ഐഎസ്എല്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് ഡെല്‍ഹി ഡൈനാമോസിനോട് തോറ്റു

Posted on: November 4, 2016 9:40 pm | Last updated: November 5, 2016 at 11:32 am

isl1ന്യൂഡല്‍ഹി: രണ്ടാം പകുതിയില്‍ നാല് മിനുട്ടിനിടെ രണ്ട് ഗോളുകള്‍. അവിടെ കഴിഞ്ഞു കേരളബ്ലാസ്റ്റേഴ്‌സിന്റെ കഥ. ഡല്‍ഹിഡൈനാമോസിന് ഹോംഗ്രൗണ്ടില്‍ മികവുറ്റ ജയം.
അമ്പത്താറാം മിനുട്ടില്‍ കീന്‍ ലൂയിസും അറുപതാം മിനുട്ടില്‍ മാര്‍സെലിഞ്ഞോയുമാണ് ഗോളുകള്‍ നേടിയത്.
എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹി ഡൈനമോസ് പതിമൂന്ന് പോയിന്റുമായി ഐ എസ് എല്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തൊട്ടുപിറകില്‍.
ഐ എസ് എല്‍ മൂന്നാം സീസണിലെ മികച്ച അറ്റാക്കിംഗ് നിരയും മികച്ച പ്രതിരോധ നിരയും തമ്മിലുള്ള പോരാട്ടമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍. ആദ്യ പകുതിയില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം ആ തലയെടുപ്പ് കാണിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തകര്‍ത്തെറിയാന്‍ സാംബ്രോട്ടയുടെ ശിഷ്യന്‍മാര്‍ക്ക് സാധിച്ചു.
എട്ട് മത്സരങ്ങളില്‍ നിന്ന് ഡല്‍ഹി പന്ത്രണ്ട് ഗോളുകള്‍ നേടി ഡല്‍ഹി അവരുടെ ആക്രമണോത്സുകത പ്രദര്‍ശിപ്പിച്ചു. അതേ സമയം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യമായി ഒരു കളിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങി.
islആദ്യ നാല്‍പ്പത്തഞ്ച് മിനുട്ടില്‍ ഡല്‍ഹി കൂടുതല്‍ നേരം പന്ത് കൈവശം വെച്ചു. മികച്ച പാസിംഗുമായി ബോക്‌സ് വരെ അവര്‍ എത്തിനോക്കി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയാകട്ടെ കൗണ്ടര്‍ അറ്റാക്കിംഗ് മാത്രം ലക്ഷ്യമിട്ട് പ്രതിരോധ ശക്തമാക്കി. എങ്കിലും കൂടുതല്‍ നേരം മഞ്ഞപ്പടക്ക് ഹോം ടീമിനെ പ്രതിരോധിച്ചു നില്‍ക്കുക പ്രയാസമാകുമെന്ന സൂചന ലഭിച്ചു കൊണ്ടിരുന്നു. റിചാര്‍ഡ് ഗാസെയും മാര്‍സെലിഞ്ഞോയും നടത്തിയ അതിവേഗ നീക്കങ്ങള്‍ അതിന്റെ സൂചകങ്ങളായി. ഫ്‌ളോറന്റ് മലൂദ മധ്യനിരയില്‍ നിന്ന് നല്‍കിയ പന്തുകളെല്ലാം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ ഹെംഗ്ബര്‍ട്ടിന്റെ ഉറക്കം കെടുത്തി.
ആദ്യപകുതിയില്‍ കേരളത്തിന്റെ മികച്ച ഗോളവസരം നാല്‍പ്പത്തിരണ്ടാം മിനുട്ടിലായിരുന്നു. കെര്‍വെന്‍സ് ബെല്‍ഫൊര്‍ട്ടിന്റെ ക്രോസ് ബോള്‍ ബോക്‌സിന് പുറത്ത് നിന്ന് കയറി വന്ന ദിദിയര്‍ ഊക്കന്‍ ഹെഡറിലൂടെ ടാര്‍ഗറ്റ് ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദിക്ക് സംഭവിച്ച പിഴവാണ് ഗോളില്‍ കലാശിച്ചത്. നന്ദിയുടെ ക്ലിയറിംഗ് ബോള്‍ പിടിച്ചെടുത്ത ഗാസെ സഹതാരം കീന്‍ ലൂയിസിന് നല്‍കി. അനായാസ ഗോള്‍. നാല് മിനുട്ടിനുള്ളില്‍ മലൂദയുടെ മനോഹരമാ യ പാസില്‍ ബ്രസീലിയന്‍ മാര്‍സെലിഞ്ഞോയുടെ ഗോള്‍.
4-4-2 ശൈലിയില്‍ അണിനിരന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വല കാത്തത് സന്ദീപ് നന്ദിയായിരുന്നു. ഹ്യൂസിന്റെ അഭാവത്തില്‍ പ്രതിരോധ നിരയെ നയിച്ചത് ക്യാപ്റ്റന്‍ ഹെംഗ്ബര്‍ട് ആയിരുന്നു. ജിങ്കാന്‍, ഹൊസു കുരിയാസ്, എന്‍ഡോയെ എന്നിവരാണ് പ്രതിരോധത്തില്‍ ഹെംഗ്ബര്‍ട്ടിന് കൂട്ടായത്. ഇഷ്ഫാഖ്, മെഹ്താബ്, അസ്‌റാക്ക്, കാദിയോ എന്നിവര്‍ മധ്യനിരയില്‍. റാഫിയും ബെല്‍ഫോര്‍ട്ടും സ്‌ട്രൈക്കര്‍മാര്‍.