ഏറ്റുമുട്ടല്‍ കഥ പ്രസരിപ്പിക്കുന്ന സന്ദേശം

വിദഗ്‌ധോപദേശം സ്വീകരിച്ച്, പഴുതടച്ച് ചെയ്തില്ലെങ്കിലും രാജ്യത്തിന് നല്‍കേണ്ട സന്ദേശം നല്‍കാന്‍ അവസരമൊരുക്കിയ മധ്യപ്രദേശ് സര്‍ക്കാറിനെയും പൊലീസിനെയും സംഘപരിവാരം അകമഴിഞ്ഞ് അഭിനന്ദിക്കേണ്ടതാണ്. 'ഭീകരരാ'ണെങ്കില്‍ അവരെ കൊല്ലുന്നതിന് മനസ്താപം തോന്നേണ്ടതില്ലെന്ന് ജനത്തെ ധരിപ്പിച്ചതില്‍. വെടിവെച്ച് കൊന്നതിന് ശേഷം ഏറ്റുമുട്ടലായി ചിത്രീകരിച്ചതാണെങ്കില്‍ കൂടി, പൊലീസും ഭരണകൂടവും പറയുന്നത് വിശ്വസിക്കുക എന്നതാണ് ജനാധിപത്യത്തില്‍ പങ്കാളികളാകുന്ന ജനത്തിന്റെ ചുമതല എന്ന് ബോധ്യപ്പെടുത്തിയതില്‍. അനാവശ്യ സംശയം ഉന്നയിക്കുന്നതും വയര്‍ലെസ് സംഭാഷണങ്ങളുടെ റെക്കോര്‍ഡുകളോ വഴിപോക്കര്‍ പകര്‍ത്തിയ ദൃശ്യങ്ങളോ അടിസ്ഥാനമാക്കി പൊലീസിനെ കുറ്റപ്പെടുത്തുന്നതും ഒക്കെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന ധാരണ സൃഷ്ടിച്ചതില്‍ ഒക്കെ വലിയ പങ്ക് വഹിച്ചിട്ടുണ്ട് ഭോപ്പാലിലെ ഈ 'ഏറ്റുമുട്ടല്‍.
Posted on: November 5, 2016 6:00 am | Last updated: November 6, 2016 at 4:31 pm

ആസൂത്രണ മികവോ, പ്രവൃത്തി പരിചയമോ, കൈയടക്കമോ പോര മധ്യപ്രദേശ് പൊലീസിന്. വിശദീകരണ വൈഭവം മുമ്പെപ്പോലെ പ്രകടിപ്പിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആഭ്യന്തര മന്ത്രി ഭുപീന്ദര്‍ സിംഗിനും സാധിക്കുന്നുമില്ല. പറഞ്ഞത് മാറ്റിപ്പറഞ്ഞും വിഴുങ്ങിയുമൊക്കെ തപ്പിത്തടയുന്നു. പൊലീസിനെ വിശ്വസിക്കുന്നു, ഒരന്വേഷണവുമില്ലെന്ന് ആവര്‍ത്തിച്ചിരുന്നവര്‍ ഒടുവില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് നിത്യശാന്തി തേടുകയാണ്. മധ്യപ്രദേശ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി എസ് കെ പാണ്ഡെയാണ് ജുഡീഷ്യല്‍ കമ്മീഷനായി പ്രവര്‍ത്തിക്കുക. അന്വേഷണം പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് രണ്ട് വര്‍ഷമെടുക്കും. റിപ്പോര്‍ട്ട് എന്തായാലും അത് സ്വീകരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനില്ല. അന്വേഷണ റിപ്പോര്‍ട്ട് അതിന്‍മേല്‍ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സഹിതം നിയമസഭയില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. മധ്യപ്രദേശ് സര്‍ക്കാറിന്റെ അലമാരകളെ അലങ്കരിക്കുന്ന ഇതര റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഇതും സ്ഥാനം പിടിക്കും. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണമെന്നത് നിത്യശാന്തി തേടലാണെന്ന മുന്‍വിധി ഇപ്പോഴേ പ്രഖ്യാപിക്കുന്നത്.
