കേരള മുസ്‌ലിം ജമാഅത്ത് ശരീഅത്ത് സമ്മേളനം നവംബര്‍ മൂന്നിന്‌

Posted on: October 25, 2016 8:28 am | Last updated: October 25, 2016 at 12:11 pm

kerala muslim jamathകോഴിക്കോട്: ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ശരീഅത്ത് സമ്മേളനം നടത്തുന്നു. നവംബര്‍ മൂന്നിന് കൊച്ചിയില്‍ നടക്കുന്ന ശരീഅത്ത് സമ്മേളനത്തില്‍ പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കൂടിയാലോചനാ സമിതിയിലെ നാല്‍പ്പത് പണ്ഡിതന്മാരും മത, സാമൂഹിക, നിയമ രംഗത്തെ പ്രമുഖരും സംബന്ധിക്കും.
നിലവിലുള്ള വ്യക്തിനിയമങ്ങള്‍ രാജ്യത്ത് വ്യത്യസ്ത ജനങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവും സൃഷ്ടിച്ചിട്ടില്ല. ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും ഇസ്‌ലാമിന്റെ മാനവികസന്ദേശം സമൂഹത്തിന് പങ്കുവെക്കാനും ശരീഅത്ത് സമ്മേളനം വഴിയൊരുക്കും. ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ പരാമര്‍ശമുള്ള സമ്പൂര്‍ണ മധ്യനിരോധം ഇന്നുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. തുല്യവേതനവും സാമ്പത്തിക സുരക്ഷയും നടപ്പില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല. രാജ്യ പുരോഗതിക്ക് അത്യാവശ്യമായ ഇത്തരം കാര്യങ്ങളില്‍ അലംഭാവം കാണിക്കുകയും ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കാനും വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ ഛിദ്രത വളര്‍ത്താനുമായി ഇസ്‌ലാമിക ശരീഅത്തിനെ കടന്നാക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാകില്ല. രാജ്യത്തെ മതേതര ശക്തികള്‍ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഒന്നിച്ചുനിന്ന് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹിം ഖലീല്‍ തങ്ങള്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രൊഫ. കെ എം എ റഹീം, അഡ്വ. എ കെ ഇസ്മാഈല്‍ വഫ, എന്‍ അലി അബ്ദുല്ല സംബന്ധിച്ചു.