തനി നാടന്‍ വ്യാജ മുട്ട

Posted on: October 20, 2016 6:21 am | Last updated: October 20, 2016 at 12:23 am

cartoon-henപണ്ടൊക്കെ ഫോറിന്‍ സാധനത്തിനായിരുന്നു പ്രിയം. ഫോറിന്‍ ടോര്‍ച്ച്, ഫോറിന്‍ വാച്ച്, ഫോറിന്‍ സിഗരറ്റ്… മെയ്ഡ് ഇന്‍ ജപ്പാന്‍. അപ്പോള്‍ ആള് ജപ്പാനായി. ഇപ്പോള്‍ നാടനാണ് ഫാഷന്‍. നാടന്‍ മോരിന്‍ വെള്ളം, നാടന്‍ കരിക്കിന്‍ വെള്ളം, നാടന്‍ ഊണ്‍, നാടന്‍ തേന്‍, എന്തിന് നാടന്‍ ബ്രോയിലര്‍ കോഴികള്‍ വരെ സുലഭം! നാടന്‍ കുഴിമന്തിവരെ വെക്കുന്നവരുണ്ട് നമ്മുടെ നഗരങ്ങളില്‍. ഷവര്‍മയും കബ്‌സയുമൊക്കെ തനി നാടന്‍ തന്നെ… നാടന്‍ തട്ടുകട, നാടന്‍ കരിക്കിന്‍ വെള്ളം എന്നൊക്കെ നഗരങ്ങളില്‍ എഴുതി വെച്ചാല്‍ മനസ്സിലാക്കാം. പക്ഷേ, കുഗ്രാമങ്ങളിലെ ഉണങ്ങിയ ചായപ്പീടികയില്‍ വരെ ‘നാടന്‍ ഊണ്‍ തയ്യാറാ’ക്കുന്നതിന്റെ ഗുട്ടന്‍സ് പിടി കിട്ടുന്നേയില്ല.
എന്താണീ കുന്തം? എന്താണിത് കൊണ്ട് ബോര്‍ഡ് എഴുതിയവര്‍ ഉദ്ദേശിക്കുന്നത്? ഇതിലെ രുചിക്കൂട്ടുകള്‍ നാടനാണെന്നോ? അല്ലെങ്കില്‍ നാടന്‍ ശൈലിയില്‍ പാചകം ചെയ്തതെന്നോ? കഥയില്‍ ചോദ്യമില്ല. പരസ്യത്തിലും. ചിലര്‍ ഒന്നുകൂടി രുചി കൂട്ടാന്‍ നാടനു മുമ്പെ ‘നല്ല’തോ ‘തനി’യോ ചേര്‍ക്കാറുണ്ട്. അങ്ങനെയവര്‍ നല്ല തനി നാടന്‍ കപ്പവരെ വിളമ്പുന്നു. നാടനും വിദേശിയും പണ്ടൊക്കെ കള്ള് ഷാപ്പിലായിരുന്നു. ഇപ്പോള്‍ എല്ലായിടത്തും…. അതെങ്ങനെ നാടനാകുന്നു എന്നോ എന്താണീ സാധനമെന്നോ അറിയില്ല. ‘എറച്ചി പോത്താ’ എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരമുണ്ടല്ലോ ‘നിങ്ങള്‍ പോത്താണെങ്കില് വാങ്ങ്യാമതി’. അത്രയേ ഉള്ളൂ ‘നേന്ത്രന്‍ നാടനാ’ എന്നതിനുള്ള മറുപടിയിലും.
ഈ നാടന്‍ പ്രേമം കൊടുമ്പിരിക്കൊള്ളുമ്പോള്‍ തന്നെ മറുനാടന്‍ സാധനങ്ങളുടെ പറുദീസയുമാണ് നമ്മുടെ നാട്. മറുനാടനുണ്ടാകുമ്പോഴാണല്ലോ നാടന്റെ പ്രസക്തി. പച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ നിന്ന്, അരി ആന്ധ്രയില്‍ നിന്ന്. ബാക്കിയെല്ലാം ചൈനയില്‍ നിന്ന്. ചൈനയുടെ സാധനമെന്ന് പറഞ്ഞാല്‍ ആള് മുഖം കറുപ്പിക്കും. ചീപ്പ് റൈറ്റ് കണ്ടാലോ വാങ്ങിക്കൊണ്ടുപോകുകയും ചെയ്യും.
ഈ നാടന്‍/മറുനാടന്‍ ബഹളങ്ങള്‍ നടമാടുന്നതിനിടയിലാണ് വ്യാജ മുട്ടയെന്ന് ആരോ വിളിച്ചുകൂവിയത്. ആളെ സുയ്പ്പാക്കുന്ന ഏതോ കോയിപ്പേന്‍ ആയിരിക്കും. പാലും മുട്ടയും നല്ല കോമ്പിനേഷന്‍ ആണല്ലോ. മുന്തിയ ആഭിജാത്യ ഭക്ഷണം. എല്ലാവരും ശരിക്കും ഞെട്ടി. നാടന്‍ എന്നത് പറയാന്‍ ഇഷ്ടമാണെങ്കിലും മിക്ക വീടുകളിലും കോഴിയെ പോറ്റാറില്ല. അതൊക്കെ എടങ്ങേറ് പിടിച്ച പണിയാണ്. അടുത്ത കടയില്‍ ചെന്നാല്‍, അട്ടിവെച്ച മുട്ടകള്‍ യഥേഷ്ടം.
