തീവ്രവാദം, മതപരിഷ്‌കരണം ചോദ്യം ചെയ്യപ്പെടുന്നു

സലഫിസം എന്നത് ഇസ്‌ലാമിനോടുള്ള പ്രത്യേക സമീപനത്തില്‍ നിന്ന് രൂപം കൊണ്ട ആശയധാരയാണ്. പല സംഘടനകളും ഈ ആശയം തങ്ങളുടെ ആദര്‍ശാടിത്തറയായി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ മുജാഹിദ് സംഘടനകള്‍ എളുപ്പത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന ഒരു ഉദാഹരണം മാത്രമാണ്. ജമാഅത്തെ ഇസ്ലാമി, അഹ്‌ലെ ഹദീസ്, തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയവയെല്ലാം അടിസ്ഥാനപരമായി സലഫി ആശയങ്ങളും രീതിശാസ്ത്രവും ഉപയോഗിച്ച് ഇസ്‌ലാമിനെ മനസ്സിലാക്കുന്ന സംഘടനകളാണ്. അല്ലാഹുവിന്റെ മതമല്ലാത്ത മറ്റൊരു ഭരണത്തിനും സാധുതയില്ല എന്നും ഇസ്‌ലാമികജീവിതം നയിക്കണമെങ്കില്‍ ഇസ്ലാമിക രാഷ്ട്രം കൂടിയേ തീരൂ എന്നും ഇത്തരം സംഘടനകള്‍ അടിസ്ഥാനപരമായി വിശ്വസിക്കുകയും ചെയ്യുന്നു. ഇതേ വിശ്വാസം തന്നെയായിരുന്നു, ഇസ്‌ലാമിക ചരിത്രത്തിന്റെ തുടക്കത്തില്‍ രൂപപ്പെട്ട ഖവാരിജുകള്‍ക്കും ഉണ്ടായിരുന്നത്. ഒരുപക്ഷേ, ഇന്നത്തെ ഐ എസ് എന്ന തീവ്രവാദസംഘടനയുടെ ആദിമരൂപമാണ് ഖവാരിജുകള്‍.
Posted on: October 23, 2016 6:30 am | Last updated: October 22, 2016 at 11:34 pm

salafis-image-2ഓരോ ദിവസം കഴിയുന്തോറും തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ച കളും ചിന്തകളും പുതിയ തലങ്ങളിലേക്ക് ചെന്നെത്തുകയാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ എസ്) തുടര്‍ന്നു കൊണ്ടിരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളും അത് വിലയിരുത്തി മതത്തെയും മതദര്‍ശനങ്ങളെയും ആക്രമിക്കുകയും ചെയ്യുന്ന പ്രവണത വളരുകയും ചെയ്യുന്നു. തീവ്രവാദം എന്ന മഹാദുരന്തം മനുഷ്യജീവിതത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ തളച്ചിടുകയും സമാധാനപൂര്‍ണമായ വര്‍ത്തമാന ജീവിതത്തെ അത് സാരമായി ബാധിക്കുകയും ചെയ്യുന്നു എന്നതുതന്നെയാണ് ആഗോളാതിര്‍ത്തികള്‍ ഭേദിച്ച് മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അത് പക്ഷേ, ഏതെങ്കിലും മതത്തിന്റെ അനുയായികളുടെ മാത്രം പ്രശ്‌നമായും ഏകപക്ഷീയമായ നിരീക്ഷണങ്ങളുടെ ഫലമായി രൂപപ്പെടുന്ന വ്യാഖ്യാനങ്ങളായും മാറുമ്പോള്‍ തീവ്രവാദത്തെ പ്രതിരോധിക്കേണ്ട മാര്‍ഗങ്ങളും ലക്ഷ്യങ്ങളും ചിതറിപ്പോകുന്നു. അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് പകരം, തൊലിപ്പുറത്തുള്ള ചികിത്സകളും