അപ്രത്യക്ഷമാകുന്ന തൊഴിലുകള്‍

Posted on: October 24, 2016 9:33 am | Last updated: October 24, 2016 at 9:33 am

രാജ്യത്തെ തൊഴിലവസരങ്ങളെക്കുറിച്ചു കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരങ്ങള്‍ ആശങ്കാജനകമാണ്. ദിനംപ്രതി ഇന്ത്യയില്‍ 550 ജോലികള്‍ അപ്രത്യക്ഷമാകുന്നതായും 2050-ഓടെ 70 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടമാകുമെന്നുമാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘പ്രഹര്‍’ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. മൂന്ന് വര്‍ഷം മുമ്പ് അന്താരാഷ്ട്ര തൊഴില്‍ സംഘടന നടത്തിയ പഠനവും രാജ്യത്ത് തൊഴിലവലസരങ്ങള്‍ കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരുന്നു. 2011ല്‍ ഒമ്പത് ലക്ഷം പുതിയ തൊഴിലവസങ്ങള്‍ സൃഷ്ടക്കപ്പെട്ടപ്പോള്‍ 2013ല്‍ ഇത് 4.19 ലക്ഷമായി കുറഞ്ഞതായി ലേബര്‍ ബ്യൂറോയുടെ കണക്കുകള്‍ കാണിക്കുന്നു. 2015ല്‍ അത് പിന്നെയും കുറഞ്ഞു 1.35 ലക്ഷത്തിലെത്തി. കൃഷി, ചെറുകിട കച്ചവടം, കരാര്‍ തൊഴില്‍, നിര്‍മാണ ത്തൊഴില്‍ തുടങ്ങിയ മേഖലകിളാണ് കൂടുതല്‍ തൊഴിലവസര നഷ്ടമെന്നും ഇതില്‍ കൃഷിയാണ് പ്രഥമ സ്ഥാനത്തെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
കാര്‍ഷിക മേഖലയോടു വിരക്തിയാണ്. പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുന്നത് നന്നേ ചുരുക്കമാണെന്ന് മാത്രമല്ല, നേരത്തെ കൃഷിയിലേര്‍പ്പട്ടിരുന്നവര്‍ തന്നെ താവളം മാറുകയുമാണ്. 2001ലെ സെന്‍സസ് പ്രകാരം മൊത്തം ജനസഖ്യയുടെ 15.8 ശതമാനം കാര്‍ഷിക തൊഴിലാളികളായിരുന്നുവങ്കില്‍ 2011ല്‍ 11. 4 ശതമാനമായി കുറഞ്ഞു. ഒരു കാലത്ത് ഉപജീവനത്തിനായി ഭൂരിഭാഗം പേരും ആശ്രയിച്ചിരുന്ന കാര്‍ഷിക രംഗത്ത് ഇനി അവശേഷിക്കുന്നത് 20 ശതമാനത്തില്‍ താഴെ മാത്രമാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വന്‍തുകകള്‍ നീക്കിവെക്കുകയും ചെയ്യുന്നുണ്ടെങ്കിലു മേഖലയില്‍ നിന്നുള്ള ആളുകളുടെ കൊഴിഞ്ഞുപോക്കും കൃഷിയിറക്കാതെ തരിശ് പ്രദേശമായി ഉപേക്ഷിക്കുന്ന ഭൂമിയുടെ അളവും പ്രതിവര്‍ഷം കൂടുകയാണ്. കാലാവസ്ഥയിലെ താളപ്പിഴ, ഉത്പാദന ചെലവില്‍ അനുഭവപ്പെടുന്ന ഭീമമായ വര്‍ധന, കാര്‍ഷിക വൃത്തി അറിയാവുന്ന തൊഴിലാളികളുടെ എണ്ണത്തിലുണ്ടാകുന്ന ഇടിവ് തുടങ്ങിയവയാണ് കാര്‍ഷിക മേഖലയുടെ ശോഷണത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വീടുവെക്കാനും റിസോര്‍ട്ടുകളും ഫഌറ്റുകളും നിര്‍മിക്കാനും ഉപയോഗപ്പെടുത്തുന്നത് മൂലം കൃഷിഭൂമി കുറഞ്ഞു വരുന്നതും തൊഴിലവസരങ്ങള്‍ കുറയാന്‍ ഇടയാക്കുന്നു.
