ഷാര്‍ജയില്‍ പൊടിപിടിച്ചു കിടക്കുന്ന വാഹനങ്ങള്‍ക്ക് കനത്ത പിഴ വരുന്നു

Posted on: October 24, 2016 8:01 pm | Last updated: October 24, 2016 at 8:01 pm

sharjahഷാര്‍ജ : പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും പൊടിപിടിച്ചുകിടക്കുന്ന വാഹനങ്ങള്‍ക്ക് കനത്ത പിഴ നല്‍കാന്‍ നഗരസഭ ആലോചിക്കുന്നു. പൊടിപിടിച്ചുകിടക്കുന്ന വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടുന്നതിനാലാണ് നിലവിലുള്ള ശിക്ഷയില്‍ ഭേദഗതി വരുത്തുന്നത്.
പൊടിപിടിച്ച നിലയില്‍ നഗരത്തിന്റെ വിവിധ മേഖലകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. പ്രതിമാസം ആയിരം വാഹനങ്ങളെങ്കിലും പിടിച്ചെടുക്കേണ്ട സ്ഥിതിയാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ക്കുള്ളത്.
ഒരുദിവസം പത്തിലധികം വാഹനങ്ങള്‍ നഗരസഭയുടെ വാഹനസൂക്ഷിപ്പ് കേന്ദ്രത്തിലേക്കു നീക്കേണ്ടി വരുന്നു. എമിറേറ്റിലെ 86 പാര്‍പ്പിട മേഖലകളില്‍ നിന്നാണ് ഈ വാഹനങ്ങളെല്ലാം പിടിച്ചെടുക്കേണ്ടി വരുന്നത്. ഏറെക്കാലമായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ നീക്കാനായി ഓരോ ദിവസവും ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിക്കുകയാണ്. പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാന്‍ പിഴ കൂട്ടുന്നതിലൂടെ സാധിക്കുമെന്നാണു നഗരസഭാ അധികൃതരുടെ വിലയിരുത്തല്‍. മൂന്നുമാസത്തിനകം മുതല്‍ പിഴ കൂട്ടാനാണ് നഗരസഭയുടെ നീക്കം. ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങള്‍ കണ്ടെത്താനും വിശദാംശങ്ങള്‍ ശേഖരിക്കാനും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. നഗരസഭാ നിര്‍ദേശം ഉന്നത സമിതിക്കു കൈമാറിയതായി നഗരസഭാ ഉദ്യോഗസ്ഥന്‍ അലി ഹസന്‍ അലി പറഞ്ഞു.