ഉപരിപ്ലവ പരിഹാരങ്ങളുമാണ് പലപ്പോഴും തീവ്രവാദത്തെ പ്രതിരോധിക്കുന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. അതുകൊണ്ട് തന്നെ സത്യസന്ധമായ വിലയിരുത്തലുകളും ബോധവത്കരണവും അന്യം നില്‍ക്കുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തിലാണ് കേരള മുസ്ലിം ജമാഅത്ത് ഒരു ക്യാമ്പയിനുമായി കടന്നുവരുന്നത്. തീവ്രവാദത്തിന് നിലമൊരുക്കുന്നവരെ തുറന്നുകാണിക്കാനും അത്തരം തെറ്റായ പ്രവണതകളിലേക്ക് എത്തിപ്പെടുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുവാനും ലക്ഷ്യമിട്ട് ഇന്ന് മുതല്‍ ഒരു മാസക്കാലം സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് മാനവരക്ഷാ ക്യാമ്പയിന്റെ ഭാഗമായി നടക്കുന്നത്. ‘തീവ്രവാദം, മതപരിഷ്‌കരണം വിചാരണ ചെയ്യപ്പെടുന്നു’ എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 140 കേന്ദ്രങ്ങളില്‍ തീവ്രവാദവിരുദ്ധ സമ്മേളനങ്ങള്‍ നടക്കും. ഇസ്ലാം പകരുന്ന സ്‌നേഹ സന്ദേശത്തിന് വിരുദ്ധമായ പ്രചാരണം പ്രതിരോധിക്കുകയാണ് ലക്ഷ്യം. ജില്ലാതലങ്ങളില്‍ സെമിനാറുകള്‍, സര്‍ക്കിള്‍ തലങ്ങളില്‍ ഓപണ്‍ ഫോറങ്ങള്‍, തിരഞ്ഞെടുത്ത 3000 സ്ഥലങ്ങളില്‍ പ്രഭാഷണങ്ങള്‍ എന്നിവ നടക്കും.
രാഷ്ട്രീയലക്ഷ്യം നേടാന്‍ വേണ്ടി നിരപരാധികളായ സിവിലിയന്‍ ജനതകള്‍ക്ക് നേരെ മാരകമായ ആക്രമണം നടത്തുകയും പൊതുവെ ഭീതി പരത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ആ ഭീകര അന്തരീക്ഷത്തെ ഒരു സമ്മര്‍ദ തന്ത്രമായി ഭരണകൂടങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെ തീവ്രവാദം എന്ന് വിളിക്കാം. നിലവില്‍ അന്താരാഷ്ട്രതലത്തില്‍ ഭീകര വാദത്തിന് സര്‍വസമ്മതമായ ഒരു നിര്‍വചനമില്ല. സമരസഹന സമര മാര്‍ഗങ്ങളില്‍ നിന്നു വിഭിന്നമായി തീവ്രമായ സമരരീതി സ്വീകരിക്കുന്നതിനാല്‍ തീവ്രവാദമെന്നും ഭീകരവാദമെന്നും ഇടവിട്ട് ഉപയോഗിക്കാറുമുണ്ട്. ഭീതി പരത്തുന്ന പ്രവൃത്തികള്‍, ഒറ്റപ്പെട്ട ഒരു ആക്രമണത്തില്‍ നിന്നു വിഭിന്നമായി ഒരു തത്ത്വസംഹിത പ്രചരിപ്പിക്കാനുള്ള ശ്രമം, പോരാളികളല്ലാത്തവരുടെ ജീവനെ ലക്ഷ്യം വയ്ക്കുകയോ അവരുടെ ജീവനു വിലകല്‍പ്പിക്കാതിരിക്കുകയോ ചെയ്യുക മുതലായ ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഭീകരവാദത്തിന്റെ പൊതുവേയുള്ള നിര്‍വചനം രൂപവത്കരിച്ചിരിക്കുന്നത്. അന്യായമായ അതിക്രമവും യുദ്ധവുംകൂടി മറ്റു ചില നിര്‍വചനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
