കൊച്ചുപോള്‍ വധം: പ്രതിക്ക് 40 വര്‍ഷം കഠിനതടവും പിഴയും

Posted on: November 4, 2016 5:55 am | Last updated: November 3, 2016 at 11:57 pm

2തൃശൂര്‍: ഇരിങ്ങാലക്കുട തുമ്പൂര്‍ കൊച്ചുപോള്‍ വധക്കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും. ഒരുലക്ഷം രൂപ കൊച്ചുപോളിന്റെ മകന് നല്‍കണമെന്നും കോടതി വിധിച്ചു. തുമ്പൂര്‍ പാറോക്കാരന്‍ വറീതിന്റെ മകന്‍ കൊച്ചുപോളിനെ(73) കൊലപ്പെടുത്തിയ കേസില്‍ കല്ലൂര്‍ മാവിന്‍ചുവട് വടക്കുഞ്ചേരി വീട്ടില്‍ ടോണി എന്ന തോമസിനെയാണ് 40 വര്‍ഷം കഠിനതടവിനും പിഴ ശിക്ഷക്കും വിധിച്ചത്. തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ആനി ജോണാണ് ശിക്ഷ വിധിച്ചത്.
2011 നവംബര്‍ 16ന് പുലര്‍ച്ചെ നാലിന് തുമ്പൂരില്‍ ഒറ്റക്ക് താമസിച്ചിരുന്ന കൊച്ചുപോളിനെ സഹോദരി പുത്രനായ ടോണി വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയും കൊച്ചുപോളിന്റെ തലയിണയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന 45 ഗ്രാമിലധികം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ പ്രതി ടോണിയോടൊപ്പം കുറ്റകൃത്യത്തില്‍ കൂട്ടുപ്രതിയായിരുന്ന എറണാകുളം കാഞ്ഞൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജോസഫിനെ(19) തൃശൂര്‍ സി ജെ എം കോടതിയുടെ ഉത്തരവ് പ്രകാരം പ്രോസിക്യൂഷന്‍ മാപ്പുസാക്ഷിയാക്കി. പ്രോസിക്യൂഷന് അനുകൂലമായി ജോസഫ് മൊഴി നല്‍കി. കൊലപാതകം നേരിട്ടു കണ്ടതായും ജോസഫ് മൊഴി നല്‍കി. കൂട്ടുപ്രതിയെ മാപ്പുസാക്ഷിയാക്കി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് കൊലപാതക കേസുകളില്‍ വളരെ അപൂര്‍വമാണ്.—
അയല്‍വാസി പ്രിന്‍സ്, പഞ്ചായത്ത് അംഗം ജോസ്, വിരലടയാള വിദഗ്ധന്‍ നാരായണപ്രസാദ്, സയന്റിഫിക് അസിസ്റ്റന്റ് ലാലി, കൊച്ചുപോളിന്റെ മകന്‍ ജിജിപോള്‍, മൃതദേഹം ആദ്യം കണ്ട പ്ലംബര്‍ ജോസഫ്, പ്രതി വെട്ടുകത്തി വാങ്ങിയ കടയുടമ വര്‍ഗീസ്, സംഭവത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയ കാഞ്ഞൂര്‍ സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ സിസ്റ്റര്‍ സെലീന എന്നിവരടക്കമുള്ളവരെ കോടതിയില്‍ സാക്ഷികളായി വിസ്തരിച്ചു. സ്വകാര്യ മൊബൈല്‍ കമ്പനി നോഡല്‍ ഓഫീസര്‍മാരെയും തൃശൂര്‍ സി ജെ എം, ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് എന്നിവരെയും വിസ്തരിച്ചു.—
കവര്‍ച്ച മുതല്‍ പണയം വെച്ച അങ്കമാലി ന്യൂ വെല്‍ഫെയര്‍ ഫിനാന്‍സില്‍ നിന്നും കണ്ടെടുത്തു.