കുടുംബക്ഷേത്ര നവീകരണത്തിന് 50 കോടിയുടെ തേക്ക് ഇപി ജയരാജന്‍ സൗജന്യമായി ആവശ്യപ്പെട്ടു

Posted on: October 21, 2016 4:08 pm | Last updated: October 21, 2016 at 7:59 pm

jayarajanതിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ഇപി ജയരാജന്‍ വീണ്ടും വിവാദത്തില്‍. കുടുംബക്ഷേത്ര നവീകരണത്തിന് 50 കോടിയുടെ തേക്ക് സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പുതിയ വിവാദം. മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍പേഡിലാണ് ജയരാജന്‍ വനംവകുപ്പിന് കത്ത് നല്‍കിയത്.

കത്ത് ലഭിച്ചതായി വനംമന്ത്രി കെ. രാജു സ്ഥിരീകരിച്ചു. ജയരാജന്റെ കത്ത് ലഭിച്ച വനംമന്ത്രി വിവരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡിഎഫ്ഒ ഇക്കാര്യം പരിശോധിച്ച് കണ്ണവം വനത്തില്‍ ഇത്രയും തേക്ക് ലഭ്യമാണോ എന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചു.

എന്നാല്‍ കണ്ണവം, തളിപ്പറമ്പ് വനങ്ങളില്‍ ഇത്രയും തേക്ക് ലഭ്യമല്ലെന്നും ഭീമമായ തുകയാണ് ഇത്രയും തേക്കിന് വിലവരികയെന്നും ഉണ്ടെങ്കില്‍ത്തന്നെ അങ്ങനെ സൗജന്യമായി നല്‍കാന്‍ ചട്ടമില്ലെന്നും ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ജയരാജന്റെ അപേക്ഷ മന്ത്രി തള്ളുകയായിരുന്നു. ജയരാജന്റെ ബന്ധുക്കള്‍ അടങ്ങിയ ട്രസ്റ്റിന് കീഴിലുള്ളതാണ് ക്ഷേത്രം.