അതേസമയം, ഐ എസ് കാലത്തെ തീവ്രവാദം വിശദീകരണങ്ങളില്‍ ഒതുങ്ങുന്നതല്ല. അത്രമാത്രം ക്രൂരമായ പ്രവര്‍ത്തനങ്ങളാണ് ഈ ഭീകരസംഘടന നടത്തിക്കൊണ്ടിരിക്കുന്നത്. ഐ എസ് തീവ്രവാദത്തിന്റെ ആശയ സ്രോതസ്സുകളെക്കുറിച്ചുള്ള ഇതുവരെ നടന്ന ചര്‍ച്ചകളില്‍ സലഫിസത്തിന്റെ പങ്ക് സംശയമില്ലാത്ത വിധത്തില്‍ തെളിയിക്കപ്പെട്ടു. സലഫി ആശയം സ്വീകരിച്ച് പ്രവര്‍ത്തി ക്കുന്ന മുഴുവന്‍ സംഘടനകളും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇസ്ലാം എന്ന സമാധാനത്തിന്റെ മതത്തെ ദുരുപയോഗം ചെയ്തു. പാരമ്പര്യ വിശ്വാസം തുടര്‍ന്ന് വരുന്ന ഭൂരിപക്ഷം മതവിശ്വാസികളെയും തള്ളിപ്പറഞ്ഞാണ് വിവിധ രാജ്യങ്ങളില്‍ പല പേരുകളില്‍ സലഫിസം വളര്‍ന്ന് വന്നത്. അതുകൊണ്ട് തന്നെ സലഫി ആശയം സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകള്‍ക്കും ഒരു പൊതുസ്വഭാവമുണ്ട്. മതത്തെ പരിഷ്‌കരിക്കണം എന്ന് വാദിക്കുകയും അതനുസരിച്ച് രാഷ്ട്രീയലക്ഷ്യം നേടാന്‍ മതത്തെ തന്ത്രപരമായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ആ പൊതുസ്വഭാവം. അങ്ങനെ വരുമ്പോള്‍, തീവ്രവാദചര്‍ച്ചകളില്‍ മതപരിഷ്‌കരണവാദികള്‍ മതത്തോടും മുസ്ലിംകളോടും പൊതുസമൂഹത്തോടും ഇത്രയും കാലം എന്താണ് ചെയ്തത് എന്നത് വിചാരണ ചെയ്യപ്പെടണം.
സലഫിസം എന്നത് ഇസ്‌ലാമിനോടുള്ള പ്രത്യേക സമീപനത്തില്‍ നിന്ന് രൂപം കൊണ്ട ആശയധാരയാണ്. പല സംഘടനകളും ഈ ആശയം തങ്ങളുടെ ആദര്‍ശാടിത്തറയായി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ മുജാഹിദ് സംഘടനകള്‍ എളുപ്പത്തില്‍ ചൂണ്ടിക്കാണിക്കാവുന്ന ഒരു ഉദാഹരണം മാത്രമാണ്. ജമാഅത്തെ ഇസ്ലാമി, അഹ്‌ലെ ഹദീസ്, തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയവയെല്ലാം അടിസ്ഥാനപരമായി സലഫി ആശയങ്ങളും രീതിശാസ്ത്രവും ഉപയോഗിച്ച് ഇസ്‌ലാമിനെ മനസ്സിലാക്കുന്ന സംഘടനകളാണ്. അല്ലാഹുവിന്റെ മതമല്ലാത്ത മറ്റൊരു ഭരണത്തിനും സാധുതയില്ല എന്നും ഇസ്‌ലാമികജീവിതം നയിക്കണമെങ്കില്‍ ഇസ്ലാമിക രാഷ്ട്രം കൂടിയേ തീരൂ എന്നും ഇത്തരം സംഘടനകള്‍ അടിസ്ഥാനപരമായി വിശ്വസിക്കുകയും ചെയ്യുന്നു. ഇതേ വിശ്വാസം തന്നെയായിരുന്നു, ഇസ്‌ലാമിക ചരിത്രത്തിന്റെ തുടക്കത്തില്‍ രൂപപ്പെട്ട ഖവാരിജുകള്‍ക്കും ഉണ്ടായിരുന്നത്. ഒരുപക്ഷേ, ഇന്നത്തെ ഐ എസ് എന്ന തീവ്രവാദസംഘടനയുടെ ആദിമരൂപമാണ് ഖവാരിജുകള്‍. അല്ലാഹുവിന്റെതല്ലാത്ത ഭരണം സാധ്യമല്ല എന്ന രാഷ്ട്രീയനിലപാട് സ്വാഭാവികമായും