കാശ്മീരില്‍ ഒരു ഭീകരനെയും ഏഴു പാക്ക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചു

Posted on: October 21, 2016 7:57 pm | Last updated: October 22, 2016 at 10:42 am

kashmir_11ജമ്മു: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയിലുണ്ടായ വെടിവെപ്പില്‍ ഏഴ് പാക്ക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു. പാക് പ്രകോപനത്തിന് ഇന്ത്യ മറുപടി നല്‍കുമ്പോഴാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്. രാവിലെ പാകിസ്താന്‍ നടത്തിയ ആക്രണത്തില്‍ ഗുര്‍ണം സിങ് എന്ന സൈനികന് പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ബി.എസ്.എഫ് അറിയിച്ചു.

ഇന്ന് രാവിലെ ഹിരാനഗര്‍ സെക്ടറില്‍ പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

രജൗറിയില്‍ കഴിഞ്ഞ രാത്രിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ 15 മണിക്കൂറായി ഇരു പക്ഷത്തേക്കും ശക്തമായ വെടിവയ്പ്പ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം 32 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായാണ് കണക്ക്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗവും വിളിച്ചു ചേര്‍ത്തു.