ഇത് വരാനിരിക്കുന്ന സാഹിത്യം. നടപ്പ് സാഹിത്യമാണ് ഇപ്പോള്‍ വ്യാഖ്യാനിക്കേണ്ടത്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ചമ്പല്‍, കൊള്ളക്കാരുടെ താവളമെന്ന നിലയില്‍ കുപ്രസിദ്ധി നേടിയതാണ്. അവരെങ്ങനെ കൊള്ളക്കാരായെന്നത് തത്കാലം വിടുക, അവരെ നേരിടാന്‍ പൊലീസ് ഏറെ വിഷമിച്ചിരുന്നുവെന്നത് ചരിത്രം. ഒടുവില്‍ ഭൂരിഭാഗം പേരും ഇല്ലാതാക്കപ്പെട്ടു. കൊള്ളക്കാരെ ഏറ്റുമുട്ടലില്‍ പോലീസ് വധിച്ചതിന്റെ കഥകള്‍ വീര പരിവേഷത്തോടെ പ്രചരിപ്പിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ 2016 ആഗസ്തില്‍ ഭരോസി മല്ല എന്ന കൊള്ളക്കാരനെ പൊലീസ് വെടിവെച്ചിട്ടതോടെ ചമ്പല്‍ ശാന്തമായെന്നാണ് സങ്കല്‍പം. ഏറ്റുമുട്ടലുകളില്‍ മധ്യപ്രദേശ് പോലീസിനുള്ള പ്രവൃത്തി പരിചയം ചമ്പലില്‍ പരിമിതപ്പെട്ടിരിക്കുന്നുവെന്ന് ചുരുക്കം. കൊടും ക്രൂരന്മാരായി ചിത്രീകരിക്കപ്പെട്ട ഇവരെ വെടിവെച്ചിടുമ്പോള്‍, അത് ഏറ്റുമുട്ടലിലായാലും അല്ലെങ്കിലും, വലിയ ചോദ്യങ്ങളൊന്നും പൊലീസീനോ അവരെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനോ നേരിടേണ്ടി വന്നിട്ടില്ല, വരികയുമില്ല.
ആ പരിചയം കൈമുതലാക്കിയാകണം ഭോപ്പാല്‍ ജയിലില്‍ വിചാരണത്തടവുകാരായിരുന്ന എട്ട് പേരുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടാകുക. ഒറ്റക്കൊറ്റക്ക് താമസിപ്പിച്ചവര്‍ കൂട്ടായി ആലോചിച്ച് ജയില്‍ ചാടാന്‍ തീരുമാനിച്ചെന്നും അവരൊക്കെ ടൂത്ത് ബ്രഷ് ഉപയോഗിച്ച് കാരാഗൃഹം തുറക്കാനുള്ള താക്കോലുണ്ടാക്കിയെന്നും സ്പൂണിനും പ്ലേറ്റിനും മൂര്‍ച്ച കൂട്ടി ഒരു വാര്‍ഡനെ വധിച്ച്, മെത്തവിരി കൂട്ടിക്കെട്ടി ഗോവണിയുണ്ടാക്കി 30 അടി ഉയരമുള്ള മതില്‍ ചാടിയെന്നുമൊക്കെ ജനത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത് അതുകൊണ്ടാകണം. അങ്ങനെ ചാടിപ്പോയവര്‍ പുതുവസ്ത്രങ്ങളും പാദരക്ഷകളുമൊക്കെ വാങ്ങി, ഏതാനും കിലോമീറ്റര്‍ അകലെയുള്ള കുന്നിന്‍ മുകളില്‍ തമ്പടിച്ചെന്നും നാട്ടുകാര്‍ വിവരമറിയച്ചത് അനുസരിച്ച് അവിടെ എത്തിയ പോലീസുകാരെ ആക്രമിച്ചെന്നും പ്രാണരക്ഷാര്‍ഥം പൊലീസുകാര്‍ വെടിയുതിര്‍ത്തപ്പോള്‍ എട്ട് പേരും ജീവന്‍ വെടിഞ്ഞുവെന്നും കഥ ചമച്ചതും ആ പരിചയത്തിന്റെ അടിസ്ഥാനത്തിലാകണം.
