19 വയസ്സിന് താഴെയുള്ള 6.54 കോടി പേര്‍ സ്‌കൂളില്‍ പോകാത്തവരെന്ന് സര്‍വേ

Posted on: November 1, 2016 6:22 am | Last updated: November 1, 2016 at 12:25 am

schoolന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചിനും 19നും ഇടയില്‍ പ്രായമുള്ള 6.54 കോടി ആളുകള്‍ സ്‌കൂളില്‍ പോകാത്തവരാണെന്ന് സര്‍വേ. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 4.49 പേര്‍ സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞു പോയെന്നും സെന്‍സസ് രേഖകള്‍ പറയുന്നു,
2011ലെ സെന്‍സസ് കണക്ക് പ്രകാരം അഞ്ചിനും 19നും ഇടയില്‍ പ്രായമുള്ള 38.1 കോടി ആളുകളില്‍ 26.98 പേര്‍ വിദ്യാഭ്യാസം നേടിയവരാണ്. 4.49 കോടി പേര്‍ സ്‌കൂളുകളില്‍ പോയിരുന്നെങ്കിലും ഇടക്ക് വെച്ച് നിര്‍ത്തിയവരാണ്. 6.54 കോടി പേര്‍ സ്‌കൂളുകളില്‍ തീരെ പോകാത്തവരാണ്. അഞ്ചിനും 19നും ഇടയില്‍ പ്രായമുള്ളവരില്‍ 65.7 ലക്ഷം പേര്‍ വികലാംഗരാണ്. ഇതില്‍ 17.5 ലക്ഷം പേര്‍ സ്‌കൂളുകളില്‍ പോകാത്തവരും. എട്ട് ലക്ഷം പേര്‍ പാതിവഴിക്ക് പഠനം നിറുത്തിയവരാണ്. 40.2 ലക്ഷം പേര്‍ വിദ്യ അഭ്യസിച്ചവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. രണ്ട് അംഗവൈകല്യങ്ങള്‍ ഉള്ളവരാണ് സ്‌കൂളില്‍ പോകാത്തവരില്‍ അധികവും. 54. ശതമാനം. വിദ്യാഭ്യാസം നേടിയ 40.2 ലക്ഷം വികലാംഗരില്‍ 22.8 ലക്ഷം പേര്‍ പുരുഷന്മാരും 17.4 പേര്‍ സ്ത്രീകളുമാണ്. 2001ല്‍ 65.3 ലക്ഷം വികലാംഗരില്‍ 33 ലക്ഷം പേര്‍ വിദ്യാഭ്യാസം നേടിയവരായിരുന്നു. 2001-11 കാലയളവില്‍ വിദ്യാഭ്യാസം നേടിയവരുടെ എണ്ണത്തില്‍ 11 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായി കണക്കുകള്‍ പറയുന്നു.