ലോക സൈനിക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഖത്വറില്‍

Posted on: November 4, 2016 7:55 pm | Last updated: November 7, 2016 at 10:16 pm
സായുധ സേനാ മേധാവികള്‍ വാര്‍ത്താ സമ്മേളനത്തില്‍
സായുധ സേനാ മേധാവികള്‍ വാര്‍ത്താ സമ്മേളനത്തില്‍

ദോഹ: 49 ാം സി ഐ എസ് എം സൈനിക ഷൂട്ടിംഗ് ചാംപ്യന്‍ ഷിപ്പിന് ഖത്വര്‍ വേദിയാകുമെന്ന് ഖത്വര്‍ സായുധസേന അധികൃതര്‍ പ്രഖ്യാപിച്ചു. ഈമാസം 13 മുതല്‍ 19 വരെയാണ് മത്‌സരം നടക്കുക. ഒമ്പത് ദിവസം നീണ്ട ചാംപ്യന്‍ഷിപ്പില്‍ 50 രാജ്യങ്ങളില്‍ നിന്നായി പങ്കാളിത്തം ഉണ്ടാകും.
ടീം അംഗങ്ങള്‍ പത്തിന് എത്തിച്ചേരുമെന്നും അധികൃതര്‍ പറഞ്ഞു. 12 വിഭാഗങ്ങളിലായി 720 ഷൂട്ടേഴ്‌സാണ് മാറ്റുരക്കുക. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക മത്സരങ്ങളുണ്ടാകും. 51 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുടെ മത്‌സരത്തിന് ആതിഥേയത്വം വഹിക്കുന്നതില്‍ ആഹഌമുണ്ടെന്ന് ഖത്വര്‍ സായുധ സൈനിക വിഭാഗം മേജര്‍ ജനറലും സംഘാടക സമിതിയുടെ മുഖ്യ അംഗവുമായ ദഹ്‌ലാന്‍ അല്‍ ഹമദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മത്‌സരാര്‍ഥികള്‍ വളരെ ഗൗരവത്തിലും മുന്നൊരുക്കത്തോടും കൂടിയും കാണുന്ന മത്‌സരമാണിതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ തവണയാണ് ഖത്വര്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ ഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. 2013 ലായിരുന്നു ആദ്യമത്‌സരം.
133 ഓളം രാജ്യങ്ങളുടെ അംഗത്വമുള്ള ലോകത്തിലെ പ്രബലമായ സംഘടനയാണ് സി ഐ എസ് എം. ലോകത്തിലെ വിവിധ രാജ്യങ്ങളിലായുള്ള സൈനികരെ ഒരു വേദിക്ക് കീഴില്‍ അണിനിരത്തുകയും സമാധാന സന്ദേശം കൈമാറുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത്തവണ ഖത്വറില്‍ നിന്നുള്ള മത്‌സരാര്‍ഥികളും ഏറെ പ്രതീക്ഷയോടെയാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത് എന്നും മേജര്‍ ജനറല്‍ പറഞ്ഞു.
ഖത്വറിന്റെ 27 സൈനികരാണ് മത്‌സരത്തില്‍ പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായി മത്സസരാര്‍ഥികള്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ കഴിഞ്ഞ മാസം നടന്ന പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് അംഗങ്ങള്‍ യൂറോപ്പ്യന്‍ ഇന്റര്‍നാഷനല്‍ മിലിട്ടറി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മികച്ച പ്രകടനവും നാല് മെഡലുകളും നേടിയിരുന്നുവെന്നും മേജര്‍ ജനറല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.