Connect with us

Kerala

എസ്എസ്എഫ് പ്രതിഷേധം ഫലം കണ്ടു; വിവാദ പാഠപുസ്തകം സര്‍വകലാശാല പിന്‍വലിച്ചു

Published

|

Last Updated

തേഞ്ഞിപ്പലം: ഐ.എസ് തീവ്രവാദക്കേസില്‍ പ്രതിക്കൂട്ടിലായ സലഫികളുടെ ആശയം ഉള്‍ക്കൊള്ളുന്ന അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പാഠപുസ്തകം കാലിക്കറ്റ് സര്‍വ്വകലാശാല പിന്‍വലിച്ചു. അഫ്‌സലുല്‍ ഉലമ പഠനബോര്‍ഡ് ചെയര്‍മാനും ഫാറൂഖിലെ റൗളത്തുല്‍ ഉലും അറബിക് കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമായ അബ്ദുല്‍ അസീസുമായി കൂടിയാലോചിച്ച് വൈസ് ചാന്‍സലര്‍ ഡോ: കെ. മുഹമ്മദ് ബഷീര്‍ വിവാദ പാഠപുസ്തകം പിന്‍വലിച്ച് ഇന്ന് ഉത്തരവിറക്കുകയായിരുന്നു. ഉത്തരവ് നടപടിക്രമങ്ങളുടെ ഭാഗമായി വിസി അക്കാദമിക് കൗണ്‍സിലിന് കൈമാറി.

ബി.എ അഫ്‌സലുല്‍ ഉലമ കോഴ്‌സില്‍ ഈ അധ്യയന വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയ കിതാബുത്തൗഹീദ് എന്ന പാഠപുസ്തകമാണ് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. പകരം മുന്‍ വര്‍ഷങ്ങളില്‍ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്ന തൗഹീദ് വശിര്‍ക്ക് പാഠപുസ്തകം തന്നെ വീണ്ടും ഉള്‍പ്പെടുത്തിയാണ് വിസി തീരുമാനമെടുത്തത്. സര്‍ക്കാര്‍ ചെലവില്‍ സലഫിസം പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി എസ്.എസ്.എഫ് ശനിയാഴ്ച സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാഠപുസ്തകം സര്‍വ്വകലാശാല പിന്‍വലിച്ചത്.

മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് സിന്‍ഡിക്കേറ്റ് നിയോഗിച്ച പഠനബോര്‍ഡാണ് ബി.എ അഫ്‌സലുല്‍ ഉലമ ഒന്നാം വര്‍ഷ സിലബസിലേക്ക് സലഫി ആശയങ്ങളുള്ള പാഠപുസ്തകം ഉള്‍പ്പെടുത്തിയത്. മഹാഭൂരിപക്ഷം വരുന്ന സുന്നികളുടെ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിക്കുന്നതാണ് പാഠപുസ്തകമെന്ന് ആരോപണം ഉയര്‍ന്നതോടെ സര്‍വ്വകലാശാല വിഷയത്തില്‍ പരിശോധന നടത്തുകയും പിന്‍വലിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.