ഭക്ഷ്യസുരക്ഷയും മെല്ലെപ്പോക്കും

Posted on: October 21, 2016 11:08 am | Last updated: October 21, 2016 at 11:08 am

സംസ്ഥാനത്തിനുള്ള റേഷന്‍ വിഹിതം ഈ മാസം മുതല്‍ കുത്തനെ വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനം അലംഭാവം കാണിച്ചതാണ് കാരണമായി പറയുന്നത്. ഇതോടെ എ പി എല്‍ കാര്‍ഡുകള്‍ക്ക് രണ്ട് രൂപ നിരക്കിലുള്ള അരിയും സബ്‌സിഡിയുള്ള മറ്റു ഭക്ഷ്യ സാധനങ്ങളും ലഭിക്കാതായി. റേഷന്‍കട വഴി അവര്‍ക്ക് ഇനി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കണമെങ്കില്‍ കേന്ദ്രം നിശ്ചയിച്ച താങ്ങുവില നല്‍കണം. അരി കിലോഗ്രാമിന് 22.54 രൂപയും ഗോതമ്പിന് 15.25 രൂപയുമാണ് താങ്ങുവില. മണ്ണെണ്ണയും പഞ്ചസാരയും ഇവര്‍ക്ക് പൂര്‍ണമായും നിഷേധിക്കപ്പെടും.
2013 ജൂലൈ അഞ്ചിനാണ് പാര്‍ലിമെന്റ് ഭക്ഷ്യസുരക്ഷാ നിയമം പാസ്സാക്കിയത്. പാവപ്പെട്ട ജനവിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ചു അര്‍ഹതപ്പെട്ട ഒരു വ്യക്തിക്ക് മാസാന്തം അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍ എന്നീ ഭക്ഷ്യധാന്യങ്ങള്‍ അഞ്ച് കിലോ വീതം ലഭിക്കും. കേന്ദ്ര സര്‍ക്കാറിന്റെ മാര്‍ഗരേഖ രേഖ പ്രകാരം തയ്യാറാക്കിയ മുന്‍ഗണനാ പട്ടിക അനുസരിച്ചു കേരളത്തിലെ 3.34 കോടി പേരില്‍ 47.37 ശതമാനത്തിനാണ് പദ്ധതിയുടെ പ്രയോജനം. എ പി എല്‍ വിഭാഗത്തിന് മാത്രമല്ല ബി പി എല്‍ വിഭാഗത്തില്‍ നിന്നും നല്ലൊരു വിഭാഗത്തിനും പദ്ധതി നടപ്പിലാകുന്നതോടെ സബ്‌സിഡി റേഷന്‍ നിഷേധിക്കപ്പെടും. 16.91 ലക്ഷം ടണ്‍ ധാന്യങ്ങളാണ് കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ഒരു വര്‍ഷം ഇതുവരെ ലഭിച്ചിരുന്നത്. നിയമം വരുന്നതോടെ ഇത് 14.25 ലക്ഷം ടണ്ണായി ചുരുങ്ങും. നിലവിലെ ഉപഭോക്താക്കളില്‍ ഗണ്യമായൊരു വിഭാഗത്തിന് സ്ബ്‌സിഡി റേഷന്‍ നഷ്ടമാക്കുമെങ്കിലും ഒരു സംസ്ഥാനത്തിനും ഇതില്‍ നിന്നൊഴിഞ്ഞു മാറാനാകില്ല.
കേന്ദ്രം പദ്ധതിക്ക് അംഗീകാരം നല്‍കിയത് മുതല്‍ ഒരു വര്‍ഷത്തിനകം എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പാക്കണമെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടതാണ്. പുതിയ റേഷന്‍ കാര്‍ഡ്, റേഷന്‍ കടകളുടെ കമ്പ്യൂട്ടര്‍വത്കരണം, കൂടുതല്‍ ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനം തുടങ്ങി ഇതിന് കടമ്പകളേറെയുണ്ടെങ്കിലും കേരളവും തമിഴ്‌നാടും ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം പദ്ധതി ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായിട്ടില്ല എന്നാണ് വൈകുന്നതിന് കേരള സര്‍ക്കാര്‍ പറയുന്ന കാരണം. പുതിയ റേഷന്‍ കാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണ്. റേഷന്‍ ഷാപ്പുകളുടെ കമ്പ്യൂട്ടര്‍വത്കരണവും നടപ്പാക്കാനുണ്ട്. പുതിയ മുന്‍ഗണനാ മാനദണ്ഡമനുസരിച്ചുള്ള ബി പി എല്‍, എ പി എല്‍ പട്ടികയും കേരളം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അടിസ്ഥാന വികസനത്തിലും സാങ്കേതിക മേഖലയിലും കേരളത്തേക്കാള്‍ പിന്നിലായ സംസ്ഥാനങ്ങള്‍ പദ്ധതി ആരംഭിച്ചിരിക്കെ കേരളത്തില്‍ ഇരുവരെ നടപ്പാക്കാനാകത്തത് അനാസ്ഥ കൊണ്ടാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കമ്പ്യൂട്ടര്‍വത്കരണത്തിനാവശ്യമായ സാമ്പത്തിക സഹായം കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
എന്നാല്‍, സംസ്ഥാനം ഇക്കാര്യത്തില്‍ തുടരുന്ന അലംഭാവത്തിന് പിന്നില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരും റേഷന്‍ വ്യാപാരികളും മൊത്ത വ്യാപാരികളുമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. നിലവിലെ ബി പി എല്‍ പട്ടികയില്‍ നല്ലൊരു വിഭാഗം യഥാര്‍ഥത്തില്‍ ദാരിദ്ര്യ രേഖക്ക് മീതെ വരുന്നവരും സമ്പന്നരുമാണ്. രാഷ്ട്രീയ സ്വാധീനത്തിലൂടെ ബി പി എല്‍ പട്ടികയില്‍ കടന്നുകൂടിയ ഇവരില്‍ റേഷന്‍ കൃത്യമായി വാങ്ങാത്തവരാണ് പലരും. ഇവരുടെ റേഷന്‍ സാധനങ്ങള്‍ മറിച്ചു വില്‍ക്കുകയാണ് കടക്കാര്‍. ഭക്ഷ്യസുരക്ഷാ നിയമം വന്നാല്‍ ഈ പഴുതടക്കപ്പെടും. നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നതനുസരിച്ചു റേഷന്‍ കടകളുടെ കമ്പ്യൂട്ടര്‍വത്കരണം നടപ്പിലായാല്‍ ഉപഭോക്താക്കള്‍ക്ക് ഏത് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. ബാര്‍കോഡ് നോക്കിയാണ് വിതരണം നടക്കുകയെന്നതിനാല്‍ കൃത്രിമം നടത്താനുമാകില്ല. ഇതെല്ലാമാണ് റേഷന്‍ കടക്കാരെയും അവരുടെ കൂട്ടാളികളായ ഉദ്യോഗസ്ഥരെയും ആശങ്കാകുലരാക്കുന്നത്. നിലവില്‍ ഇടനിലക്കാര്‍ കൈകാര്യം ചെയ്യുന്ന ഗോഡൗണ്‍ സംവിധാനം പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ട് ഗോഡൗണ്‍ സ്ഥാപിക്കുമെന്നതാണ് നിയമത്തിന്റെ മറ്റൊരു പ്രത്യേകത. എഫ് സി ഐയില്‍ നിന്ന് നേരിട്ട് ഗോഡൗണിലേക്കും അവിടെ നിന്ന് നേരിട്ട് കടകളിലേക്കും സാധനങ്ങള്‍ എത്തിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതും കരിഞ്ചന്ത ലോബിക്ക് ആഘാതമാണ്.
പദ്ധതി മൂലം മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും നിലവിലെ റേഷന്‍ ഉപഭോക്താക്കളുമായ വലിയൊരു വിഭാഗത്തിന് റേഷന്‍ നിഷേധിക്കപ്പെടുന്നത് സര്‍ക്കാറിനെ പ്രയാസത്തിലാക്കും. ഇവരില്‍ പലരും സാധാരണക്കാരും കഷ്ടിച്ചു ജീവിതം തള്ളിനീക്കുന്നവരുമാണ്. ഇത്തരക്കാരെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള മാര്‍ഗം കാണേണ്ടതാണ്. റേഷന്‍ വിതരണത്തിലെ വന്‍തോതിലുള്ള കുറവ് പൊതുവിപണിയില്‍ വിലക്കയറ്റത്തിനിടയാക്കാതിരിക്കാന്‍ മുന്‍കരുതലും സ്വീകരിക്കേണ്ടതുണ്ട്.

ALSO READ  ലോകമൊന്നിച്ചെതിര്‍ക്കണം ട്രംപിന്റെ പശ്ചിമേഷ്യന്‍ പദ്ധതി