തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജീന്‍സും ലെഗിന്‍സും ധരിക്കരുതെന്ന് സര്‍ക്കുലര്‍

Posted on: October 21, 2016 2:43 pm | Last updated: October 21, 2016 at 4:45 pm

tvm-medical-collegeതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ജീന്‍സും ലെഗിന്‍സും ധരിക്കരുതെന്ന് അധികൃതരുടെ സര്‍ക്കുലര്‍. വൈസ് പ്രിന്‍സിപ്പല്‍ ഒപ്പിട്ട സര്‍ക്കുലറിലാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കര്‍ശന ഡ്രസ് കോഡ് നിര്‍ദേശിച്ചിരിക്കുന്നത്. ആണ്‍കുട്ടികള്‍ ജീന്‍സ്, ചെരുപ്പ്, ടീഷര്‍ട്ട് മറ്റു കാഷ്വല്‍ വേഷങ്ങള്‍ എന്നിവ ധരിക്കരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു. പെണ്‍കുട്ടികള്‍ ലെഗിന്‍സ്, ഷോര്‍ട് ടോപ്പ്, ജീന്‍സ് കൂടാതെ കിലുക്കമുള്ള ആഭരണങ്ങള്‍ എന്നിവ ധരിക്കരുതെന്നും നിര്‍ദേശമുണ്ട്.

ആണ്‍കുട്ടികള്‍ ഫോര്‍മല്‍ വേഷങ്ങള്‍ക്കൊപ്പം ഷൂസും ധരിക്കണം. പെണ്‍കുട്ടികള്‍ ഫോര്‍മല്‍ വേഷങ്ങളായ ചുരിദാറും സാരിയും മാത്രമേ ധരിക്കാവൂ എന്നും മുടി ഒതുക്കി കെട്ടിവെക്കണമെന്നും പറയുന്നു. വിദ്യാര്‍ഥികള്‍ ഈ ഡ്രസ് കോഡ് പാലിക്കുന്നുണ്ടെന്ന് വകുപ്പ് അധ്യക്ഷന്‍മാരും യൂണിറ്റ് മേധാവികളും ഉറപ്പുവരുത്തണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിട്ടില്ല.