അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു

Posted on: October 22, 2016 11:51 pm | Last updated: October 22, 2016 at 11:51 pm

thermal-video_650x400_71477125139ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം പാക് ഭീകരവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ബി എസ് എഫ് പുറത്തുവിട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിന്റെ തെര്‍മല്‍ ചിത്രങ്ങളാണ് ബി എസ് എഫ് ഇന്നലെ പുറത്തുവിട്ടത്. ആറ് തീവ്രവാദികള്‍ ചേര്‍ന്ന് സൈന്യത്തിന്റെ പോസ്റ്റുകള്‍ക്ക് നേരെ ബോംബെറിയുന്നതും തുടര്‍ച്ചയായി വെടിവെപ്പ് നടത്തുന്നതും വ്യക്തമാകുന്ന തെര്‍മോ ചിത്രങ്ങളാണ് ബി എസ് എഫ് പുറത്തുവിട്ടത്.
പാക്കിസ്ഥാന്‍ ഭാഗത്തു നിന്നുമെത്തിയ ഒരു സംഘം തീവ്രവാദികള്‍ രാജ്യാന്തര അതിര്‍ത്തിക്ക് സമീപം നിലയുറപ്പിക്കുകയും ബി എസ് എഫ് പോസ്റ്റുകള്‍ക്ക് നേരെ സ്വയം പ്രവര്‍ത്തിക്കുന്ന തോക്കുകളും റോക്കറ്റ് ഗ്രനേഡുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തുകയുമാണ് ചെയ്തത്. ഇതേത്തുടര്‍ന്ന് ബി എസ് എഫും സൈനികരും ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നു. ബുധനാഴ്ച രാത്രി 11.45നായിരുന്നു സംഭവം. ഏറ്റുമുട്ടല്‍ ഇരുപത് മിനുട്ട് നീണ്ടുനിന്നുവെന്നും ആറ് ഭീകരരാണ് ഉണ്ടായിരുന്നതെന്നുമാണ് ബി എസ് എഫ് നല്‍കുന്ന വിവരം.
കഴിഞ്ഞ ബുധനാഴ്ച രാത്രി മുതല്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ബി എസ് എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടന്നിയിരുന്നു. ഇതില്‍ ഒരു ബി എസ് എഫ് ജവാന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിരാനഗറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് പാക് അതിര്‍ത്തിരക്ഷാ സേനയായ പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് വെടിയുതിര്‍ത്തതോടെയാണ് ബി എസ് എഫ് ശക്തമായ പ്രത്യാക്രമണം നടത്തിയത്. നാല് ദിവസമായി ഹിരാനഗര്‍ സംഘര്‍ഷാവസ്ഥയിലാണ്. ആവശ്യമെങ്കില്‍ ശക്തമായി തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാക് ഭാഗത്തു നിന്നുണ്ടായ മോര്‍ട്ടാര്‍ ആക്രമണത്തെ തുടര്‍ന്ന് ഹിരാനഗര്‍ മേഖലയില്‍ നിന്ന് നാനൂറോളം ഗ്രാമീണരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലാണ് ഗ്രാമീണരെ മാറ്റിയത്.
അതിനിടെ ഇന്നലെ ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ ആയുധങ്ങളുമായി രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പിടിയിലായി.
കനിസ്‌പോര മേഖലയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. 52 രാഷ്ട്രീയ റൈഫിള്‍സും സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പും (എസ് ഒ ജി) സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഭീകരരെ പിടികൂടിയത്.
എ കെ 47, പിസ്റ്റള്‍, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങള്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ജെയ്‌ഷെ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ചിഹ്നങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. സാംബ മേഖലയില്‍ ഒരു പാക് ചാരന്‍ പിടിയിലായതിനു പിന്നാലെയാണ് രണ്ട് ഭീകരര്‍ അറസ്റ്റിലായിരിക്കുന്നതെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.