Connect with us

National

ചരക്കുസേവന നികുതിഘടന പ്രഖ്യാപിച്ചു; നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും

Published

|

Last Updated

ന്യൂഡല്‍ഹി: ഏറെ തര്‍ക്കത്തിനൊടുവില്‍ ചരക്ക് സേവന നികുതി നിരക്കുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായി. ഇതോടെ, സ്വാതന്ത്ര്യലബ്ധിക്ക് ശേഷം സമഗ്രമായി പരിഷ്‌കരിക്കുന്ന രാജ്യത്തിന്റെ നികുതി സമ്പ്രദായത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് അഞ്ച് ശതമാനമാകും. നാല് സ്ലാബുകളിലായി അഞ്ച് ശതമാനം മുതല്‍ 28 ശതമാന വരെയാണ് നികുതി നിരക്ക്. അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെയാണ് പ്രഖ്യാപിത നിരക്കുകള്‍.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാരടങ്ങുന്ന ജി എസ് ടി കൗണ്‍സില്‍ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. ചരക്ക് സേവന നികുതി സമ്പ്രദായം നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ 50,000 കോടി രൂപ സമാഹരിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പുതിയ നികുതി സമ്പ്രദായത്തില്‍ ആഡംബര വസ്തുക്കള്‍ക്കാണ് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുക. 28 ശതമാനമാണിത്. അവശ്യവസ്തുക്കളുടെ നികുതി നിരക്ക് അഞ്ച് ശതമാനമാക്കി നിജപ്പെടുത്തിയതിനാല്‍ ജി എസ് ടി നടപ്പാകുന്നതോടെ ഇവയുടെ വിലയില്‍ ഗണ്യമായ കുറവ് വരും. മറ്റ് അടിസ്ഥാന വസ്തുക്കളുടെ നികുതിയും അഞ്ച് ശതമാനമായി നിലനിനിര്‍ത്തും. നിലവില്‍ 14 ശതമാനമാണ് അവശ്യ സാധനങ്ങള്‍ക്ക് ഈടാക്കി വരുന്ന നികുതി നിരക്ക്.
സാധാരണക്കാര്‍ ഉപയോഗിക്കുന്ന അവശ്യ ഭക്ഷ്യധാന്യങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ ജനം ആവശ്യപ്പെടുന്നുവെന്ന മാനദണ്ഡം പരിഗണിച്ചാണ് അവശ്യവസ്തുക്കളുടെ നികുതി 14ല്‍ നിന്ന് അഞ്ച് ശതമാനമാക്കിയത്.
പുകയില ഉത്പന്നങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും സെസിന് പുറമെ 28 ശതമാനം നികുതി ഈടാക്കും. ആഡംബര കാറുകള്‍ക്കും ശീതളപാനീയങ്ങള്‍ക്കും സെസ് അടക്കം 40 ശതമാനം ഉയര്‍ന്ന നികുതിയാണ് നിലവില്‍ വരിക. പുകയില ഉത്പന്നങ്ങളുടെ നികുതി നിരക്ക് 65 ശതമാനമായി ഉയരും. നികുതി കുറയുന്നതോടെ ടി വി, എ സി, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ എന്നിവയുടെ വില കുറഞ്ഞേക്കും. സ്വര്‍ണത്തിന്റെ നിരക്ക് പ്രഖ്യാപിച്ചിട്ടില്ല.
ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനം പാര്‍ലിമെന്റ് അംഗീകരിച്ചാലേ നടപ്പാക്കാനാകൂ. ബില്ല് നിലവില്‍ പാര്‍ലിമെന്റ് സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. പാര്‍ലിമെന്റിന്റെ അംഗീകാരം നേടിയ ശേഷം ഓരോ സംസ്ഥാനവും പ്രത്യേക അംഗീകാരവും നല്‍കണം. തുടര്‍ന്ന് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നികുതി ഘടന നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം