ഏഴ് ദിവസം ഏഴ് എമിറേറ്റുകള്‍ നടന്ന് തീര്‍ക്കാനൊരുങ്ങി സ്വദേശി യുവാവ്

Posted on: October 31, 2016 11:56 am | Last updated: October 31, 2016 at 7:50 pm

mmദുബൈ: ഭിന്നശേഷിക്കാരായ മനുഷ്യരുടെ ജീവിത ശാക്തീകരണം മുന്‍ നിര്‍ത്തി സമൂഹത്തില്‍ ബോധവത്കരണം നടത്തുന്നതിനായി സ്വദേശി ഏഴ് ദിവസം കൊണ്ട് ഏഴ് എമിറേറ്റുകള്‍ നടന്നു തീര്‍ക്കാന്‍ ഒരുങ്ങുന്നു. അതോടൊപ്പം വേള്‍ഡ് റെക്കോര്‍ഡിലേക്കാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.
2013ല്‍ ജി സി സിയിലെ ആറ് രാജ്യങ്ങള്‍ സൈക്കിളില്‍ സഞ്ചരിച്ചതടക്കം ഒട്ടനവധി ദീര്‍ഘ ദൂര സാഹസിക യാത്രകള്‍ ചെയ്ത 30 കാരനായ ജലാല്‍ ബിന്‍ തനയ്യയാണ് പുതിയ സാഹസത്തിന് തയ്യാറെടുക്കുന്നത. അബുദാബിയില്‍ നിന്ന് മക്കയിലേക്ക് 2,000 കിലോമീറ്ററുകള്‍ നടന്ന് മുമ്പ് ജലാല്‍ ശ്രദ്ധ നേടിയിരുന്നു. ദുബൈയിലെ 100 അംബര ചുംബികളുടെ പടികള്‍ കയറിയും ജലാല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ ആദ്യ സാഹസിക യാത്രയുടെ പത്താം വര്‍ഷത്തിലാണ് ഏഴ് എമിറേറ്റുകള്‍ നടന്നു താണ്ടാന്‍ അദ്ദേഹം ഒരുങ്ങുന്നത്. ഈ വര്‍ഷം ഡിസംബര്‍ 19നാണ് യാത്ര ആരംഭിക്കുക. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ നിയമാവലികള്‍ പ്രകാരമാണ് കാല്‍നട യാത്ര പുരോഗമിക്കുക. എന്നാല്‍ ഏഴു എമിറേറ്റുകളിലൂടെ ഏതൊക്കെ വഴികളിലൂടെ തന്റെ യാത്ര കടന്ന് പോകണമെന്ന് ജലാലിനു തീരുമാനിക്കാം. യു എ ഇ-സഊദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഗുവൈഫാത് ബോര്‍ഡര്‍ പോസ്റ്റില്‍ നിന്നാണ് യാത്ര ആരംഭിക്കുക. മരുഭൂമികളിലൂടെയും മലനിരകളിലൂടെയും പട്ടണ പ്രദേശങ്ങളിലൂടെയും പിന്നിടുന്ന യാത്ര ഫുജൈറ തീരത്തു സമാപിക്കും. എന്നാല്‍ അബുദാബി എമിറേറ്റ് മാത്രം നടന്നു താണ്ടുന്നതിന് മൂന്ന് ദിവസം വേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. വിജയകരമായി ഈ യാത്ര പൂര്‍ത്തീകരിക്കുമ്പോള്‍ വളരെ വേഗത്തില്‍ യു എ ഇ നടന്നു താണ്ടിയ വ്യക്തിയെന്ന ബഹുമതി ഔദ്യോഗികമായി ജലാലിനു നല്‍കും. ആഴ്ചയില്‍ ആറ് ദിവസത്തില്‍ രാവിലെ അഞ്ചു മണിക്ക് പ്രഭാത പ്രാര്‍ഥനക്ക് ശേഷം ചെറിയൊരു പ്രാതല്‍ കഴിച്ചു ദുബൈയിലെ കൈറ്റ് ബീച്ചില്‍ അഞ്ച് കിലോമീറ്ററോളം ഓടി വ്യായാമത്തിന് ശേഷം തിരികെ വീട്ടിലെത്തി ഡി പി വേള്‍ഡിലെ ജോലിക്കു ശേഷം തിരികെയെത്തി ജുമൈറയില്‍ ജിമ്മിന് പോകും. പിന്നീട് വീട്ടിലെത്തി പ്രാര്‍ഥനയും അത്താഴവും കഴിഞ്ഞു അല്‍പം വിശ്രമിച്ച് ഒരു മണിക്കൂറോളം നടക്കാനിറങ്ങും.