Connect with us

Kerala

പോലീസുകാര്‍ ഭക്ഷണം ടിഫിന്‍ബോക്‌സുകളില്‍ കൊണ്ടുവരണം, പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു. ശുചിത്വപൂര്‍ണമായ അന്തരീക്ഷവും ഫലപ്രദമായ മാലിന്യസംസ്‌കരണവും ലക്ഷ്യമിട്ടാണ് ശുചിത്വമിഷനുമായി സഹകരിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നത്. പോലീസ് സ്റ്റേഷനുകളിലും ഓഫീസുകളിലും പ്ലാസ്റ്റിക്കുകള്‍ കത്തിക്കുന്നതും ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായി സംസ്‌കരിക്കാതിരിക്കുന്നതും ഒഴിവാക്കണം. മാലിന്യങ്ങള്‍ ഫലപ്രദമായും ശുചിത്വപൂര്‍ണമായും സംസ്‌കരിക്കണം. ജീവനക്കാര്‍ ഉച്ചഭക്ഷണവും മറ്റും ടിഫിന്‍ ബോക്‌സുകള്‍ പോലെ വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളില്‍ കൊണ്ടുവരണം. ഭക്ഷണാവശിഷ്ടങ്ങള്‍ അതിനായുള്ള കുട്ടകളില്‍ മാത്രം നിക്ഷേപിക്കണം. അത് യഥാസമയം ബയോഗ്യാസ് പ്ലാന്റ്-വിന്‍ട്രോ കമ്പോസ്റ്റിംഗ് യൂനിറ്റിലേക്ക് മാറ്റണം. സാങ്കേതിക സഹായത്തിന് ശുചിത്വമിഷന്റെ സഹകരണം തേടാവുന്നതാണ്. ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍, ആഹാര സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ടുവരുന്ന പ്ലാസ്റ്റിക്കുകള്‍ എന്നിവ ഒഴിവാക്കി പകരം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ തിരഞ്ഞെടുക്കണം. ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാര വസ്തുക്കളിലും പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കി തുണി, പേപ്പര്‍ മുതലായവ ഉപയോഗിക്കണം. പ്ലാസ്റ്റിക് പ്ലേറ്റുകളും കപ്പുകളും പൂര്‍ണമായും ഒഴിവാക്കണമെന്നും പ്ലാസ്റ്റിക് കുപ്പിവെള്ളം പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. രഹസ്യ സ്വഭാവമുള്ള പേപ്പറുകള്‍ ഉപയോഗ ശേഷം നിര്‍മാര്‍ജനം ചെയ്യാന്‍ ഷ്രെഡര്‍ മെഷീന്‍ ഉപയോഗിക്കണം.
മറ്റു പേപ്പര്‍ -ഇലക്‌ട്രോണിക് -പ്ലാസ്റ്റിക് വേസ്റ്റുകള്‍ എന്നിവ തരംതിരിച്ച് സൂക്ഷിച്ച ശേഷം അവ നിര്‍മാര്‍ജനം ചെയ്യുന്നതിനായി ബന്ധപ്പെട്ട ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

Latest