ഹിന്ദുത്വം മതമല്ല, ജീവിതക്രമം മാത്രമെന്ന് സുപ്രീംകോടതി

Posted on: October 26, 2016 10:04 am | Last updated: October 26, 2016 at 10:04 am
SHARE

supreme court1ന്യൂഡല്‍ഹി: ഹിന്ദുത്വം മതമല്ലെന്നും അതൊരു ജീവിതക്രമമാണെന്നുമുള്ള വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീം കോടതി. ഹിന്ദുത്വം ജീവിത രീതിയാണെന്ന 1995ലെ വിധിയിലെ പരാമര്‍ശമാണ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദ് നല്‍കിയ ഹരജി നിരസിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബഞ്ച് നിലപാട് വ്യക്തമാക്കിയത്. ഹിന്ദുത്വം മതമാണോ എന്ന് പരിശോധിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മതനേതാക്കളും സ്ഥാനാര്‍ഥികളും തമ്മിലുള്ള ബന്ധം നിയമപരമാണോ എന്നു മാത്രമേ പരിശോധിക്കൂവെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, എസ് എ ബോബ്‌ഡെ, എ കെ ഗോയല്‍, യു യു ലളിത്. ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്. 1995ലെ വിധി പുനഃപരിശോധിക്കണമെന്നും ഹിന്ദുത്വ എന്ന പ്രയോഗത്തിന് കൃത്യമായ നിര്‍വചനം വേണമെന്നുമായിരുന്നു ഹരജിയില്‍ ടീസ്റ്റ സെതല്‍വാദ് പ്രധാനമായും ഉന്നയിച്ചത്. ഇതോടൊപ്പം ഹിന്ദുത്വ എന്ന വാക്ക് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി, ശിവസേന സ്ഥാനാര്‍ഥികള്‍ ബാല്‍ താക്കറെയുടെയും പ്രമോദ് മഹാജന്റെയും പ്രസംഗങ്ങള്‍ ഉപയോഗിച്ചതും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദുത്വത്തിനും ഹിന്ദു രാഷ്ട്രത്തിനും വേണ്ടി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഈ പ്രസംഗങ്ങള്‍.
1995ല്‍ മൂന്നംഗ സുപ്രീം കോടതി ബഞ്ച് തിരഞ്ഞെടുപ്പ് കേസില്‍ ‘ഹിന്ദുത്വം എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയുമാണ്’ എന്നു പറഞ്ഞിരുന്നു. മനോഹര്‍ ജോഷിയും എന്‍ ബി പാട്ടീലും തമ്മിലുണ്ടായ തിരഞ്ഞെടുപ്പ് കേസില്‍ ജോഷിയുടെ പ്രസ്താവനയാണ് ചോദ്യം ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയെ ആദ്യത്തെ ഹിന്ദു സംസ്ഥാനമാക്കുമെന്നായിരുന്നു പ്രസ്താവന. ഇതു മതത്തെ ദുരുപയോഗപ്പെടുത്തുന്നതിന് തുല്യമായി കാണാനാകില്ലെന്നാണ് സുപ്രീം കോടതി മൂന്നംഗ ബഞ്ച് വിധിച്ചത്.
ഹിന്ദുത്വത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ 123 വകുപ്പ് പ്രകാരം തെറ്റൊന്നുമില്ലെന്നും ഹിന്ദുത്വ പ്രചാരണം നടത്തി തിരഞ്ഞെടുപ്പില്‍ ജയിച്ചവരെ ഇതു ബാധിക്കില്ലെന്നുമായിരുന്നു അന്ന് ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ മൂന്നംഗ ഭരണഘടനാ ബഞ്ച് വിധിച്ചത്. ബി ജെ പിയും ശിവസേനയും ഹിന്ദുത്വം തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയതുമായി ബന്ധപ്പെട്ട ഹരജിയിലായിരുന്നു കോടതിയുടെ സുപ്രധാന വിധി. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ മതത്തിന്റെയോ ജാതിയുടെയോ വിഭാഗത്തിന്റെയോ ഭാഷയുടെയോ പേരില്‍ ശത്രുതയുണ്ടാക്കുകയെന്നതാണ് 123 (3) വകുപ്പ് പ്രകാരം തെറ്റായ നടപടിയാകുന്നതെന്നും കോടതി വിശദീകരിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ മുംബൈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വം പറഞ്ഞ് വോട്ട് നേടി വിജയിച്ചതുമായി ബന്ധപ്പെട്ട് ശിവസേനാ അംഗങ്ങള്‍ക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന കേസുകള്‍ തള്ളിപ്പോകുകയും ചെയ്തിരുന്നു.
മൂന്നംഗ ഭരണഘടനാ ബഞ്ച് ഇക്കാര്യത്തില്‍ വിധി പ്രസ്താവിച്ചെങ്കിലും ഇത് ഏഴംഗ ബഞ്ചിന്റെ പരിഗണനക്ക് വിടാന്‍ 2014 ഫെബ്രുവരിയില്‍ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരമാണ് കേസില്‍ ഇന്നലെ വാദം കേട്ടത്. ഹിന്ദുത്വം എന്നത് സംബന്ധിച്ച് എന്താണെന്നോ ആ വാക്കിന് അര്‍ഥമെന്താണെന്നോ പരിശോധിക്കുന്നതിലേക്ക് പോകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ ഈ പ്രശ്‌നത്തില്‍ കോടതി നിയന്ത്രണം പാലിക്കുകയാണ്. ഇനി ഏതെങ്കിലും വ്യക്തി ഹിന്ദുത്വത്തെ പരാമര്‍ശിക്കുകയാണെങ്കില്‍ അത് തങ്ങള്‍ കേള്‍ക്കുമെന്നും ജസ്റ്റിസ് ഠാക്കൂര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here