ഇത്തരം കൃത്യങ്ങളില്‍ പരിചയ സമ്പത്തുള്ള നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ഫോണ്‍ വിളി അകലത്തുള്ളപ്പോള്‍, അവരെ ഉപയോഗപ്പെടുത്താനുള്ള അവസരം ശിവരാജ് സിംഗ് ചൗഹാനും മധ്യപ്രദേശ് പൊലീസൂം പാഴാക്കിക്കളഞ്ഞു. അതിലിപ്പോള്‍ സ്വയം പരിതപിക്കാനേ മാര്‍ഗമുള്ളൂ. (പഴയ) ആന്ധ്രാ പ്രദേശിലെ ഹൈദരാബാദില്‍ നിന്ന് മഹാരാഷ്ട്രയിലെ ഷോലാപ്പൂരിലേക്കുള്ള ബസ്സില്‍ കയറിയിരുന്ന സുഹ്‌റാബുദ്ദീന്‍ ശൈഖിനെയും കൗസര്‍ബിയെയും തട്ടിക്കൊണ്ടുവന്ന് ഏതാനും ദിവസം അഹമ്മദാബാദില്‍ താമസിപ്പിച്ചതിന് ശേഷം സുഹ്‌റാബുദ്ദീനെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചത് എങ്ങനെ എന്ന് കറുത്ത താടിയോടും നരച്ച താടിയോടും ചോദിക്കാമായിരുന്നു. അല്ലെങ്കില്‍ ഗുജറാത്ത് പോലീസിലെ ഡി ജി വന്‍സാര (റിട്ടയേഡ്) മുതല്‍ അഭയ് ചുദസാമ വരെയുള്ള ഏതെങ്കിലും ഉദ്യോഗസ്ഥരോട് അന്വേഷിക്കാമായിരുന്നു. ഉന്നത നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടെത്തി ലശ്കറെ ത്വയ്യിബ ‘ഭീകരനാ’യിരുന്നു സുഹ്‌റാബുദ്ദീനെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍കൂട്ടി തയ്യാറാക്കി വെച്ചത് ഏത് വിധത്തിലാണ് ഏറ്റുമുട്ടല്‍ കഥയെ വിശ്വസീയമാക്കിയതെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തമുണ്ടായിരുന്നു ശിവരാജ് സിംഗ് ചൗഹാന്. തെളിവ് നശിപ്പിക്കുന്നതില്‍ കാട്ടിയ കൈയടക്കമോ, മാതൃകാപരമാണ്. കൗസര്‍ബിയെ കൊന്ന് ചുട്ട് ചാരം പുഴയിലൊഴുക്കി. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് സാക്ഷിയായിരുന്ന തുള്‍സി റാം പ്രജാപതിയെ, അഹമ്മദാബാദിലെ കോടതിയില്‍ ഹാജരാക്കാനെന്ന പേരില്‍ രാജസ്ഥാനിലെ ജയിലില്‍ നിന്ന് കൊണ്ടുവരും വഴി ട്രെയിനില്‍ വെച്ച് വെടിവെച്ചു കൊന്നു. ഒപ്പമുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെ വെടിവെച്ചുവെന്ന ആരും വിശ്വസിക്കുന്ന കഥയും ചമച്ചു.
ഇശ്‌റത് ജഹാന്‍, ജാവീദ് ഗുലാം ശൈഖ് (പ്രാണേഷ് കുമാര്‍ പിള്ള), സീഷന്‍ ജോഹര്‍, അംജദ് അലി റാണ എന്നിവരെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ച കേസിലും ഇതേ കൈയടക്കം ഗുജറാത്ത് കാട്ടിയിട്ടുണ്ട്. നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടെത്തിയ ‘ഭീകരര്‍’ എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, നാലുപേരുടെ മൃതദേഹത്തിലും ചേര്‍ത്തുവെക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ സംഭാവന ചെയ്ത തോക്കുകള്‍ ഒക്കെയുണ്ടായിരുന്നു ഇശ്‌റത് ജഹാന്‍ കേസില്‍. ഇതേക്കുറിച്ചൊക്കെ കേട്ടുകേള്‍വിയെങ്കിലുമുണ്ടാകില്ലേ മധ്യപ്രദേശ് മുഖ്യമന്ത്രിക്കും അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും. 2002നും 2006നുമിടയില്‍ ഗുജറാത്തില്‍ മാത്രം അരങ്ങേറിയത് മുപ്പതോളം ഏറ്റുമുട്ടലുകളായിരുന്നു. ഏതാണ്ടെല്ലാറ്റിന്റെയും പിന്നില്‍ ഒരേ ഉദ്യോഗസ്ഥരുമായിരുന്നു. രണ്ടോ മൂന്നോ കേസുകളില്‍ ചില ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി, കുറച്ചുകാലം ജയിലില്‍ കഴിയേണ്ടിവന്നുവെന്നതൊഴിച്ചാല്‍ മറ്റെന്തെങ്കിലും പ്രയാസം നേരിടേണ്ടി വന്നോ? ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴിമുത്തും ഉദ്ധരിച്ച് ഈ കേസുകളില്‍ പോലും പ്രതിരോധം തീര്‍ക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ലേ? അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരില്‍, മൂപ്പെത്തി വിരമിച്ചവരൊഴിച്ച് ബാക്കിയെല്ലാവരും സര്‍വീസില്‍ തിരികെ പ്രവേശിച്ച് സസുഖം വാഴുന്നില്ലേ? മാതൃകകള്‍ ഉണ്ടായിരിക്കെ, വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആളുണ്ടായിരിക്കെ ഇവ്വിധമൊരു സാഹസം വേണ്ടിയിരുന്നോ എന്നേ ചോദ്യമുള്ളൂ.
