നജീബിന്റെ ഉമ്മ ചോദിക്കുന്നു

Posted on: November 1, 2016 6:14 am | Last updated: November 1, 2016 at 10:17 am

najeeb-jnu-1ഈച്ചരവാര്യര്‍ക്ക് സമാനമായി, അഹമ്മദ് നജീബ് എന്ന ജെ എന്‍ യുവിലെ ശാസ്ത്ര വിദ്യാര്‍ഥിയുടെ അമ്മ, ഒരിക്കലും വീടിന്റെ വാതിലടക്കാതെ, ഡല്‍ഹിയിലെ പെരുമഴയും തണുപ്പും വകവക്കാതെ ഉരുകുന്ന ഹൃദയവുമായി വിദ്യാര്‍ഥികളുടെ സമരത്തില്‍ പങ്കുചേര്‍ന്ന് കാത്തിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകളായി. രാജ്യത്തെ സുപ്രധാനമായ ഒരു സര്‍വകലാശാലയില്‍ നിന്ന് ഒരു മിടുക്കനായ വിദ്യാര്‍ഥിയെ കാണാതായിട്ട് അയാളെക്കുറിച്ച് ഒരു സൂചന പോലും ലഭിക്കാതിരിക്കാന്‍ മാത്രം ദുബലമാണോ നമ്മുടെ പോലീസിംഗ്? നമ്മുടെ ഭരണകൂട ഉദ്യോഗസ്ഥ വ്യവസ്ഥിതിയെ എങ്ങനെയാണ് ഒരു പാവപ്പെട്ട അമ്മക്ക് വിശ്വസിക്കാനാവുക?
ഏകലവ്യന്മാരുടെ വിരലുകള്‍ക്ക് പകരം ശിരസ്സുകള്‍ ദക്ഷിണ ചോദിച്ചു തുടങ്ങിയ അത്രമേല്‍ ആസുരമായ കാലത്താണ് ഇന്ത്യന്‍ വിദ്യാര്‍ഥിത്വം അതിജീവന പോരാട്ടങ്ങള്‍ നടത്തുന്നത്. ഒമര്‍ ഖാലിദ്, രോഹിത് വെമുല, കനയ്യ കുമാര്‍, ഇപ്പോള്‍ അഹമ്മദ് നജീബ് വരെയുള്ള വിദ്യാര്‍ഥിവേട്ടകളിലൂടെ അതാണ് മനസ്സിലാക്കുന്നത്. ബ്രാഹ്മണ്യ വരേണ്യര്‍ക്ക് മാത്രമായി വിദ്യയെ ചുരുക്കാനുള്ള ഹൈന്ദവ ഫാഷിസറ്റ് തന്ത്രമാണ് രോഹിത് വെമുലയുടെ കൊലപാതകത്തിലൂടെ അപായ സൂചന നല്‍കപ്പെട്ടത്. ഇപ്പോള്‍ അഹമ്മദ് നജീബിനെ ക്യാമ്പസ്സിലെ എ ബി വി പി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനങ്ങള്‍ക്കു ശേഷം കാണാതായിരിക്കുന്നതിലെ കാരണങ്ങള്‍ക്ക് പിന്നിലും സമാനമായ കറുത്ത കരങ്ങള്‍ എന്ന് സംശയിക്കാതിരിക്കുന്നതെങ്ങിനെ?
രാജ്യതലസ്ഥാനത്ത് ശൈത്യത്തിന്റെ വരവ് വിളംബരം ചെയ്ത് രാത്രികള്‍ തണുത്ത് വിറച്ചുതുടങ്ങി. അപ്പോഴും കലാലയത്തിന്റെ ഭരണകാര്യാലയത്തിനു ചുറ്റുമുള്ള ഏഴ് കവാടങ്ങള്‍ വളഞ്ഞ് വിദ്യാര്‍ഥികള്‍ അന്തരീക്ഷത്തെ മുദ്യാവാക്യമുഖരിതമാക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു രാത്രി മുഴുവന്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പടെയുള്ള അധികാരികള്‍ക്ക് പുറത്തുകടക്കാനാവാകെ അതിനകത്ത് കഴിയേണ്ടിവന്നു. ഈ സമരമുഖത്ത് മകനെക്കുറിച്ചുള്ള ഒരു സൂചനയെങ്കിലും ലഭിക്കുമോ എന്ന അത്യുല്‍ക്കടമായ മനോവേദനയോടെ ഒരു മാതാവും കൂടെയുണ്ട്.
നാളിതുവരെ നജീബിനെ മര്‍ദിച്ച ഒരു എ ബി വി പി പ്രവര്‍ത്തകനെതിരെപ്പോലും കേസെടുത്തിട്ടില്ല. ഇത് അങ്ങേയറ്റം ഭയപ്പെടുത്തുന്ന ഒരു സാഹചര്യമാണ്. ഒരു വിദ്യാര്‍ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദിക്കാനും വര്‍ഗീയ വിഷം വമിപ്പിക്കുവാനും മുസ്‌ലിം വിദ്യാര്‍ഥികള്‍ തീവ്രവാദികളാണ് എന്ന് ഹോസ്റ്റല്‍ ചുവരില്‍ എഴുതിവെക്കാനും അവര്‍ കാണിച്ച ധൈര്യത്തെ ഭയന്നേ തീരൂ. നജീബിന് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ലല്ലോ. അല്ലെങ്കില്‍ അറിയുന്ന ആരും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഫോണും പേഴ്‌സും നജീബിന്റെ കൈയ്യില്‍ ഇല്ല. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നും എത്തിയിട്ടില്ല.
