Connect with us

Malappuram

യുവ പണ്ഡിതന്റെ വേര്‍പാട് നാടിന്റെ തേങ്ങലായി

Published

|

Last Updated

തിരൂര്‍: മുഹറം 10 ന് എടരിക്കോട് ക്ലാരി മൂച്ചിക്കലില്‍ വെച്ചുണ്ടായ ബൈക്കപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തെക്കേ കൂട്ടായി പൊന്നാക്കടവത്ത് ചെറിയാകുട്ടിയുടെ മകന്‍ യൂസുഫ് സഖാഫി (27)യുടെ വേര്‍പാട് നാടിനെ കണ്ണീരിലായ്ത്തി. സുന്നി സംഘടനാ രംഗത്തെ സജീവ സാന്നിധ്യവും കൂട്ടായി പഴയ ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറിയുമായിരുന്ന യുവ പണ്ഡിതന്റെ വിയോഗം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇപ്പോഴുംവിശ്വസിക്കാനാവുന്നില്ല.
പ്രിയ സുഹൃത്തിനെ അവസാനമായി ഒന്ന് കാണുവാന്‍ നാടിന്റെ നാനാഭാഗത്ത് നിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച വൈകിട്ടായിരുന്നു മരണം സംഭവിച്ചത്.
എസ് വൈ എസ് സൗത്ത് കൂട്ടായി യൂണിറ്റ് സെക്രട്ടറിയായിരുന്ന യൂസുഫ് സഖാഫി എസ് എസ് എഫ് കൂട്ടായി സെക്ടര്‍ സെക്രട്ടറി, തിരൂര്‍ ഡിവിഷന്‍ പ്രവര്‍ത്തക സമിതി എന്നീ തലങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. പ്രഭാഷകനും മികച്ച സംഘാടകനുമായിരുന്ന അദ്ദേഹം ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു. മാതാവ്: റുഖിയ. ഭാര്യ: സൂന. ഒരു വയസ് പ്രായമുള്ള യുസ്‌റ ഫാത്തിമ ഏക മകളാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ബൗധിക ശരീരം കൂട്ടായി നെച്ചിക്കാട്ടില്‍ മഖാമിന് ചാരത്തായി പഴയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തി സുന്നിയ്യയില്‍ വെച്ച് നടന്ന ജനാസ നിസ്‌ക്കാരത്തിന് കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാരും പഴയ പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളും നേതൃത്വം നല്‍കി. വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി, സയ്യിദ് ഹസന്‍ ബുഖാരി വാരണാക്കര, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, എം.പി കുഞ്ഞാപ്പ ഫൈസി, ഫഖറുദ്ധീന്‍ സഖാഫി, അഹമ്മദ് മുഹയുദ്ധീന്‍ മുസ്ലിയാര്‍, അബ്ദുസ്സമദ് മുട്ടന്നൂര്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.