സുരക്ഷാ സംവിധാനങ്ങളില്ലാതെ ജില്ലാ കോടതി

Posted on: November 5, 2016 1:20 pm | Last updated: November 5, 2016 at 1:04 pm

മഞ്ചേരി: മലപ്പുറം കലക്ടറേറ്റ് പരിസരത്തുണ്ടായ സ്‌ഫോടനം ജില്ലാ കോടതിയുടെ സുരക്ഷാ ശക്തമാക്കേണ്ട ആവശ്യകത വിളിച്ചോതുന്നു. പുറമെ അഡീ. ജില്ലാ സെഷന്‍സ് കോടതികള്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, മോട്ടോര്‍ ആക്‌സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍, മുന്‍സി. കോടതി, സബ് കോടതി എന്നിവ പ്രവര്‍ത്തിക്കുന്ന കോടതി സമുച്ചയം രാത്രി സമയങ്ങളില്‍ ഇരുട്ടിലാണ്. പോലീസ് സ്റ്റേഷന്‍, താലൂക്ക് ഓഫീസ്, കാന്റീന്‍, ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവയുടെ ഭാഗത്തുള്ള പ്രവേശന കവാടങ്ങള്‍ രാത്രിയിലും തുറന്നിട്ട നിലയിലാണ്. ചുറ്റുമതിലുണ്ടെങ്കിലും മിക്ക കവാടങ്ങള്‍ക്കും പൂട്ടില്ല. മുമ്പിലെ ജംഗ്ഷനില്‍ ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം നഗരസഭയുടെ മുന്നിലെത്തിയിട്ട് വര്‍ഷങ്ങളായി. നിരീക്ഷണ ക്യാമറ ഉള്‍പ്പെടെ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്താനുള്ള പദ്ധതി നാല് വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലായില്ല. മൂന്ന് വര്‍ഷം മുമ്പ് കോടതി പരിസരത്ത് ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ചിലഭാഗങ്ങളില്‍ മുള്ളുവേലി നിര്‍മിച്ചതല്ലാതെ മറ്റ് സംവിധാനങ്ങള്‍ ഒരുക്കിയില്ല. മലപ്പുറം മജിസ്‌ട്രേട്ട് കോടതിമുറ്റത്ത് സ്‌ഫോടനം നടന്നതോടെ ജില്ലാ കോടതിയുടെ സുരക്ഷ വീണ്ടും ചര്‍ച്ചയായി. കോടതിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സ് മഞ്ചേരിയിലെത്തി പരിശോധിച്ചു.