‘ഏറ്റുമുട്ടലി’ല്‍ പങ്കാളികളായ ധീരരായ പൊലീസൂകാരും കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണം പുറത്തുവന്നതാണ് സംഗതി വ്യാജം തന്നെ എന്ന തോന്നല്‍ ബലപ്പെടുത്തിയത്. ഒന്നിനെയും ബാക്കിവെക്കരുത് എന്നതടക്കം നിര്‍ദേശങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും വേണ്ടത്ര ജാഗ്രത പാലിക്കാന്‍ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിനും അവിടുത്തെ പൊലീസിനും സാധിച്ചില്ല. മുന്‍ മാതൃകകള്‍ മനസ്സിലാക്കി പ്രവൃത്തിക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായി ഇവിടെയും എന്ന് കാണാം. 2002ല്‍ ആസൂത്രിതമായ വംശഹത്യാ ശ്രമമുണ്ടായപ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മന്ത്രിമാരെ നിയോഗിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ചെയ്തത്. കൃത്യനിര്‍വഹണം വീഴ്ചയില്ലാതെ പൂര്‍ത്തിയായതോടെ വയര്‍ലെസ് സന്ദേശങ്ങളുടെ രേഖകളൊക്കെ നശിപ്പിച്ചും മാതൃക കാട്ടി. പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരുമൊക്കെ ടെലിഫോണില്‍ സംസാരിച്ചതിന്റെ രേഖകളും വൈകാതെ നശിപ്പിച്ചു. ആ വിവരങ്ങളുള്‍ക്കൊള്ളുന്ന സി ഡി കൈവശമുണ്ടെന്ന് കരുതപ്പെടുന്ന ഐ പി എസ് ഉദ്യോഗസ്ഥനെ വിടാതെ പിന്തുടരുകയും ചെയ്തു. വയര്‍ലെസ് സന്ദേശങ്ങള്‍ നശിപ്പിക്കുന്നതിലുണ്ടായ അലംഭാവം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഫോണ്‍ വിളി രേഖകള്‍ ജീവനോടെയിരിക്കുന്നത് തടയാന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിരോധിക്കപ്പെട്ട സംഘടനയുടെ പ്രവര്‍ത്തകര്‍ എന്ന ആരോപണം, പുനെ, ചെന്നൈ, അഹമ്മദാബാദ് സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന കുറ്റപ്പെടുത്തല്‍, കവര്‍ച്ചയുള്‍പ്പെടെ മറ്റ് കേസുകള്‍ എന്നിവയാല്‍ ചുഴന്ന് ജയിലില്‍ കഴിഞ്ഞിരുന്ന എട്ട് പേരുടെ കാര്യത്തിലൊരു തീര്‍പ്പുണ്ടാക്കാന്‍ ഇതിലും ഭേദപ്പെട്ടതൊക്കെ സ്വന്തം നിലയില്‍ തന്നെ ആസൂത്രണം ചെയ്യാമായിരുന്നു. ഏറ്റുമുട്ടലിന്റെ സമയം അല്‍പ്പം വൈകിപ്പിച്ചിരുന്നുവെങ്കില്‍ കൂടി വിശ്വാസ്യത ഏറുമായിരുന്നു. കൈവിട്ട ആയുധമാണ്, അതിനെ അന്വേഷണം കൊണ്ട് തടയുകയേ ഇനി മാര്‍ഗമുള്ളൂ.
