മയ്യിത്ത് നിസ്‌കാരത്തിനും നിക്കാഹിനും പള്ളിക്കമ്മിറ്റിയുടെ നിയന്ത്രണം പാടില്ല

Posted on: November 3, 2016 7:55 am | Last updated: November 3, 2016 at 12:58 am

കോഴിക്കോട്: മയ്യിത്ത് നിസ്‌കാരം, സംസ്‌കരണം, നിക്കാഹ് തുടങ്ങിയ കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ടവരും അവര്‍ ഏല്‍പ്പിച്ചവരും നിര്‍വഹിക്കണമെന്നും പള്ളിക്കമ്മിറ്റിയുടെ നിയന്ത്രണം പാടില്ലെന്നും വഖ്ഫ് ബോര്‍ഡ് വിധി.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ കളംത്തോട് മുടപ്പനക്കല്‍ മദാരിസുല്‍ മുസ്‌ലിമീന്‍ അസോസിയേഷനെതിരെ നല്‍കിയ പരാതിയിലാണ് വഖ്ഫ് ബോര്‍ഡ് വിധി. ഒരു മയ്യിത്ത് നിസ്‌കാരത്തിന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതിനനുസരിച്ച് ഒരു സുന്നി പണ്ഡിതന്‍ പള്ളിയിലെത്തുകയും ഏല്‍പ്പിക്കപ്പെട്ട പ്രകാരം ഇമാമത്തിന് തയ്യാറെടുക്കുകയും ചെയ്തപ്പോള്‍ അസോസിയേഷന്‍ പ്രസിഡന്റും മറ്റും തടഞ്ഞതിനെ തുടര്‍ന്ന് കളംതോട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രതിനിധികളായ അബ്ദുര്‍റഹ്മാന്‍ ബുസ്താന്‍, ഇമ്പിച്ചിക്കോയ മാസ്റ്റര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി.
അനന്തരാവകാശികളില്ലെങ്കില്‍ കമ്മിറ്റി നിശ്ചയിക്കുന്ന ഖത്തീബ്, ഇമാം മാത്രമേ മയ്യത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കാവൂ എന്നും നിക്കാഹിന് കാര്‍മികത്വം നിര്‍വഹിക്കുന്നതിന് മറ്റ് പണ്ഡിതരോ മറ്റോ നേതൃത്വം നല്‍കുന്നത് അനുവദിക്കാനാകില്ലെന്നുമുള്ള മദാരിസുല്‍ മുസ്‌ലിമീന്‍ അസോസിയേഷന്‍ കമ്മിറ്റി നിലപാട് വഖ്ഫ്‌ബോര്‍ഡ് തള്ളി. മഹല്ലുകളിലെ നിക്കാഹിന് അതുമായി ബന്ധപ്പെട്ടവര്‍ ഏല്‍പ്പിക്കുന്നവരാണ് കാര്‍മികത്വം നല്‍കേണ്ടതെന്നും അത് നിയന്ത്രിക്കാനോ തടയാനോ കമ്മിറ്റിക്കാര്‍ക്ക് അവകാശമില്ലെന്നും വിധിയില്‍ പറയുന്നു. മര്‍കസ് മസ്ജിദ് അലയന്‍സ് കമ്മിറ്റി മുഖേനെ ഫയല്‍ ചെയ്ത പരാതിയില്‍ അഡ്വ. മുഹമ്മദ് ശുഐബ് ഹാജരായി.