തിരിച്ചടിച്ച് ഇന്ത്യ; മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: November 1, 2016 7:54 pm | Last updated: November 2, 2016 at 11:24 am

indian armyജമ്മു: നിയന്ത്രണ രേഖ ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ തിരിച്ചടി ശക്തമാക്കി. അതിര്‍ത്തി മേഖലയില്‍ ഇന്ന് രാവിലെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാക് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. പാക് റൈഞ്ചേഴ്‌സില്‍പ്പെട്ട സൈനികരാണ് കൊല്ലപ്പെട്ടത്. 14 പാക് സൈനിക പോസ്റ്റുകളും ഇന്ത്യ തകര്‍ത്തിട്ടുണ്ട്.

റാംഗഡ്, നൗഷേറ, ആര്‍എസ്പുര മേഖലകളിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നത്. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് ഇവിടങ്ങളില്‍ പാക് സേന ആക്രമണം അഴിച്ചുവിടുന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹര്യത്തില്‍ ഇവിടങ്ങളിലെ 170ല്‍പരം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തി മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഗ്രാമീണര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അതിനിടെ ഇന്ത്യന്‍ ആക്രമണത്തില്‍ ആറ് പാക് പൗര്‍ന്മാര്‍ കൊല്ലപ്പെട്ടതായി ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്ത് വന്നു. ഇതില്‍ പ്രതിഷേധം അറിയിക്കാന്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍ ജെ പി സിംഗിനെ പാക് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഒരാഴ്ചക്കുള്ളില്‍ ഇത് അഞ്ചാം തവണയാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ വിളിച്ചുവരുത്തുന്നത്.