നെറ്റ്‌ബേങ്കിംഗ് തട്ടിപ്പ് വീണ്ടും: പാലക്കാട് സ്വദേശിക്ക് 1.66 ലക്ഷം രൂപ നഷ്ടമായി

Posted on: October 20, 2016 12:35 am | Last updated: October 20, 2016 at 12:35 am

2-101-690x414കൊച്ചി: നെറ്റ് ബേങ്കിംഗ് തട്ടിപ്പിലൂടെ പാലക്കാട് സ്വദേശിയുടെ ബേങ്ക് അക്കൗണ്ടില്‍ നിന്ന് 1.66 ലക്ഷം രൂപ നഷ്്ടമായി. കോഴിക്കോട് ആസ്ഥാനമായ പാരഗണ്‍ ഹോട്ടല്‍ ഗ്രൂപ്പിന്റെ എച്ച് ആര്‍ മാനേജര്‍ ടി ടി അനില്‍കുമാര്‍ എന്ന അനില്‍ നായരാണ് തട്ടിപ്പിനിരയായത്. എച്ച് ഡി എഫ് സി ബേങ്കിലെ ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍നിന്ന് 1,66,614.94 രൂപ നഷ്ടപ്പെട്ടു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട അനില്‍ ഉടന്‍ ബേങ്ക് അധികൃതരെ അറിയിച്ച് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ തടഞ്ഞു. തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. പാലക്കാട് സ്വദേശിയായ ഇയാള്‍ എട്ട് വര്‍ഷമായി കാക്കനാടാണ് താമസം.
18ന് പുലര്‍ച്ചെ 12.50ന് അനിലിന്റെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ഒരു ബേങ്കിടപാട് നടന്നതായും അക്കൗണ്ടില്‍നിന്ന് 1,66,614 രൂപ പിന്‍വലിച്ചതായും ബേങ്കിന്റെ അറിയിപ്പ് മൊബൈല്‍ ഫോണില്‍ എസ് എം എസായി വന്നതോടെയാണ് തട്ടിപ്പ് നടന്ന വിവരം അനില്‍ അറിയുന്നത്. പുലര്‍ച്ചെ 2.06ന് വന്ന സന്ദേശം പുലര്‍ച്ചെ അഞ്ചിന് ഉറക്കമുണര്‍ന്നപ്പോഴാണ് അനില്‍ കണ്ടത്. ബേങ്ക് അധികൃതരെ ബന്ധപ്പെട്ട് രാവിലെ ആറോടെ കാര്‍ഡിലെ ഇടപാടുകള്‍ തടഞ്ഞു.
യൂക്‌സ് ഡോട്ട് കോം സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പര്‍ച്ചേസിനായി തുക ഡെബിറ്റ് ചെയ്തതായാണ് സന്ദേശത്തില്‍ പറയുന്നത്. അമേരിക്കയടക്കം 180 രാജ്യങ്ങളില്‍ വിതരണശൃംഖലയും ഓഫീസുകളുമുള്ള ഫാഷന്‍ ഉത്പന്ന വിതരണ കമ്പനിയാണിത്. സാധാരണ ഓണ്‍െൈലന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ തുക ക്രെഡിറ്റ് ചെയ്യുന്നതിനു മുമ്പായി വണ്‍ ടൈം പാസ്‌വേര്‍ഡ് (ഒ ടി പി) ബേങ്കില്‍നിന്ന് കൊടുക്കാറുണ്ട്. എന്നാല്‍ തട്ടിപ്പ് നടന്ന ഇടപാടില്‍ അനിലിന്റെ മൊബൈല്‍ ഫോണിലേക്ക് ഒ ടി പി എത്തിയിരുന്നില്ല. ഉത്പന്നങ്ങള്‍ വാങ്ങിയ കമ്പനിയുടെ അധികൃതര്‍ക്കും അനില്‍ ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയിട്ടുണ്ട്.