വിദഗ്‌ധോപദേശം സ്വീകരിച്ച്, പഴുതടച്ച് ചെയ്തില്ലെങ്കിലും രാജ്യത്തിന് നല്‍കേണ്ട സന്ദേശം നല്‍കാന്‍ അവസരമൊരുക്കിയ മധ്യപ്രദേശ് സര്‍ക്കാറിനെയും പൊലീസിനെയും സംഘപരിവാരം അകമഴിഞ്ഞ് അഭിനന്ദിക്കേണ്ടതാണ്. ‘ഭീകരരാ’ണെങ്കില്‍ അവരെ കൊല്ലുന്നതിന് മനസ്താപം തോന്നേണ്ടതില്ലെന്ന് ജനത്തെ ധരിപ്പിച്ചതില്‍. വെടിവെച്ച് കൊന്നതിന് ശേഷം ഏറ്റുമുട്ടലായി ചിത്രീകരിച്ചതാണെങ്കില്‍ കൂടി, പൊലീസും ഭരണകൂടവും പറയുന്നത് വിശ്വസിക്കുക എന്നതാണ് ജനാധിപത്യത്തില്‍ പങ്കാളികളാകുന്ന ജനത്തിന്റെ ചുമതല എന്ന് ബോധ്യപ്പെടുത്തിയതില്‍. അനാവശ്യ സംശയം ഉന്നയിക്കുന്നതും വയര്‍ലെസ് സംഭാഷണങ്ങളുടെ റെക്കോര്‍ഡുകളോ വഴിപോക്കര്‍ പകര്‍ത്തിയ ദൃശ്യങ്ങളോ അടിസ്ഥാനമാക്കി പൊലീസിനെ കുറ്റപ്പെടുത്തുന്നതും ഒക്കെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന ധാരണ സൃഷ്ടിച്ചതില്‍ ഒക്കെ വലിയ പങ്ക് വഹിച്ചിട്ടുണ്ട് ഭോപ്പാലിലെ ഈ ‘ഏറ്റുമുട്ടല്‍.’
ഇവയൊക്കെ മനസ്സിലാക്കി പ്രവര്‍ത്തിക്കാത്തവര്‍ രാജ്യ സ്‌നേഹികളാകാന്‍ തരമില്ല. ‘ഭീകരരെ’ വധിച്ചത് ചോദ്യം ചെയ്യുക എന്നാല്‍ രാജ്യദ്രോഹം തന്നെയാണു താനും. മനുഷ്യ ജീവനേക്കാള്‍ വിലയുണ്ട് രാജ്യത്തിന്. രാജ്യമുണ്ടെങ്കിലേ മനുഷ്യര്‍ക്ക് ഇടമുണ്ടാകൂ. മനുഷ്യരില്ലെങ്കിലും രാജ്യം നിലനില്‍ക്കും. ആകയാല്‍ രാജ്യത്തിന് പ്രഥമ പരിഗണന നല്‍കണമെന്നതില്‍ തര്‍ക്കം വേണ്ട. ഏറെ കഷ്ടപ്പെട്ട് ജയില്‍ ചാടിയവര്‍, നേരെ പോയി പുത്തന്‍ കുപ്പായവും ഷൂവും വാങ്ങി മലമുകളില്‍ കയറിയിരുന്ന് എവിടെയൊക്കെ സ്‌ഫോടനങ്ങള്‍ നടത്തണമെന്ന് ആലോചിച്ചവര്‍, രാജ്യത്തിന് അവിടെ വസിക്കുന്ന ജനങ്ങള്‍ക്ക് ഒക്കെ വരുത്താനിരുന്ന വലിയ അപകടം ഇവിടെ ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇവര്‍ക്ക് ജയിലിനകത്തും പുറത്തും സഹായം നല്‍കിയവരാരെന്ന് കണ്ടെത്തുകയാണ് ഉത്തരവാദിത്തബോധമുള്ള ഭരണകൂടത്തിന്റെ ചുമതല. അതിനു ശ്രമിക്കാന്‍ അനുവദിക്കാതെ, ഏറ്റുമുട്ടി മരിച്ചതാണോ അതോ കൊന്നതാണോ എന്ന് കണ്ടെത്തണമെന്നാണ് ന്യൂനപ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇത്തരം സംഗതികളില്‍ എഫ് ഐ ആറും സ്വതന്ത്രാന്വേഷണവും നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ആകയാല്‍ ജനാധിപത്യത്തിലെ ഉന്നതമായ മൂല്യങ്ങളെ ഒന്നുകൂടി ഉയര്‍ത്തുക എന്ന ഉദ്ദേശ്യത്തില്‍ സംഗതി ജുഡീഷ്യലാക്കാന്‍ തന്നെ തീരുമാനിച്ചു. മാതൃകകള്‍ പിന്തുടരുന്നതില്‍ ഉണ്ടായ വലിയ വീഴ്ചയെക്കുറിച്ച് പാര്‍ട്ടി തല അന്വേഷണം വേണമെങ്കില്‍ നടത്താവുന്നതുമാണ്.