Connect with us

International

'ഹോട്ട് ഡോഗി'ന്റെ പേര് മാറ്റണമെന്ന് മലേഷ്യന്‍ അധികൃതര്‍

Published

|

Last Updated

ജക്കാര്‍ത്ത: ഹോട്ട് ഡോഗ്(ഒരു തരം ബണ്‍) വില്‍പ്പന നടത്തുന്ന ഭക്ഷണ വിതരണ ശാലകളോട് ഈ ഭക്ഷ്യപദാര്‍ഥത്തിന്റെ പേര് മാറ്റാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നത് പ്രയാസമാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെത്തുന്ന മുസ്‌ലിം വിനോദസഞ്ചാരികളില്‍ നിന്നുള്ള പരാതിയിന്മേലാണ് ഈ നടപടിയെന്ന് മലേഷ്യന്‍ ഇസ്‌ലാമിക് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഹോട്ട് ഡോഗ് എന്ന പേര് ചില അങ്കലാപ്പുകള്‍ ഉണ്ടാക്കുന്നതാണെന്ന് ഡയറക്ടര്‍ സിറാജുദ്ദീന്‍ സുഹൈമി പറഞ്ഞു. ഇസ്‌ലാമിക വിശ്വാസ പ്രകാരം നായ അശുദ്ധമാണ്. ഇത്തരം പേരുള്ള ഭക്ഷ്യപദാര്‍ഥത്തിന് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക പ്രയാസകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീര്‍, റം ഉള്‍പ്പെടെയുള്ള ഹലാലല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനോ അങ്ങനെ എഴുതിവെക്കാനോ മലേഷ്യന്‍ ഹലാല്‍ ഫുഡ് മാര്‍ഗനിര്‍ദേശമനുസരിച്ച് പാടില്ല. ഇത്തരം പ്രവൃത്തികള്‍ ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് നിര്‍ദേശം.
അതേസമയം, മലേഷ്യന്‍ ടൂറിസം വകുപ്പ് മന്ത്രി നസ്‌റി അസീസ് ഈ നിലപാടിനെതിരെ രംഗത്തുവന്നു. ഇത്തരം നിലപാടുകള്‍ വിഡ്ഢിത്തമാണെന്നും തെറ്റായതാണെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയില്‍ പോലും ഈ ബണ്ണിനെ ഹോട്ട് ഡോഗ് എന്നാണ് വിളിക്കുന്നത്. ലോകത്തെല്ലായിടത്തും കുറേ വര്‍ഷങ്ങളായി ഈ ഭക്ഷ്യപദാര്‍ഥം ഈ പേരില്‍ തന്നെയാണ് അറിയപ്പെടുന്നതെന്നും താനുമൊരു മുസ്‌ലിമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായതോടെ മലേഷ്യന്‍ അധികൃതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശവുമുയര്‍ന്നിരിക്കുകയാണ്.

Latest