ചൈനയില്‍ നിന്നെന്നാണ് പറഞ്ഞത്. ഒര്‍ജിനല്‍ എന്നതിന് വിപരീതപദമായി ചൈന എന്ന് ഉത്തരമെഴുതിയ വിരുതന്മാരാണല്ലോ നമ്മുടെ കുട്ടികള്‍. അപ്പോള്‍ പിന്നെ സംശയിക്കാനെന്ത്? വ്യാജ മുട്ടയുണ്ടാക്കുന്ന വീഡിയോ പ്രചരിച്ചതോടെ പറയുകയും വേണ്ട.
എല്ലാം കയറ്റിവിടാവുന്ന നാടാണ് നമ്മുടേത് എന്നാണ് എല്ലാവരും കരുതുന്നത്. നമ്മളും നമ്മളെക്കുറിച്ച് അങ്ങനെ കരുതുന്നു. അതുകൊണ്ട് എല്ലാവരും വിശ്വസിച്ചു. വാര്‍ത്തകള്‍ കൊഴുത്തു. ‘കടയില്‍ നിന്ന് മുട്ട വാങ്ങിക്കഴിക്കുന്ന ആളാണോ നിങ്ങള്‍, എങ്കില്‍ കരുതിയിരിക്കുക. ഇഞ്ചിഞ്ചായി കൊല്ലുന്ന വ്യാജമുട്ട ഇതാ നിങ്ങളുടെ മുന്നില്‍.’ ഫീച്ചറെഴുത്തുകാര്‍ പുരപ്പുറത്ത് കയറി. കടകളില്‍ നിന്ന് ഓംലറ്റും ബുള്‍സ് ഐയുമെല്ലാം വെട്ടി വിഴുങ്ങുന്നവര്‍ ബേജാറായി. ചൈന കഴിഞ്ഞാല്‍ നമുക്ക് പേടിയുള്ളത് തമിഴ്‌നാടിനെയാണ്. ചൈനീസ് മുട്ട തമിഴ്‌നാട്ടില്‍ നിന്നാണ് വരുന്നതെന്ന് കൂടി വന്നതോടെ പാമ്പുകടിയേറ്റ പോലെയായി.
സ്ഥിരം കഴിച്ചാല്‍ മരണം ഉറപ്പാണെന്നും മുട്ടയുടെ അഞ്ചിലൊന്ന് ചെലവ് മാത്രമാണ് ഇത്തരം മുട്ടകള്‍ക്ക് വേണ്ടിവരുന്നതെന്നും ചിലര്‍ വെച്ചു കാച്ചി. എങ്ങനെ തിരിച്ചറിയാം എന്ന് കുറിപ്പെഴുതി. കോഴിയുമായി ഒരു ബന്ധവുമില്ലാത്തതാണ്; റേസിന്‍, സോഡിയം, ആല്‍ഗിനേറ്റ്, ആര്‍ഗനിക് ആസിഡ്, കൃത്രിമ നിറങ്ങള്‍, കാല്‍സ്യം കാര്‍ബണേറ്റ്, ജിപ്‌സം, മെഴുക് തുടങ്ങിയവയാണ് മുട്ട നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെന്ന് വിശദീകരണം വന്നു.
ചീമുട്ടയേറണല്ലോ മുട്ടയുടെ മറ്റൊരു പ്രധാന ഉപയോഗം. ഇതിന് വ്യാജമുട്ട കൊള്ളുമോ എന്നായി ചിലരുടെ ആകാംക്ഷ. രാസവസ്തുക്കളായതിനാല്‍ ചീയുമോ എന്ന ആധി.
ആരോഗ്യ വകുപ്പ് അന്വേഷിക്കാന്‍ ഉത്തരവിട്ടു. അതോടെ മുട്ട പൊട്ടി. വ്യാജന്‍ മുട്ടയല്ല, ആ പ്രചാരണമാണത്രേ. ഇനി ഏതായാലും മുട്ടബിരിയാണിയും രണ്ട് ഡബിളും ഒരു ബുള്‍സ് ഐയുമൊക്കെ ഓര്‍ഡര്‍ ചെയ്യാം പയ്യന്‍സിന്. അപ്പോഴും ചോദ്യം ബാക്കി നില്‍ക്കുന്നു; ചൈനീസ് മുട്ട വ്യാജമായിരിക്കാം. എന്നാല്‍, പുറത്ത് നിന്ന് വരുന്ന ഈ മുട്ട തനി പച്ചപ്പരിശുദ്ധമാണോ?
മറ്റൊരു കാര്യം ഇതില്‍ നിന്ന് വ്യക്തമായത്; വ്യാജ ഭക്ഷ്യവസ്തുക്കളെക്കുറിച്ചുള്ള ഏത് കിംവദന്തിയും വിശ്വസിക്കാന്‍ പാകത്തിലായിട്ടുണ്ട് നമ്മുടെ സമൂഹം. അതിന് കാരണം, അത്രയും വ്യാജമായിട്ടുണ്ട് നമ്മുടെ ഭക്ഷ്യവസ്തുക്കളെന്ന ബോധ്യമായിരിക്കാം. അല്ലെങ്കില്‍ വ്യാജനെക്കുറിച്ചുള്ള ആശങ്കയായിരിക്കാം.