ശബരിമല സന്ദര്‍ശനം: മതസൗഹാര്‍ദം ശക്തിപ്പെടുന്നതില്‍ മുരളീധരന് ആശങ്കയെന്ന് കെ ടി ജലീല്‍

Posted on: November 1, 2016 11:22 am | Last updated: November 1, 2016 at 11:22 am

kt jaleelതിരുവനന്തപുരം: ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പരിഹാസമുയര്‍ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട ബി ജെ പി മുന്‍ അധ്യക്ഷന്‍ വി മുരളീധരന് മറുപടിയുമായി മന്ത്രി കെ ടി ജലീല്‍. മതസൗഹാര്‍ദം വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടുന്നതിനാലാണ് മുരളീധരന്‍ തനിക്കെതിരെ വിമര്‍ശവുമായി രംഗത്തെത്തിയതെന്ന് ജലീല്‍ പ്രതികരിച്ചു. ശബരിമലയില്‍ ഏതു മതസ്ഥര്‍ക്കും പോകാം. മതസൗഹാര്‍ദത്തിന്റെ ഉദാഹരണമായ ശബരിമലയെക്കുറിച്ച് ലോകമറിയുന്നതില്‍ മുരളീധരനെപ്പോലെയുള്ളവര്‍ ആശങ്കപ്പെടുന്നുണ്ട്. സുവര്‍ണക്ഷേത്രത്തില്‍ പോയപ്പോള്‍ ലഭിച്ച അതേ അനുഭവമാണ് തനിക്ക് ശബരിമലയിലും ലഭിച്ചത്. ഇന്നലെകളില്‍ രാജ്യത്തുണ്ടായിരുന്ന സൗഹാര്‍ദ അന്തരീക്ഷം എന്താണെന്ന് ശബരിമലയില്‍ നിന്ന് മനസ്സിലാക്കാനായി. തന്നെ വിമര്‍ശിക്കുന്നവര്‍ എന്തും പറഞ്ഞോട്ടെ. എല്ലാ ജനങ്ങള്‍ക്കും അവിടെ പോകാനാകുമെന്ന് അറിയുന്നതിന് മുരളീധരന് ഭയമായിരിക്കാമെന്നും ജലീല്‍ പ്രതികരിച്ചു. ശബരിമലയെ പിക്‌നിക് സ്‌പോട്ടായി മാറ്റരുതെന്നും മുന്‍ സിമി പ്രവര്‍ത്തകനായ ജലീലിന്റെ ശബരിമല സന്ദര്‍ശനം തമാശയായി കാണുന്നുവെന്നുമായിരുന്നു മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.