശ്വാസകോശ സംബന്ധമായ രോഗം ഉണ്ടാകാന്‍ വര്‍ധിച്ച സാധ്യതയാണുള്ളത്.

ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ 1,600 ക്യൂബിക് മൈക്രോഗ്രാം മാലിന്യങ്ങള്‍ തങ്ങി നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നു. ഇത് സാധാരണ തോതിനേക്കാള്‍ 14 മടങ്ങ് കൂടുതലാണ്. ഈ സീസണില്‍ ആദ്യമായി വായുവിന്റെ ഗുണമേന്മ (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) 2.5ല്‍ എത്തിയിരുന്നു. ഇത് ആരോഗ്യമുള്ളവരെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

രണ്ട് ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നും അതുകൊണ്ടു തന്നെ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് ഡല്‍ഹി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തില്‍ കുട്ടികളും മുതിര്‍ന്നവരും ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗമുള്ളവരും പുറത്തിറങ്ങുന്നത് പരമാവധി കുറക്കണമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പൊടിപടലങ്ങളും മഞ്ഞും ഇടകലര്‍ന്നു പുകമഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് മലിനീകരണം അപകടകരമാംവിധം വര്‍ധിച്ചത്. ഇന്നലെ നഗരത്തില്‍ അനുഭവപ്പെട്ട മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഗതാഗതം താറുമാറായി.