അഭിഭാഷകരുടെ ആക്രമണ സ്വഭാവം മുളയിലേ നുള്ളണമെന്ന് വിഎം സുധീരന്‍

Posted on: October 22, 2016 10:36 am | Last updated: October 23, 2016 at 9:58 am

VM SUDHEERANതിരുവനന്തപുരം: അഭിഭാഷക-മാധ്യമ പ്രവര്‍ത്തക തര്‍ക്കത്തില്‍ അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. അഭിഭാഷകരുടെ ആക്രമണ സ്വഭാവം മുളയിലേ നുള്ളണമെന്നും കേരളീയ സമൂഹത്തിന് ലജ്ജാകരമാണിതെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം അഭിഭാഷകര്‍ അക്രമിച്ച സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് എടുത്ത കള്ളക്കേസ് പിന്‍വലിക്കണം. അങ്ങേയറ്റം അപലപനീയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിഭാഷക സമുഹമാകെ മോശക്കാരാണെന്ന് ആരും പറയില്ല. വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ നിരതന്നെ നമുക്കുണ്ട്. അഭിഭാഷക സമൂഹത്തിന് തന്നെ കളങ്കം വരുത്തിവെക്കുന്ന നിലയിലാണ് ചെറിയൊരു വിഭാഗം അഭിഭാഷകരുടെ പ്രവൃത്തിയെന്നും സുധീരന്‍ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ കേസെടുക്കുന്നതിന് പൊലീസ് വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ല. ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പിന്നീട്? ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് കേസെടുത്തത്. ഇരകള്‍ക്കെതിരെ കേസെടുക്കുന്ന ഈ പ്രവണത ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. കേസ് നീട്ടിക്കൊണ്ടു പോകുന്നത്? നിയമസംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും സുധീരന്‍ പറഞ്ഞു.