എന്നെ ദാരിദ്ര്യരേഖക്ക് താഴെയാക്കേണമേ….

Posted on: November 5, 2016 5:24 am | Last updated: November 5, 2016 at 12:25 am

കേരളത്തിന് അറുപത് തികഞ്ഞു. നാട്ടിലെങ്ങും ആഘോഷമാണ്. ചര്‍ച്ചയും നടക്കുന്നുണ്ട്. ഇനി കേരളമെങ്ങനെയായിരിക്കണം എന്നതാണ് ചര്‍ച്ച. ഇതുവരെ ഇങ്ങനെയൊക്കെയായി. അമേരിക്കയെ പോലും കടത്തിവെട്ടും ചില കാര്യങ്ങളില്‍. മോശമാക്കിയില്ല എന്ന് ചുരുക്കം. എന്നാലും മാലിന്യം, മിന്നലാക്രമണം, പരിസ്ഥിതി എന്നിവ വലിയ പ്രശ്‌നമായി മുന്നിലുണ്ട്.
പിന്നെയുമുണ്ട് കാര്യങ്ങള്‍. തത്ത പറന്നുകൊത്തുകയാണ്. ആരൊക്കെ വീഴുമെന്നറിയില്ല. വാഴുമെന്നറിയില്ല. അതൊന്നും നോക്കാനും നില്‍ക്കാനും നേരമില്ല. ആഘോഷം അങ്ങനെ നടക്കുമ്പോള്‍ അറുപത് കഴിഞ്ഞവരും കഴിയാത്തവരും ഓട്ടത്തിലാണ്.
ആദ്യം റേഷന്‍ കടയിലേക്ക്. അരിയും ആട്ടയും ഗോതമ്പും വാങ്ങാനല്ല. അതവിടെ നില്‍ക്കട്ടെ. ലിസ്റ്റ് തേടിയാണ് പോകുന്നത്. താഴെയാണോ, മുകളിലാണോ എന്നതാണ് ചോദ്യം. ഇനി ബി പി എല്ലും എ പി എല്ലും ഇല്ല. വരുന്നു മുന്‍ഗണനയും, നോണ്‍ മുന്‍ഗണനയും. കുറെക്കഴിഞ്ഞാല്‍ രണ്ടാമത്തെ വിഭാഗക്കാരെ തിരിഞ്ഞുനോക്കില്ലെന്നാണ് പറയുന്നത്. മുന്‍ഗണനയില്‍ വന്നില്ലെങ്കില്‍ അരിയുമില്ല, ആട്ടയുമില്ല. അതുകൊണ്ട് എങ്ങനെയെങ്കിലും ലിസ്റ്റില്‍ കേറിപ്പറ്റണം.
ലിസ്റ്റിലില്ലെങ്കില്‍ പരാതി നല്‍കാം. ലിസ്റ്റിലില്ല മാഷേ… തലയില്‍ തീയിട്ട് ഓടുകയാണ്. അടുത്ത വീട്ടുകാരന്‍ മുന്‍ഗണനയില്‍, ഗമയില്‍. താനോ, നോണ്‍. ആദ്യം വാര്‍ഡ് മെമ്പറെ കണ്ടു. മുന്‍ഗണനയില്‍ വരാനുള്ള തന്ത്രങ്ങള്‍ പറഞ്ഞുതന്നു.
പിന്നെ പരാതിയുമായി പഞ്ചായത്തിലേക്കായി ഓട്ടം. അവിടെ പരാതിക്കാരുടെ സംസ്ഥാന സമ്മേളനം നടക്കുകയാണെന്ന് തോന്നും. നല്ല ജനക്കൂട്ടം. നോണാണെന്നറിഞ്ഞപ്പോള്‍ ഓടുന്ന ഓട്ടമാണ്. വയറ്റിലാണെങ്കില്‍ നോണുമില്ല, വെജ്ജുമില്ല. നാലുദിവസമായി പണിക്ക് പോയിട്ട്. ഇനി ഹിയറിങ് ദിവസം വീണ്ടുമെത്തണം. അങ്ങനെ എന്തെല്ലാം ഓട്ടങ്ങള്‍.
അതിനിടയില്‍ പാര്‍ട്ടിക്കാര്‍ക്കും പണി കിട്ടി. അവര്‍ റേഷന്‍ കടയിലേക്കായി ഓട്ടം. കൊടിയുമെടുത്ത് പ്രകടനമായാണ് വരവ്. ആര്‍ക്കും നടത്താം സമരം. സംഗതി റേഷനാണ്. ബി ജെ പിയാണ് തുടങ്ങിയത്. ഇടതും വലതും മുന്നണികള്‍ക്കെതിരെയായി അവരുടെ സമരം.
പ്രതിപക്ഷത്തിന് ഭരണപക്ഷത്തെ അടിക്കാനൊരവസരം. അവരും റേഷന്‍കടയിലെത്തി സമരം നടത്തി. എല്‍ ഡി എഫ് വന്നു, കേന്ദ്രത്തിനും പഴയസര്‍ക്കാരിനുമെതിരെ പടയുമായി. എന്തായാലും സര്‍വകക്ഷികളും റേഷന്‍കട കണ്ടു. റേഷന്‍കടയില്‍ വന്ന ഗുണഭോക്താക്കള്‍ കേള്‍വിക്കാരായി. അണികളില്ലെങ്കിലെന്താ സമരം കെങ്കേമമായി.
എല്ലാവരും പ്രാര്‍ഥിക്കാറുണ്ട്, ദാരിദ്ര്യത്തിലേക്ക് എടുത്തെറിയരുതേ എന്ന്. ഹിയറിങ് ദിവസം രാവിലെ ഇങ്ങനെയായിരുന്നു അഭ്യര്‍ഥന. എന്നെയും എന്റെ കുടുംബത്തെയും ദാരിദ്ര്യരേഖക്ക് താഴെയാക്കേണമേ….