പുതിയ തലമുറ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഐ ടി വ്യവസായത്തിലും തൊഴിലവസരങ്ങള്‍ കുറയുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനടയില്‍ ഈ രംഗത്ത് തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ആറ് ലക്ഷം കവിയുമെന്നാണ് എച്ച് എ എസ് റിസര്‍ച്ച് നടത്തിയ പഠനം കാണിക്കുന്നത്. അഥവാ നിലവിലുള്ള 20 ശതമാനത്തിന് ജോലി നഷ്ടമാകും. അതിയന്ത്രവത്കരണവും അനിശ്ചിതത്വം നിറഞ്ഞ ഷിഫ്റ്റുകളുമാണ് കാരണായി പറയുന്നത്. 2020നുള്ളില്‍ ആഗോളതലത്തില്‍ ഐ ടി മേഖലയില്‍ ഒന്‍പത് ശതമാനം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൗണ്ടിന്റെ വിലയിടിവും സോഫ്റ്റ് വെയര്‍ കരാറുകളിലുണ്ടായ നഷ്ടവും മൂലം യൂറോപ്യന്‍ ഐ ടി മേഖലയില്‍ അനുഭവവപ്പെടുന്ന മാന്ദ്യവും ഇന്ത്യയിലെ ഐ ടി മേഖലയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഐ ടി ബിസിനസിന്റെ 30 ശതമാനവും യൂറോപ്പിലാണ്.
തൊഴിലവസരങ്ങളുടെ കുറവ് ഒട്ടേറെ സാമൂഹിക പ്രശ്‌നങ്ങള്‍ക്കിടയാക്കും. ദാരിദ്ര്യത്തിന് പുറമെ ആത്മഹത്യ, തീവ്രവാദം, ആഭ്യന്തര കലാപങ്ങള്‍, മനുഷ്യക്കടത്ത് തുടങ്ങി അനേകം വിപത്തുകള്‍ ഇതുവഴി ഉടലെടുക്കുന്നു. യുവസമൂഹത്തില്‍ അസ്വസ്ഥതയും പ്രതിഷേധവും സൃഷ്ടിക്കുകയും വിധ്വംസന പ്രവര്‍ത്തനങ്ങളിലേക്കും കലാപങ്ങളിലേക്കും അവരെ നയിക്കുകയും ചെയ്യും. സ്വിറ്റ്‌സര്‍ലാന്റിലെ സൂറിച്ച് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ആഗോളതലത്തില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യയുടെ പ്രധാന കാരണങ്ങളിലൊന്ന് തൊഴിലില്ലായ്മയാണെന്ന് വിലയിരുത്തുന്നു. 2000-2011 കാലയളവില്‍ ഓരോ വര്‍ഷവും 23,3000ത്തോളം പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ അതിന്റെ അഞ്ചിലൊന്നും തൊഴിലില്ലായ്മ മൂലമാണെന്നാണ് കണ്ടെത്തല്‍. തുനീഷ്യയില്‍ ഇതിനിടെ കലാപം ഉടലെടുത്തത് തൊഴിലില്ലായ്മയുടെ പെരുപ്പം മൂലമായിരുന്നു. മാവോയിസം പോലുള്ള തീവ്രവാദ സംഘടനകളുടെ പിറവിക്ക് കാരണം തൊഴില്‍രാഹിത്യവും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള അവഗണനയുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ഗണ്യമായൊരു വിഭാഗം വിദേശ രാഷ്ട്രങ്ങളെയാണ് തൊഴിലിനാശ്രയിക്കുന്നത്. അവിടെയും അവസരങ്ങള്‍ കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ബൃഹത്തായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇതുപക്ഷെ തൊഴിലുറപ്പ് പോലെയുള്ള മടിയന്മാരേയും അലസന്മാരേയും സൃഷ്ടിക്കുന്ന പദ്ധതികളാകരുത്. ജനങ്ങളുടെ തൊഴില്‍നൈപുണ്യവും അധ്വാന ശേഷിയും ഉപയോഗപ്പെടുത്താനുതകുന്നതും നാടിനും സമൂഹത്തിനും പ്രയോജനകരവുമായിരിക്കണം.

ALSO READ  യന്ത്രത്തിന്റെ പണി നോക്കിനിന്നാലും കൂലി!