തീവ്രസ്വഭാവത്തിലേക്കും കാലുഷ്യം നിറഞ്ഞ, ഹിംസാത്മകമായ ജീവിതപദ്ധതിയിലേക്കും നയിക്കുന്നു. ഈ സലഫി സംഘടനകളുടെ മതത്തിന് പുറത്തെ പെരുമാറ്റവും രീതിശാസ്ത്രവും ഇതേ രാഷ്ട്രീയലക്ഷ്യം ഉള്‍വഹിച്ചു എന്നതാണ് ചരിത്രം കാണിച്ചുതരുന്ന വസ്തുത. അതുകൊണ്ടാണല്ലോ ഇവര്‍ക്ക് ഇതര മതവിശ്വാസികളോട് ചിരിക്കാന്‍ കഴിയാതെ പോകുന്നത്. പ്രാമാണികമായി ഒരിക്കലും തെളിയിക്കാന്‍ കഴിയാത്ത ഈ രാഷ്ട്രീയരീതി പക്ഷേ, ആഗോള മുസ്ലിം പണ്ഡിതന്മാര്‍ നേരത്തെ തന്നെ തള്ളിക്കളഞ്ഞു. വിശ്വാസപരമായ കാര്യങ്ങളില്‍ ഇവര്‍ സ്വീകരിച്ചു വന്ന നിലപാട് തീര്‍ത്തും മതവിരുദ്ധവും പ്രതിലോമാകരവുമായിരുന്നു. അല്ലാഹുവല്ലാതെ മറ്റാരോടും സഹായം തേടരുത്, ഔലിയാക്കളെ അല്ലാഹുവിനും വിശ്വാസികള്‍ക്കും ഇടയിലെ മധ്യവര്‍ത്തിയായി കാണരുത് തുടങ്ങിയവയെല്ലാം ഈ രാഷ്ട്രീയ സമീപനത്തിന്റെ തുടര്‍ച്ചയാണ്. മതത്തിനകത്ത് ഇവര്‍ നടത്തിയ ഒന്നും വിശാസപരമായോ കര്‍മപരമായോ മുസ്‌ലിംകള്‍ക്ക് ഗുണപരമായിരുന്നില്ല. അതേസമയം, ഇത്തരം തീവ്രനിലപാടുകളെ എക്കാലത്തും മുസ്ലിംകള്‍ എതിര്‍ത്ത് തോല്‍പ്പിച്ചത് വിശ്വാസപരമായി പിഴവ് സംഭവിച്ചവര്‍ എന്ന് വിലയിരുത്തി ഒറ്റപ്പെടുത്തികൊണ്ടായിരുന്നു. ഖവാരിജുകള്‍ മുതല്‍ ഐ എസ് വരെയുള്ള തീവ്രസംഘടനകളെ വിശ്വാസികള്‍ സമീപിച്ചത് അങ്ങനെയാണ്. അതേസമയം, ഇപ്പോഴും ഐ എസ് തീവ്രവാദികള്‍ ‘പോരാളികള്‍’ തന്നെയായി അവശേഷിക്കുന്ന മനസ്സുകളെയാണ് ചികിത്സിക്കേണ്ടത്. അത്തരം ആശയങ്ങള്‍ ഉള്ളില്‍ നിറച്ച്, മതത്തെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സങ്കീര്‍ണമായ അവസ്ഥാവിശേഷത്തിലേക്ക് തള്ളിയിടുന്നവരെ നാം ഭയത്തോടെ തന്നെ കാണുക. കേരളീയസാഹചര്യത്തില്‍ 1920കളില്‍ തന്നെ സലഫികളെ ഒറ്റപ്പെടുത്തുന്ന നിലപാട് സുന്നികള്‍ സ്വീകരിച്ചിട്ടുണ്ട്. സലഫി, ഇസ്‌ലാമിസ്റ്റ് സാമൂഹിക ബഹിഷ്‌കരണം എത്രമാത്രം ദീര്‍ഘവീക്ഷണത്തോടെയുള്ളതായിരുന്നു എന്ന് പൊതുസമൂഹം പോലും ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.
എല്ലാം അമേരിക്കയുടെ കളിയാണ് എന്ന് പറഞ്ഞു നാം എത്രകാലം മുന്നോട്ട് പോകും? ഇനിയും സത്യസന്ധമായ വിലയിരുത്തലുകളും ആത്മാര്‍ഥമായ വിചാരണകളും മുസ്ലിം സമുദായത്തിനകത്ത് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ തീവ്രവാദം പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ചേരും. ഉള്ള് തുറന്നുള്ള സംഭാഷണങ്ങളും തിരുത്തലുകളുമാണ് അതിനാവശ്യം. (തുടരും)