രാഹുല്‍ ഗാന്ധിയേയും കെജരിവാളിനേയും കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു

Posted on: November 3, 2016 8:31 am | Last updated: November 3, 2016 at 11:46 am

 

rahulന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനേയും വിട്ടയച്ചു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാം കിഷന്‍ ഗ്രെവാളിന്റെ കുടുംബത്തെ കാണാനെത്തിയപ്പോഴായിരുന്നു ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തത്.

അഞ്ച് മണിക്കൂറിന് ശേഷമാണ് കെജരിവാളിനെ വിട്ടയച്ചത്. സഹതപിക്കേണ്ടതിന് പകരം മരിച്ച വിമുക്ത ഭടന്റെ കുടുംബത്തെ മര്‍ദിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കിയെന്ന് മോദി കള്ളം പറയുകയാണെന്നും കെജരിവാള്‍ പറഞ്ഞു.

രാം കിഷന്റെ കുടുംബത്തോട് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തെ പോലീസ് കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ബുധനാഴ്ച ഉച്ചക്കാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാം കിഷന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.