Connect with us

Sports

ബി സി സി ഐ നിലപാട് മയപ്പെടുത്തി: ഡി ആര്‍ എസ് കളിക്കാനിറങ്ങും !

Published

|

Last Updated

ന്യൂഡല്‍ഹി: അമ്പയര്‍മാരുടെ തീരുമാനം പുന:പരിശോധിക്കാനുള്ള ഡി ആര്‍ എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) രീതിക്ക് ബി സി സി ഐ ഒടുവില്‍ അംഗീകാരം നല്‍കുന്നു.
ദീര്‍ഘകാലം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഡി ആര്‍ എസിനെതിരെ ശബ്ദമുയര്‍ത്തിയ ബി സി സി ഐ നിലപാട് മയപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഡി ആര്‍ എസ് പരീക്ഷണാര്‍ഥം നടപ്പിലാക്കും. നവംബര്‍ ഒമ്പതിനാണ് പരമ്പര ആരംഭിക്കുന്നത്. ഈ പരമ്പരയില്‍ ഡി ആര്‍ എസ് രീതി നിരീക്ഷിച്ച് കൂടുതല്‍ മെച്ചപ്പെടുത്താന്‍ മുന്‍കൈയ്യെടുക്കുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ഡി ആര്‍ എസിനെതിരെ ശക്തമായി നിന്നത്. എന്നാല്‍, ധോണി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കോച്ച് അനില്‍ കുംബ്ലെയും ഡി ആര്‍ എസ് പരീക്ഷിക്കാമെന്ന നിലപാടെടുത്തു. ഐ സി സി ക്രിക്കറ്റ് കമ്മിറ്റി മേധാവിയായ കുംബ്ലെ എം ഐ ടി ലബോറട്ടറി സന്ദര്‍ശിച്ച് ഡി ആര്‍ എസിനെ കുറിച്ച് പഠിച്ചിരുന്നു.
ഇന്ത്യ അവസാനമായി ഡി ആര്‍ എസ് ഉപയോഗിച്ചത് 2008 ല്‍ ശ്രീലങ്കക്കെതിരായ എവേ ടെസ്റ്റ് പരമ്പരയില്‍ ആയിരുന്നു.
ഡി ആര്‍ എസ് സാങ്കേതിക വിദ്യയിലുള്ള കൃത്യതയില്‍ വ്യക്തതയില്ലാത്തതിനാലായിരുന്നു ബി സി സി ഐ എതിര്‍ത്തത്. ഹൗക്‌ഐ സാങ്കേതികതയില്‍ അള്‍ട്രാ എഡ്ജ് എന്ന പുതിയ രീതി നടപ്പിലാക്കുന്നത് കൃത്യത കുറേക്കൂടി ഉറപ്പ് വരുത്തുന്നുവെന്ന് ബോര്‍ഡ് വിലയിരുത്തുന്നു. ഇതില്‍ മത്സരത്തിലെ എല്ലാ നിമിഷങ്ങളും പകര്‍ത്തുന്നു.
ഡി ആര്‍ എസ് കുറ്റമറ്റതാണോ എന്ന് നിരീക്ഷിക്കാന്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ ബി സി സി ഐ കൂടുതല്‍ കാമറകള്‍ സ്ഥാപിച്ച് നിരീക്ഷിക്കുകയും പഠനത്തിന് വിധേയമാക്കുകയും ചെയ്യും.

Latest