ഇതിനേക്കാല്‍ പേടിപ്പെടുത്തുന്നത് മറ്റൊരു നിശബ്ദതയാണ്. ഗോരക്ഷയുടെ പേരില്‍ മനുഷ്യരെ കൊന്ന് മര്‍ദിക്കുന്ന ഭ്രാന്തിനെതിരെ പ്രതിഷേധയോഗം നടത്തിയതിനും കാമ്പസ് ചുവരില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനും വരെ വിദ്യാര്‍ഥികള്‍ക്ക് അന്വേഷണ വിധേയമായി നോട്ടീസ് അയച്ച ഏകാധിപതികള്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന കലാലയമാണ് ജെ എന്‍ യു. അവിടുത്തെ പണ്ഡിതര്‍ക്കു ഒരു വിദ്യാര്‍ഥിയുടെ ജീവനേക്കാള്‍ വലുതാണ് ഗോരക്ഷ എന്നത് എങ്ങനെയാണ് അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ നമ്മുടെ പ്രധാനമന്ത്രി വിശദീകരിക്കാന്‍ പോകുന്നത്?
എന്താണ് വേദനയുളവാക്കുന്ന ഈ വിഷയത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ നിലപാട്? വൈസ് ചാന്‍സലര്‍ ഭരണകാര്യാലയത്തിനുള്ളില്‍ കുടുങ്ങിയപ്പോള്‍ മണിക്കൂറുകള്‍ക്കകം പ്രതികരണവുമായി രംഗത്തെത്തിയ കൂട്ടര്‍ക്ക് ലോകത്തിലെതന്നെ ഒരു സുപ്രധാന ക്യാമ്പസില്‍ നിന്നും ഒരു വിദ്യാര്‍ഥിയെ അസാധാരണമായ സാഹചര്യത്തില്‍ കാണാതായി ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇടപെടണം എന്ന് തോന്നിയില്ല. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഒരു പരിപാടി സംഘടിപ്പിച്ചതിന് രോഹിത് വെമുലക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് നിരന്തരം കത്തുകളയക്കുകയും, ഒടുവില്‍ രോഹിത് വെമുലയുടെ മരണം ഉറപ്പാക്കുകയും ചെയ്തവരാണ് നജീബിന്റെ തിരോധാനത്തെക്കുറിച്ച് മൗനികളാകുന്നത് എന്നത് മറന്നുപോകരുത്.
രാധിക വെമുലയെന്ന അമ്മയുടെ കണ്ണുനീര്‍ കണ്ടവരാണ് നമ്മള്‍. ഇവിടെയിതാ മറ്റൊരമ്മ, നജീബിന്റെ മാതാവ് കണ്ണീര്‍ വാര്‍ക്കുന്നു. ‘എന്റെ സഹോദരനെ തിരിച്ചുകൊണ്ടുവരാന്‍ നിങ്ങളാല്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യണം. ഞാനും ഇവിടെ നിങ്ങള്‍ക്കൊപ്പം ഇരിക്കുകയാണ്. നിങ്ങളുടെ കരിയര്‍ നശിപ്പിക്കുന്ന തരത്തില്‍ ഒന്നും ചെയ്യരുത്. നിയമവിരുദ്ധമായി ഒന്നും ചെയ്യരുത്. നിയമപ്രകാരം തന്നെ പൊരുതാം. ‘
ശക്തമായ ഇടതു സാന്നിധ്യമുണ്ടെന്ന കാരണത്താലാണ് ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും പിന്തുണയോടെ എ ബി വിപി, ജെ എന്‍ യുവിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രത്തിലെ ഭരണവും ഡല്‍ഹിയിലെ പൊലീസ് സംവിധാനവും അവര്‍ക്ക് കുടപിടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറേ കാലമായി ശക്തമായ സമരങ്ങള്‍ക്ക് വേദിയാകുന്ന ജെ എന്‍യു അവരുടെ കണ്ണിലെ കരടായിരുന്നു. എ ഐഎസ് എഫ് നേതാവ് കനയ്യ കുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ വിദ്യാര്‍ഥി യൂനിയന്‍ ജെ എന്‍ യുവിലെ മാത്രമല്ല രാജ്യത്താകെയുള്ള വിവിധ വിഷയങ്ങളുന്നയിച്ചുള്ള സമരങ്ങളുടെ നായക സ്ഥാനം ഏറ്റെടുത്തതോടെയാണ് സര്‍വകലാശാലക്കെതിരായ പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും അവര്‍ ശക്തിപ്പെടുത്തിയത്.