Connect with us

International

വിമതര്‍ക്ക് റഷ്യയുടെ അന്ത്യശാസനം

Published

|

Last Updated

മോസ്‌കോ: അലെപ്പോയില്‍ ആക്രമണം നടത്തുന്ന സിറിയന്‍ വിമതരോട് നഗരം വിടണമെന്ന് റഷ്യയുടെ അന്ത്യശാസനം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വിമത സൈന്യത്തോട് അലെപ്പോ വിട്ടുപോകണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചക്ക് ശേഷം വിമത നഗരങ്ങളില്‍ വ്യോമാക്രമണം രൂക്ഷമാക്കുമെന്ന സൂചനയും സൈനിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഏഴ് വരെ വ്യോമാക്രമണം ഉണ്ടാകില്ലെന്നും ഈ സമയത്ത് വിമതര്‍ക്ക് നഗരം വിടാമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വെള്ളിയാഴ്ചത്തെ വെടിനിര്‍ത്തല്‍ ഉപയോഗപ്പെടുത്താകുന്നതാണെന്നും നിര്‍ദേശത്തിലുണ്ട്.
ഇസില്‍, സര്‍ക്കാര്‍ വിമതര്‍ എന്നിവരുടെ ആക്രമണം ശക്തമായ അലെപ്പോയില്‍ സിറിയയുടെയും ഇവരെ പിന്തുണക്കുന്ന റഷ്യന്‍ സേനയുടെയും സൈനിക മുന്നേറ്റം രൂക്ഷമാണ്. വിമത, ഇസില്‍ സ്വാധീന പ്രദേശം തിരിച്ചുപിടിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് റഷ്യക്കും സിറിയക്കും മുമ്പിലുള്ളത്. എന്നാല്‍, ലക്ഷക്കണക്കിന് സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന അലെപ്പോയില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ കൂടിവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ജനങ്ങള്‍ ദുരിതത്തിലാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. പട്ടിണിയെ തുടര്‍ന്ന് നിരവധി പേര്‍ മരണക്കിടക്കിയിലാണെന്നും പരുക്കേറ്റവര്‍ക്ക് പ്രാഥമിക വൈദ്യസഹായം പോലും എത്തിക്കാനുള്ള സംവിധാനം അലെപ്പോയില്‍ ഇല്ലെന്നും സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
നാളെത്തെ വെടിനിര്‍ത്തല്‍ അലെപ്പോയിലെ വിമതര്‍ക്കും സാധാരണക്കാര്‍ക്കും ഒരേപോലെ ഉപയോഗിക്കാവുന്നതാണ്.
പ്രത്യേകം തയ്യാറാക്കിയ രണ്ട് രക്ഷാമാര്‍ഗങ്ങള്‍ വഴി അലെപ്പോയിലുള്ള വിമതര്‍ക്ക് രക്ഷപ്പെടാവുന്നതാണ്. ആയുധവുമായി നീങ്ങുന്നതിനും വിരോധമില്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. രോഗികളടക്കമുള്ള സാധാരണക്കാര്‍ക്ക് രക്ഷപ്പെടാനായി ആറ് നടപ്പാതകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വ്യോമാക്രമണവും കരയാക്രമണവും ശക്തമായതോടെ അലെപ്പോയില്‍ നിന്നുള്ള പ്രധാന റോഡുകളെല്ലാം തകര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്നാണ് നടപ്പാതകള്‍ ഒരുക്കി റഷ്യ, സിറിയന്‍ സേന ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കിയത്.

---- facebook comment plugin here -----

Latest