മാധ്യമപ്രവര്‍ത്തകര്‍ ഗുണ്ടകളെന്ന് പോസ്റ്റര്‍; പ്രതിഷേധം ശക്തം

Posted on: October 22, 2016 11:58 pm | Last updated: October 22, 2016 at 11:58 pm

mediaതിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ ഇ പി ജയരാജനെതിരെയുള്ള കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് നല്‍കിയതിന് പിന്നാലെ ഇന്നലെ സെക്രട്ടറിയേറ്റിന് സമീപം അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പതിച്ച അഭിഭാഷകരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഇന്നലെ രാവിലെയാണ് മാധ്യമ ഗുണ്ടകളെ അറസ്റ്റ് ചെയ്യുക എന്ന തലക്കെട്ടോടെ അഭിഭാഷക ഐക്യം തിരുവനന്തപരം എന്ന പേരില്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ചിത്രങ്ങളുള്ള മറ്റൊരു പോസ്റ്ററും നഗരത്തില്‍ പ്രചരിപ്പിച്ചു. ഈ ഫഌക്‌സുകള്‍ പിന്നീട് നഗരസഭ നീക്കം ചെയ്തു. കോടതികളില്‍ മാധ്യമ വിലക്കിനെതിരെ വിവിധ തലങ്ങളില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അഭിഭാഷകരുടെ പ്രകോപനപരമായ നീക്കം.
വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന പരാതി അന്വേഷിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍ ശിവവിക്രമിനാണ് അന്വേഷണ ചുമതല. എ ഡി ജി പി ബി സന്ധ്യക്ക് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് നടപടി. അതേസമയം, അഭിഭാഷകര്‍ നിരന്തരം മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. അഭിഭാഷകരില്‍ ചിലര്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി പ്രതികരിച്ചു. കോടതികളില്‍ മാധ്യമങ്ങളെ വിലക്കുന്ന സംഭവത്തില്‍ പ്രശ്‌നപരിഹാരം വൈകുന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ ഇപ്പോഴും കൈയേറ്റം തുടരുന്നത് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ആന്റണി പറഞ്ഞു.
ഒരു വിഭാഗം അഭിഭാഷകരാണ് മാധ്യമ പ്രവര്‍ത്തകരെ തടയുന്നതെന്ന കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ബോധ്യപ്പെട്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പ്രതികരിച്ചു. താന്‍ അയച്ച കത്തിന് ചീഫ് ജസ്റ്റിസ് നല്‍കിയ മറുപടിയില്‍ അതാണ് വ്യക്തമാകുന്നത്. വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത കേസില്‍ അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കെ പി സി സി പ്രസിഡന്റ് വി എം സുധീരനും പ്രതികരിച്ചു. അഭിഭാഷകര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് ശരിയല്ല. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസുമായി മുന്നോട്ടുപോകുന്നത് തെറ്റായ നടപടിയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാതി എത്രയുംവേഗം പിന്‍വലിക്കണമെന്നും അദ്ദേഹം അഭിഭാഷകരോട് ആവശ്യപ്പെട്ടു.
ആക്രമിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. കുറ്റം ചെയ്തവര്‍ക്ക് പോലീസ് കൂട്ടാണ് എന്ന ധാരണയുണ്ടാക്കുന്ന നടപടിയാണ് ഇപ്പോഴുള്ളത്. കോടതികളിലെ മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും സുധീരന്‍ വ്യക്തമാക്കി.
ഇ പി ജയരാജന്‍ രാജിവെച്ചതിന് ശേഷം അദ്ദേഹത്തിനെതിരെയുള്ള വിജിലന്‍സ് കേസ് റിപ്പോര്‍ട്ട് ചെയ്യാനായി കോടതിയിലെത്തിയപ്പോഴാണ് വനിതകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാതിനെ കോടതിമുറിക്കുള്ളിലും വരാന്തയിലും ഒരുകൂട്ടം അഭിഭാഷകര്‍ വളഞ്ഞിട്ടു തല്ലി. പി ടി ഐ. ന്യൂസിലെ ജെ രാമകൃഷ്ണന്‍, എഷ്യാനെറ്റ് ന്യൂസിലെ സി പി അജിത, മനോരമ ന്യൂസിലെ ജസ്റ്റിന തോമസ്, ന്യൂസ് 18 കേരളയിലെ വിനോദ് എന്നിവരെ അഭിഭാഷകര്‍ സംഘംചേര്‍ന്ന് ആക്രമിക്കുകയും ചെയ്തു. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് എട്ടോളം അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തു. തുടര്‍ന്ന് അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് നല്‍കുകയും ചെയ്തു. കോടതിവളപ്പിലുള്ള മീഡിയ റൂമിന്റെ ബോര്‍ഡ് നശിപ്പിച്ച അഭിഭാഷകര്‍ അവിടെ ബാര്‍ അസോസിയേഷന്റെ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

ALSO READ  നിക്ഷിപ്ത താത്പര്യങ്ങളുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും പി കെ ഫിറോസിനുമെതിരെ ആഞ്ഞടിച്ച് കെ കെ ഷാഹിന