Connect with us

Kozhikode

ചലചിത്ര താരങ്ങളെ കാണാനുള്ള തിരക്ക്: മതില്‍ തകര്‍ന്ന് 85 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്‌

Published

|

Last Updated

പയ്യോളി: ചലചിത്ര താരങ്ങളെ കാണാനുള്ള തിരക്കിനിടെ പയ്യോളി ഗവ. ഹൈസ്‌കൂള്‍ ചുറ്റുമതില്‍ തകര്‍ന്ന് 85 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. സ്‌കൂളിന്റെ കിഴക്ക് ഭാഗത്ത് കാന്റീനോട് ചേര്‍ന്ന് ചെങ്കല്ലില്‍ നിര്‍മിച്ച മതിലാണ് ഇന്നലെ ഉച്ചയോടെ തര്‍ന്ന് വീണത്.
സാരമായി പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവരെ പയ്യോളി സാമൂഹികാരോഗ്യ കേന്ദ്രം, കൊയിലാണ്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്നവരാണ് പരുക്കേറ്റവരില്‍ ഭൂരിഭാഗവും.
എട്ടാം തരം വിദ്യാര്‍ഥി മൂടാടി കോയാന്റെ വളപ്പില്‍ അശ്‌റഫിന്റെ മകള്‍ ആമിന (14) യാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഉള്ളത്. ആമിനക്ക് തലയുടെ പിന്‍ഭാഗത്താണ് പരുക്കേറ്റത്. കിഴൂര്‍ ചെറിയ പറമ്പത്ത് ബാബുവിന്റെ മകന്‍ വൈഭവ് (14), തിക്കോടി കോട്ട വളപ്പില്‍ സിറാജിന്റെ മകന്‍ ഫൈജാസ്(14) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഉച്ച ഭക്ഷണത്തിന് സ്‌കൂള്‍ വിട്ട സമയത്താണ് അപകടം നടന്നത്. സ്‌കൂളിന് തൊട്ടടുത്ത പറമ്പിലും റോഡിലുമായി നടന്ന സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന താരങ്ങളെ കാണാനും ഹസ്തദാനം നടത്താനും വിദ്യാര്‍ഥികള്‍ ചുറ്റുമതിലിനോട് ചേര്‍ന്ന് നിന്ന് നടത്തിയ തിക്കും തിരക്കിലും മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. സിനിമാ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളിലായി സ്‌കൂള്‍ പരിസരത്ത് നടന്നു വരികയാണ്.
ഏതാണ്ട് മുന്നൂറോളം മീറ്റര്‍ നീളത്തില്‍ മതില്‍ തര്‍ന്നിട്ടുണ്ട്. 25 വര്‍ഷത്തിലധികം പഴക്കമുള്ള മതിലിന്റെ ജീര്‍ണ്ണാവസ്ഥ കാണിച്ച് നേരത്തെ ചിലര്‍ പരാതി നല്‍കിയെങ്കിലും ഗൗരവത്തിലെടുത്തില്ലെന്ന് പരാതിയുണ്ട്. അപകടം നടന്നയുടന്‍ അധ്യാപകരും സമീപത്തെ കച്ചവടക്കാരും ചലചിത്ര താരങ്ങളും പ്രവര്‍ത്തകരും മറ്റ് വിദ്യാര്‍ഥികളും രക്ഷാപ്രവര്‍ത്തനം നടത്തിയാണ് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയത്.
കൊയിലാണ്ടി തഹസില്‍ദാര്‍ എം റംല, അഡീഷനല്‍ തഹസില്‍ദാരമാരായ എം കെ രവീന്ദ്രന്‍, എം ബാലകൃഷ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗരീഷ് ചോലയില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ് കുമാര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എ വി ചന്ദ്രന്‍, നഗര സഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി കുല്‍സു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പ്രേമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സ്‌കൂളിലും ആശുപത്രിയിലും സന്ദര്‍ശിച്ചു.

---- facebook comment plugin here -----

Latest