വൈദ്യുതി ഉപഭോക്താക്കളുടെ കുടിശിക : ഒറ്റത്തവണ തീര്‍പ്പാക്കാന്‍ പദ്ധതി

Posted on: November 4, 2016 12:36 am | Last updated: November 3, 2016 at 11:37 pm

തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കളുടെ കുടിശ്ശിക നിവാരണത്തിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. രണ്ട് വര്‍ഷത്തിലധികം കാലയളവിലുള്ള കുടിശികകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുക. റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചിട്ടുള്ളവര്‍ക്കും കോടതിയുടെ പരിഗണനയിലുള്ളതും തര്‍ക്കത്തിലുള്ളതുമായ കുടിശികകളുള്ളവര്‍ക്കും ഈ പദ്ധതിയില്‍ അപേക്ഷിക്കാവുന്നതാണ്.
ഈ പ്രത്യേക പദ്ധതി പ്രകാരം കുടിശിക തീര്‍പ്പാക്കുന്നവര്‍ കറന്റ് ചാര്‍ജ് ഇനത്തിളുള്ള മുഴുവന്‍ തുകയും ഒന്നിച്ച് അടക്കേണ്ടതാണ്. എന്നാല്‍, സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ അര്‍ഹതയുള്ളവര്‍ക്ക് മുതല്‍ സംഖ്യയും ഗഡുക്കളായി അടക്കാവുന്നതാണ്. പിഴപ്പലിശ ആറ് മാസത്തെ ഗഡുക്കളായി അടച്ചാല്‍ മതിയാകും. അഞ്ച് വര്‍ഷം കഴിഞ്ഞ കുടിശിക തുകകള്‍ക്ക് ആറ് ശതമാനവും രണ്ട് മുതല്‍ അഞ്ച്‌വരെ വര്‍ഷം കാലപരിധിയുള്ള കുടിശികകള്‍ക്ക് എട്ട് ശതമാനവും പലിശയാണ് ഈ പദ്ധതിയില്‍ ഈടാക്കുന്നത്.
മുതലും പലിശയും ഒന്നിച്ച് പൂര്‍ണമായി അടക്കുന്നവര്‍ക്ക് പിഴപ്പലിശയില്‍ രണ്ട് ശതമാനം ഇളവ് ലഭിക്കുന്നതാണ്. റവന്യൂ റിക്കവറി നടപടികള്‍ക്ക് വിധേയരായിട്ടുള്ളവര്‍ ഈ പദ്ധതിയില്‍ ഒത്തുതീര്‍പ്പായാല്‍ അവര്‍ റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് ആവശ്യപ്പെടുന്ന കളക്ഷന്‍ ചാര്‍ജ് കൂടി അടക്കേണ്ടതാണ്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകളില്‍ ഒത്തുതീര്‍പ്പാകണമെങ്കില്‍ ആ കേസുകള്‍ പിന്‍വലിക്കേണ്ടതാണ്.
ലോടെന്‍ഷന്‍ ഉപഭോക്താക്കളുടെ അപേക്ഷ ഇലക്ട്രിക്കല്‍ സെക്ഷനോഫീസുകളിലും എച്ച് റ്റി/ഇ എച്ച് റ്റി ഉപഭോക്താക്കള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ റവന്യൂവിനുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2017 മാര്‍ച്ച് 25 ആണ്.